കൈനകരി ജയേഷ് വധക്കേസില്‍ മൂന്നുപേര്‍ക്ക് ജീവപര്യന്തം; പ്രോസിക്യൂട്ടറെ കൊല്ലുമെന്ന് പ്രതികള്‍

കൊല്ലപ്പെട്ട ജയേഷ്.
കൊല്ലപ്പെട്ട ജയേഷ്.

ആലപ്പുഴ: കൈനകരി ജയേഷ് വധക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. രണ്ട് പ്രതികളെ രണ്ട് വര്‍ഷം തടവിനും ശിക്ഷിച്ചു. ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്. അതിനിടെ, ശിക്ഷാവിധിക്ക് പിന്നാലെ കോടതിയില്‍ നാടകീയരംഗങ്ങളും അരങ്ങേറി. വിധിപ്രസ്താവം കേട്ട പ്രതികള്‍ പ്രോസിക്യൂഷന് നേരേ വധഭീഷണി മുഴക്കി. പ്രോസിക്യൂട്ടറെ കൊല്ലുമെന്നായിരുന്നു ഭീഷണി. പോലീസുകാരെയും പ്രതികള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കൂടുതല്‍ പോലീസെത്തിയാണ് പ്രതികളെ കനത്ത സുരക്ഷയില്‍ പുറത്തേക്ക് കൊണ്ടുപോയത്. 

പോലീസ് വാഹനത്തില്‍ കയറുന്നതിന് മുമ്പും പ്രതികള്‍ അസഭ്യവര്‍ഷം നടത്തി. മാധ്യമപ്രവര്‍ത്തകര്‍ ചിത്രങ്ങള്‍ പകര്‍ത്തുമ്പോളായിരുന്നു പ്രതികളുടെ അസഭ്യവര്‍ഷം. ഇതിനിടെ, നല്ല ചിത്രങ്ങള്‍ എടുക്കണമെന്ന് പ്രതികളിലൊരാള്‍ വിളിച്ചുപറയുകയും ചെയ്തു. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൈനകരി ജയേഷ് വധക്കേസില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. രണ്ടുമുതല്‍ നാലുവരെ പ്രതികളായ ആര്യാട് കോമളപുരം കട്ടിക്കാട്ട് സാജന്‍ (31), കോമളപുരം പുതുവെല്‍വെളി നന്ദു (26), കൈനകരി ആറ്റുവാത്തല അത്തിതറ ജനീഷ് (38), ഒന്‍പതാം പ്രതി കൈനകരി തോട്ടുവാത്തല മമ്മൂട്ടിച്ചിറ സന്തോഷ് (38), പത്താം പ്രതി കൈനകരി മമ്മൂട്ടിച്ചിറ കുഞ്ഞുമോന്‍ (61) എന്നിവരാണിവര്‍. 

കേസിലെ ഒന്നാംപ്രതിയും ഗുണ്ടാനേതാവുമായ കൈനകരി ആറ്റുവാത്തല കുന്നുതറ അഭിലാഷ് (പുന്നമട അഭിലാഷ് -32) കേസിന്റെ വിചാരണയ്ക്കിടയില്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ചുമുതല്‍ എട്ടുവരെ പ്രതികളായ കൈനകരി മമ്മൂട്ടിച്ചിറ സബിന്‍കുമാര്‍ (40), കൈനകരി തോട്ടുവാത്തല ചെമ്മങ്ങാട്ടുവീട്ടില്‍ ഉല്ലാസ് (36), തോട്ടുവാത്തല മംഗലശ്ശേരിയില്‍ വിനീത് (സായിപ്പ്-36), ആറ്റുവാത്തല പുത്തന്‍പറമ്പ് വീട്ടില്‍ പുരുഷോത്തമന്‍ (70) എന്നിവരെ കോടതി വെറുതെവിടുകയും ചെയ്തു. 

2014 മാര്‍ച്ച് 28-നു രാത്രിയിലാണ് ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെ തുടര്‍ന്ന് കൈനകരി 11-ാം വാര്‍ഡില്‍ ജയേഷ് ഭവനത്തില്‍ ജയേഷിനെ(26) വെട്ടിക്കൊലപ്പെടുത്തിയത്. 

ഒന്നാം പ്രതിയായ പുന്നമട അഭിലാഷിനെ 2013 ഒക്ടോബറില്‍ കൈനകരി ഗുരുമന്ദിരത്തിനു സമീപംവെച്ച് കൊല്ലപ്പെട്ട ജയേഷ് കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഒന്‍പതാം പ്രതി സന്തോഷിന്റെ വീട്ടുകാരും ജയേഷും തമ്മില്‍ 2014 ഫെബ്രുവരിയില്‍ കൊയ്ത്തുയന്ത്രമിറക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം സംഘട്ടനത്തിലെത്തിയിരുന്നു. ഈ സംഭവങ്ങളിലെ വൈരാഗ്യത്തെത്തുടര്‍ന്ന് അഭിലാഷ്, സാജന്‍, നന്ദു, ജനീഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജയേഷിന്റെ വീടു തല്ലിപ്പൊളിച്ചു. അക്രമികളെ കണ്ട് ഭയന്നോടിയ ജയേഷിനെ വീടിനു പടിഞ്ഞാറുള്ള വയലിലിട്ടു വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

രണ്ടുമുതല്‍ നാലുവരെ പ്രതികളായ സാജന്‍, നന്ദു, ജനീഷ് എന്നിവര്‍ക്കെതിരേയാണ് കൊലപാതകക്കുറ്റം തെളിഞ്ഞിട്ടുള്ളത്. ഇവര്‍ക്കെതിരേ മറ്റു പല കേസുകളും നിലവിലുണ്ട്. ഒന്‍പതാം പ്രതി സന്തോഷിനെതിരേയും പത്താം പ്രതി കുഞ്ഞുമോനെതിരേയും തെളിവു നശിപ്പിക്കല്‍ കുറ്റമാണ് തെളിഞ്ഞിട്ടുള്ളത്.

ജയേഷിനെ അച്ഛന്റെയും അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ടാണ് ആക്രമിച്ചത്. ഇവരുടെ മൊഴി നിര്‍ണായകമായി. നെടുമുടി പോലീസ് അന്വേഷിച്ച കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിച്ചു. 60 രേഖകളും 12 തൊണ്ടിസാധനങ്ങളും തെളിവാക്കി. 

Content Highlights: alappuzha kainakari jayesh murder case verdict 

Content Highlights: