23-കാരനെ തായ്‌ലാൻഡിൽ കൊണ്ടുപോയത് 21-കാരി; തിരിച്ചെത്തിയത് 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി

പ്രതീകാത്മക ചിത്രം, തിരുവനന്തപുരം വിമാനത്താവളത്തിൽ വിദ്യാർഥികളിൽനിന്നു പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ്
പ്രതീകാത്മക ചിത്രം, തിരുവനന്തപുരം വിമാനത്താവളത്തിൽ വിദ്യാർഥികളിൽനിന്നു പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ്

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്തിൽ വന്ന മലയാളികളായ യുവതീയുവാക്കൾ പത്തുകോടിയിലേറെ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി കസ്റ്റംസിന്റെ വലയിൽ. മലപ്പുറം സ്വദേശികളായ ഷഹീദ്(23), ഷഹാന(21) എന്നിവരാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായത്. ബെംഗളൂരുവിൽ വിദ്യാർഥികളാണ് ഇരുവരും. ഭക്ഷണപ്പൊതികളിൽ ഒളിപ്പിച്ചുവെച്ച്‌ കടത്താൻ ശ്രമിച്ച 10.06 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്.

ബാങ്കോക്കിൽനിന്ന്‌ സിങ്കപ്പൂർ വഴിയുള്ള സ്‌കൂട്ട് എയർലൈൻസിൽ ശനിയാഴ്ച രാത്രി പത്തരയോടെയാണ്‌ ഇവർ എത്തിയത്. ബെംഗളൂരുവിലെ പബ്ബിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നും അടുത്ത സുഹൃത്തുക്കളായതെന്നുമാണ് വിവരം. ഷഹാനയാണ് ഷഹീദിനെ തായ്‌ലാൻഡിൽ കൊണ്ടുപോയതെന്നും അന്വേഷണത്തിൽ വ്യക്തമായി.

യുവതി നേരത്തേയും ഇതുപോലെ പോയതായും പറയപ്പെടുന്നു. കഞ്ചാവ് കടത്തിയത് ഏതെങ്കിലും അന്താരാഷ്ട്ര ശൃംഖലയുടെ ഭാഗമാണോയെന്ന് അന്വേഷിച്ചുവരികയാണെന്ന് കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു. സാധാരണ കഞ്ചാവിനേക്കാൾ പത്തിരട്ടി വീര്യംകൂടിയതാണ് ഹൈബ്രിഡ് കഞ്ചാവ്. അതുകൊണ്ടുതന്നെ അന്താരാഷ്ട്രവിപണിയിൽ ഇതിനു വിലയേറും. ഇരുവരെയും ഞായറാഴ്ച രാത്രി കോടതിയിൽ ഹാജരാക്കി.

Content Highlights: Kerala Customs Seizes High-Value Hybrid Cannabis from students