യൂട്യൂബറെ അറസ്റ്റുചെയ്തു, രാത്രി പോലീസ് സ്റ്റേഷനുമുന്നിൽ സംഘർഷം; പോലീസുകാരന് പരിക്ക്

#ന്യൂസ് ഡെസ്ക്

അടൂർ: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവിക്കുഞ്ഞമ്മയുടെ പരാതിയിൽ യൂട്യൂബർ അറസ്റ്റിൽ. മഞ്ചേരി കൂമംകുളം തൃക്കലങ്ങോട് പുള്ളൂർ വീട്ടിൽ രാജൻ ജോസഫ് (48)നെയാണ് അടൂർ പോലീസ് കൊച്ചിയിൽനിന്ന് അറസ്റ്റുചെയ്തത്. രാജൻ ജോസഫിനെ കൊണ്ടുവന്ന പോലീസ് വാഹനം യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ അടൂർ സ്റ്റേഷൻ കവാടത്തിൽ തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇയാളെ മർദിക്കാൻ ശ്രമിച്ചത് തടഞ്ഞ നിധിൻ എന്ന പോലീസുകാരന്റെ ചുണ്ടിന് പരിക്കേറ്റു.

ശനിയാഴ്ചരാത്രി പത്തിനാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. കൊച്ചിയിൽനിന്ന് കസ്റ്റഡിയിൽ എടുത്ത രാജൻ ജോസഫുമായി എത്തുമ്പോൾ അടൂർ ഡിവൈ.എസ്.പി. ഓഫീസിനു സമീപമുള്ള കവാടത്തിൽ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ തടയുകയായിരുന്നു. തുടർന്ന് വാഹനത്തിനുള്ളിൽ ഇരുന്ന രാജൻ ജോസഫിനെ പ്രവർത്തകർ കൈയേറ്റംചെയ്യാൻ ശ്രമിച്ചു. കൂടുതൽ പോലീസ് എത്തി പ്രവർത്തകരെ മാറ്റിയശേഷമാണ് വാഹനം സ്റ്റേഷനിലേക്ക് എത്തിച്ചത്. പരിക്കേറ്റ പോലീസുകാരൻ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പോലീസുകാരനെ മർദിച്ചതിന് കണ്ടാൽ അറിയാവുന്ന ഇരുപതോളം പേർക്കെതിരേ അടൂർ പോലീസ് കേസെടുത്തു

ജൂൺ നാലിനാണ് ശ്രീനാദേവിയുടെ പരാതിയിൽ കേസ് രജിസ്റ്റർചെയ്തത്. 2025 ഒക്ടോബറിൽ ശ്രീനാദേവിയെക്കുറിച്ചുള്ള ഒട്ടേറെ വീഡിയോകൾ രാജൻ ജോസഫ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുചെയ്തിരുന്നു. അന്ന് അടൂർ പോലീസിൽ പരാതി നൽകി. തുടർന്ന് എഫ്.ഐ.ആർ. ഇട്ടെങ്കിലും തുടർനടപടി ഉണ്ടായില്ല. 2026 ജൂണിലും സമാനരീതിയിൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുചെയ്തു. ഇതോടെയാണ്, ശ്രീനാദേവി വീണ്ടും പരാതിയുമായി പോലീസിനെ സമീപിച്ചത്.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോകൾ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർചെയ്തത്. ഇയാൾക്കെതിരേ മറ്റ് പോലീസ്സ്റ്റേഷനുകളിൽ വേറെയും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് അടൂർ പോലീസ് പറഞ്ഞു. ഞായറാഴ്ച അടൂർ കോടതിയിൽ ഹാജരാക്കിയ രാജൻ ജോസഫിന് ജാമ്യംലഭിച്ചു.

Content Highlights: YouTuber Rajan Joseph arrested for defaming a District Panchayat member., Incident involves persistent harassment via social media videos between 2025 and 2026., Youth Congress workers staged a protest at Adoor police station during the arrest process., A police officer sustained injuries during the confrontation., Accused was granted bail by the Adoor court.