അന്ന് സ്‌കൂളിലെ ഒന്നാം റാങ്കുകാരന്‍, തലയ്ക്കടിച്ചും കുത്തിയും കൊന്നത് നാലുപേരെ; എല്ലാം ലഹരിക്കായി
സേലം: തമിഴ്‌നാട്ടില്‍ ഭിക്ഷക്കാരെയടക്കം നാലുപേരെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഡിണ്ടിഗല്‍ സ്വദേശിയായ എം.ആണ്ടിസാമി(20)യെയാണ് സേലം പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വേളാങ്കണ്ണി, സേലം എന്നിവിടങ്ങളിലായാണ് ഇയാള്‍ നാലുപേരെ കൊലപ്പെടുത്തിയത്.
ലഹരിക്ക് അടിമയായ യുവാവ് കഞ്ചാവിനുള്ള പണത്തിന് വേണ്ടി കൊലപാതകങ്ങള്‍ നടത്തിയെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ഡിസംബറിലായിരുന്നു ആദ്യ കൊലപാതകം. വേളാങ്കണ്ണിയില്‍ ഒരു ഭിക്ഷക്കാരനെ കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് അന്ന് കൊലപ്പെടുത്തിയത്. ഈ സംഭവത്തില്‍ പോലീസ് പിടിയിലാകുമെന്ന് ഭയന്ന ആണ്ടിസാമി പിന്നീട് സേലത്തെത്തി.
സേലം നഗരത്തില്‍ മൂന്നുപേരെയാണ് ഇയാള്‍ വ്യത്യസ്ത ദിവസങ്ങളിലായി കൊലപ്പെടുത്തിയത്. ഫെബ്രുവരി ഒന്നിന് നഗരത്തില്‍ ഭിക്ഷ യാചിച്ചിരുന്ന 45 വയസ്സുകാരനെ കൊലപ്പെടുത്തി. തൊട്ടടുത്ത ദിവസങ്ങളില്‍ മറ്റൊരു ഭിക്ഷക്കാരനെയും ഒരു സെക്യൂരിറ്റി ജീവനക്കാരനെയും കുത്തിക്കൊന്നു. നഗരത്തിലെ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തുവെച്ചാണ് 85 വയസ്സുകാരനായ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയത്.
തുടര്‍ച്ചയായ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കൊലപാതകങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കിയ പോലീസിന് ഇതിന്റെ പിന്നില്‍ ഒരാള്‍ തന്നെയാണെന്ന് മനസിലായിരുന്നു. തുടര്‍ന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. സെന്തിലിന്റെ നേതൃത്വത്തില്‍ 16 സംഘങ്ങളായി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇതിനിടെ ചില സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്.
സ്‌കൂള്‍ പഠനകാലത്ത് മികച്ച പഠനനിലവാരം പുലര്‍ത്തിയിരുന്ന വിദ്യാര്‍ഥിയായിരുന്നു ആണ്ടിസാമിയെന്ന് പോലീസ് പറഞ്ഞു. 2014-ലെ പത്താം ക്ലാസ് പരീക്ഷയില്‍ സ്‌കൂളിലെ ഒന്നാംസ്ഥാനക്കാരനുമായിരുന്നു. എന്നാല്‍ പത്താംക്ലാസിന് ശേഷം കുടുംബത്തിലെ ദാരിദ്ര്യം കാരണം തുടര്‍പഠനം മുടങ്ങി. തുടര്‍ന്ന് ചെറിയ ജോലികള്‍ ചെയ്തുവന്നിരുന്ന ഇയാള്‍ പതിയെ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാന്‍ തുടങ്ങുകയും അതിന് അടിമപ്പെടുകയുമായിരുന്നു. കഞ്ചാവ് വാങ്ങാനായി പണം നല്‍കാത്തതിന് അമ്മയെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് നാടുവിട്ട് നാഗപട്ടണം, വേളാങ്കണ്ണി ഭാഗത്തെത്തിയത്.
Content Highlights: 20 year old man arrested in salem on serial killings
Content Highlights: