പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ കണ്ടു; യെമൻ സ്വദേശിക്ക് കോടതി പിരിയുന്നത് വരെ തടവ്

പ്രതീകാത്മക ചിത്രം | Photo: AP
പ്രതീകാത്മക ചിത്രം | Photo: AP

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീലവീഡിയോകൾ മൊബൈൽ ഫോണിൽ കൂടി കണ്ട വിദേശിക്ക് കോടതി പിരിയുന്നത് വരെ വെറുംതടവും പതിനായിരം രൂപ പിഴയും. യെമൻ സ്വദേശി അബ്ദുള്ള അലി അബ്ദോ അൽ ഹദാദിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖ ശിക്ഷിച്ചത്.

ഇത്തരം വീഡിയോകൾ 2020 ഡിസംബർ 27-ന് ഉച്ചയ്ക്ക് പ്രതി കണ്ടതായി സൈബർ സെല്ലിൽ വിവരം ലഭിച്ചു. തുടർന്ന് വഞ്ചിയൂർ പോലീസ് മൊബൈൽ പരിശോധിക്കുകയായിരുന്നു. പ്രതി ജോലി ചെയ്തിരുന്ന ഈഞ്ചയ്ക്കല്ലിലെ റസ്റ്റൊറന്റിൽ എത്തിയായിരുന്നു പരിശോധന. എന്നാൽ പരിശോധനയിൽ വീഡിയോകൾ കണ്ടെത്താൻ പോലീസിനായില്ല. തുടർന്ന് കേസ് എഴുതിത്തള്ളി.

പിന്നീട് ശാസ്ത്രീയ പരിശോധനയ്ക്കായി ഫോൺ ഫൊറൻസിക് ലാബിലേക്ക് അയച്ചു. പരിശോധനയിൽ പ്രതി ഫോണിൽ കണ്ട വീഡിയോകൾ വീണ്ടെടുത്തപ്പോൾ ഇതിൽ കുട്ടികളുടെ അശ്ലീല വീഡിയോകൾ കണ്ടതായ തെളിയുകയായിരുന്നു. ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് വീണ്ടും കേസെടുത്തു. വീഡിയോകളിൽ കാണുന്ന കുട്ടികളെ കണ്ടെത്താനാകാത്തതിനാൽ ഇവരുടെ പ്രായം തെളിയിക്കാൻ പറ്റാറില്ല. അതുകൊണ്ട് ഇത്തരം കേസുകൾ ശിക്ഷിക്കാറില്ല. എന്നാൽ കുട്ടികൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് പ്രോസിക്യൂഷൻ ശാസ്ത്രീയമായി തെളിയിച്ചതിനാലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ്  മോഹൻ ഹാജരായി. ഒമ്പത് സാക്ഷികളെ വിസ്തരിച്ചു.പതിനഞ്ച് രേഖകളും രണ്ട് തോണ്ടി മുതലുകളും ഹാജരാക്കി.

Content Highlights: A Yemeni national in Thiruvananthapuram sentence and fine for possessing child pornography