സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്
രാജൻ ജോസഫ്, ശ്രീനാദേവി കുഞ്ഞമ്മ | Photo: facebook/ @RajanJoseph, sreenadevig
രാജൻ ജോസഫ്, ശ്രീനാദേവി കുഞ്ഞമ്മ | Photo: facebook/ @RajanJoseph, sreenadevig

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന കേസിൽ യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ. അടൂർ പോലീസ് എറണാകുളത്തുനിന്നാണ് ഇയാളെ പിടികൂടിയത്. കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം രാജൻ ജോസഫിനെതിരേ കേസെടുത്തിരുന്നു. കഴിഞ്ഞദിവസം രാത്രിയോടെയാണ് ഇയാളെ പോലീസ് പിടികൂടിയത്.

തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ യൂട്യൂബിലൂടെ വീഡിയോ ചെയ്തുവെന്ന് കാണിച്ചാണ് ശ്രീനാദേവി കുഞ്ഞമ്മ പോലീസിൽ പരാതി നൽകിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇയാൾക്കെതിരേ പോലീസ് കേസെടുത്തു. പോലീസ് സ്റ്റേഷനിൽ എത്താനോ ഹാജരാകാനോ രാജൻ ജോസഫ് തയ്യാറായിരുന്നില്ല. തുടർന്നാണ് കഴിഞ്ഞദിവസം രാത്രി എറണാകുളത്തുവെച്ച് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ന് അടൂരിൽ എത്തിച്ച് തുടർനടപടികൾ പൂർത്തിയാക്കും.

രാജൻ ജോസഫിനെ ലോക്കപ്പിൽ ചെന്ന് സന്ദർശിച്ചുവെന്ന് ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. "എന്നെ അറസ്റ്റു ചെയ്യൂ" എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്ന രാജനെ അടൂർ പോലീസ് ഇന്നലെ വൈകുന്നേരം എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തുവെന്നും ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കിൽ കുറിച്ചു.

ശ്രീനാദേവി കുഞ്ഞമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:

അവിഹിതകഥകൾ സൃഷ്ടിച്ച് വീഡിയോകളാക്കി ദുഷിച്ച നാവിലൂടെ അത് സാമൂഹികമാധ്യമങ്ങളിൽ വിറ്റ് വരുമാനം നേടി അതേ വായ കൊണ്ട് ഭക്ഷിച്ചുകൊണ്ടിരുന്ന യൂട്യൂബ് മാലിന്യം രാജൻ അറസ്റ്റിലായി.

"എന്നെ അറസ്റ്റു ചെയ്യൂ" എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്ന രാജനെ അടൂർ പോലീസ് ഇന്നലെ വൈകുന്നേരം എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി 10.30-ന് അടൂർ പോലീസ് സ്റ്റേഷനിൽ എത്തി ഞാൻ ആ മാലിന്യത്തെ നേരിട്ട് കണ്ടു. ക്ലോസറ്റ് സൗകര്യമുള്ള ലോക്കപ്പ് മുറിയിൽ സമാനമായ വായോടുകൂടി ജീവിക്കുന്ന ടിയാൻ നിലത്ത് ഇരിപ്പുണ്ടായിരുന്നു. രണ്ട് വാക്കുകൾ സംസാരിച്ചു, പരിചയപ്പെട്ടു, ഞാൻ തിരികെപ്പോന്നു.

ഇന്നലെ ലോക്കപ്പിൽ നിലത്ത് കിടന്ന് ഉറങ്ങി എന്നറിയുന്നു. ഉറക്കം സുഖമായിരുന്നു എന്നുറപ്പാക്കിയിരുന്നു. അടൂരിൽ എന്ത് സുഖക്കുറവ് ഉണ്ടെങ്കിലും പരിഹരിക്കും. പത്തനംതിട്ട ബോർഡർ കടന്നാൽ രാജന്റെ സുഖകരമായ അക്കമഡേഷൻ ഞങ്ങൾ ഉറപ്പിക്കുന്നതായിരിക്കും. ഉറപ്പിക്കുകയും ചെയ്തു.

Content Highlights: YouTuber Rajan Joseph arrested by Adoor police from Ernakulam., Case filed under non-bailable sections for social media defamation., Complaint lodged by Congress District Panchayat member Sreenadevi Kunjamma., The accused was absconding before being apprehended by police.