വിവാഹ ഷോപ്പിങ്ങിന് പോയ യുവതി ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍; സുഹൃത്തായ യുവാവ് ഒളിവില്‍

ഗാസിയാബാദ്: വിവാഹഷോപ്പിങ്ങിനായി വീട്ടില്‍നിന്ന് പോയ യുവതിയെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഹാപുര്‍ സ്വദേശിയായ ഷെഹ്‌സാദി(23)യെയാണ് ഗാസിയാബാദ് വേവ് സിറ്റിയിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ യുവതിയുടെ സുഹൃത്തായ അസറുദ്ദീനെതിരേ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. ഇയാള്‍ ഒളിവിലാണെന്നും തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
നവംബര്‍ 14-ന് ഷെഹ്‌സാദിയുടെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണമായ സംഭവമുണ്ടായത്. വിവാഹത്തിന്റെ ഭാഗമായുള്ള ഷോപ്പിങ്ങിനായാണ് ശനിയാഴ്ച ഹാപുരില്‍നിന്ന് യുവതി ഗാസിയാബാദിലേക്ക് പോയത്. എന്നാല്‍, പിറ്റേദിവസം രാവിലെ യുവതി മരിച്ചെന്ന വിവരമാണ് വീട്ടുകാര്‍ക്ക് ലഭിച്ചത്. സുഹൃത്തായ അസറുദ്ദീനാണ് യുവതിയുടെ സഹോദരനെ വിളിച്ച് വിവരമറിയിച്ചതെന്നും പോലീസ് പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് വരെ യുവതിയുമായി ഫോണില്‍ സംസാരിച്ചിരുന്നതായാണ് സഹോദരന്റെ പ്രതികരണം. ഞായറാഴ്ച രാവിലെയാണ് ഷെഹ്‌സാദി മരിച്ചെന്നവിവരം അസറുദ്ദീന്‍ അറിയിച്ചത്. ഉടന്‍തന്നെ വിവരം പോലീസിന് കൈമാറി. തുടര്‍ന്ന് ഹോട്ടല്‍മുറിയില്‍ എത്തിയപ്പോള്‍ സഹോദരിയുടെ മൃതദേഹമാണ് കണ്ടത്. വായില്‍നിന്ന് നുരയും പതയുംവന്ന നിലയിലാണ് മൃതദേഹം കണ്ടതെന്നും സമീപത്ത് ദുപ്പട്ടയുണ്ടായിരുന്നതായും സഹോദരന്‍ ഡാനിഷ് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ സുഹൃത്തായ അസറുദ്ദീനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. അസറുദ്ദീനൊപ്പമാണ് യുവതി ഹോട്ടല്‍മുറിയില്‍ എത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞ് ഇയാള്‍ പുറത്തുപോയി. മുറി പുറത്തുനിന്ന് പൂട്ടിയശേഷമാണ് ഇയാള്‍ ഹോട്ടലില്‍നിന്ന് പുറത്തേക്ക് പോയത്. ഇതിനുപിന്നാലെയാണ് യുവതിയുടെ സഹോദരനെ ഫോണില്‍ വിളിച്ച് വിവിവരമറിയിച്ചതെന്നും പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഒളിവില്‍പോയ യുവാവിനെ കണ്ടെത്താനായി മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം തുടരുകയാണ്.
Content Highlights: woman who went for her marriage shopping found dead in hotel room