വലിയ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍നിന്ന് 43 ലക്ഷം തട്ടിയെടുത്തു; യുവാവ് അറസ്റ്റില്‍

ആഷിക്
ആഷിക്

കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ വെങ്ങോല തണ്ടേക്കാട് ഭാഗത്ത് താമസിക്കുന്ന ഒന്നാം മൈല്‍ കരുമക്കാട്ട് വീട്ടില്‍ ആഷിക്കിനെ (27)യാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ വിവിധ ദിവസങ്ങളിലായി കാലടി നീലീശ്വരം സ്വദേശിയായ വീട്ടമ്മയില്‍നിന്ന് 43,87,000 രൂപയാണ് ഓണ്‍ലൈന്‍ ട്രേഡിങ് ബിസിനസിന്റെ മറവില്‍ തട്ടിപ്പുസംഘം കൈക്കലാക്കിയത്. വാട്ട്‌സ് ആപ്പ് വഴിയാണ് തട്ടിപ്പുസംഘം വീട്ടമ്മയെ പരിചയപ്പെട്ടത്. ഓണ്‍ലൈന്‍ ട്രേഡിങ് നടത്തി വലിയ ലാഭം നേടാമെന്ന് ഇവരെ വിശ്വസിപ്പിക്കുകയായിരുന്നു.

നാഷണല്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍നിന്ന് അയച്ചുകിട്ടിയ അക്‌നോളഡ്ജ് ട്രാന്‍സാക്ഷന്‍ ഡീറ്റൈയില്‍സ് പരിശോധിച്ചും പരാതിക്കാരിയുടെ അക്കൗണ്ടില്‍നിന്നുള്ള പണംകൈമാറ്റം പരിശോധിച്ചുമാണ് പ്രതിയെ പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍ ടി.മേപ്പിള്ളി, എസ്.ഐ സുധീര്‍, എ.എസ്.ഐ സെബാസ്റ്റ്യന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Content Highlights: youth arrested in online trading fraud