ലൈവ് സ്ട്രീമിങ്ങിനിടെ സ്ത്രീകളെ അപമാനിച്ച കേസ്; യൂട്യൂബർ തൊപ്പിയുടെ കൂട്ടാളി മുഹമ്മദ് ഷമീർ അറസ്റ്റിൽ

കണ്ണൂർ: സാമൂഹികമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച കേസിൽ യൂട്യൂബർ തൊപ്പിയുടെ കൂട്ടാളിയും മിസ്റ്റർ ഷമീർ യൂട്യൂബ് ചാനൽ ഉടമയുമായ കണ്ണൂർ അഴീക്കോട് സ്വദേശി മുഹമ്മദ് ഷമീർ അറസ്റ്റിൽ. കണ്ണൂരിലെ വളപട്ടണത്തുവെച്ച് മഞ്ചേരി പോലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തൊപ്പി എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാദ് എന്ന വ്ളോഗറുടെ അടുത്ത സുഹൃത്താണ് പിടിയിലായ ഷമീർ.
മാസങ്ങൾക്കുമുൻപ് മഞ്ചേരി പോലീസ് രജിസ്റ്റർചെയ്ത കേസിലാണ് ഇപ്പോഴത്തെ നടപടി. തൊപ്പിയും നാല് സുഹൃത്തുക്കളും ചേർന്ന് നടത്തിയ ലൈവ് സ്ട്രീമിങ്ങിനിടെ, മിസ്റ്റർ ഷമീർ എന്ന യൂട്യൂബ് അക്കൗണ്ട് വഴി പങ്കുവെച്ച വീഡിയോയിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയെന്ന് കാണിച്ച് മഞ്ചേരി സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
കേസിൽ ആകെ നാലു പ്രതികളാണുള്ളത്. തൊപ്പിയും മമ്മു എന്നറിയപ്പെടുന്ന മുവാദും നേരത്തേതന്നെ അറസ്റ്റിലായിരുന്നു. ഇനി ഒരാൾക്കൂടി ഈ കേസിൽ പ്രതിയായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.