തലയിടിച്ച പാട്, മുറിവുകൾ; കശുമാവിൻതോട്ടത്തിലെ കെട്ടിടത്തിൽ യുവതി മരിച്ചനിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

ഊരത്തൂരിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സ്ഥലത്ത് കണ്ണൂർ റൂറൽ പോലീസ് മേധാവി അനൂജ് പലിവാളിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു.
ഊരത്തൂരിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സ്ഥലത്ത് കണ്ണൂർ റൂറൽ പോലീസ് മേധാവി അനൂജ് പലിവാളിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു.

ഇരിക്കൂര്‍: ഭര്‍ത്താവിനൊപ്പം കശുവണ്ടിപെറുക്കല്‍ ജോലിക്ക് വയനാട്ടില്‍നിന്നെത്തിയ യുവതിയെ കശുമാവിന്‍തോട്ടിലെ കെട്ടിടത്തില്‍ മരിച്ചനിലയില്‍ കണ്ടത്തി. വയനാട് തലപ്പുഴ പെരിയ ഇരുമനത്തൂര്‍ കാരിമന്തം പണിയ ഉന്നതിയിലെ ആലാറ്റില്‍ രജനി (37) ആണ് മരിച്ചത്. ഭര്‍ത്താവ് ബാബുവിനെ ഇരിക്കൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

ബ്ലാത്തൂര്‍ സ്വദേശി ആഷിഖ് പാട്ടത്തിനെടുത്ത തോട്ടത്തില്‍ കശുവണ്ടി പെറുക്കാന്‍ വന്നവരായിരുന്നു. ചെങ്കല്ല് കൊത്തി ഒഴിവാക്കിയ ഊരത്തൂരിലെ പണയില്‍ കെട്ടിയ ഷെഡിലായിരുന്നു താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി മദ്യലഹരിയില്‍ ഭാര്യയുമായി വാക്കേറ്റമുണ്ടായതായി ഭര്‍ത്താവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതിനുശേഷം താന്‍ കിടന്നുറങ്ങിയെന്നും രാവിലെ ഭാര്യയെ മരിച്ചനിലയില്‍ കണ്ടെന്നുമാണ് ഭര്‍ത്താവ് ബാബു പറയുന്നത്.

സമീപത്തെ മുറിയില്‍ താമസിക്കുന്നത് ഇവരുടെ ബന്ധുവായ മിനിയാണ്. മിനിയും ഭര്‍ത്താവ് ബാബുവും ഇതേ തോട്ടത്തിലാണ് പണിയെടുക്കുന്നത്. രാത്രിയില്‍ നടന്ന വാക്കേറ്റത്തെപ്പറ്റി ഇവരും പോലീസിന് മൊഴി നല്‍കിയിരുന്നു. രജനിയുടെ മുഖത്തും ശരീരത്തില്‍ പലയിടത്തും മുറിവുകള്‍ കാണപ്പെട്ടതും സംശയമുയര്‍ത്തുന്നുണ്ട്. ഇവര്‍ക്ക് ഏഴ് മക്കളാണുള്ളത്. അതില്‍ അഞ്ചുപേര്‍ വയനാട്ടിലാണ്. രണ്ട് ചെറിയ കുട്ടികള്‍ ദമ്പതിമാര്‍ക്കൊപ്പം താമസിച്ചുവരികയാണ്.

കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനൂജ് പലിവാള്‍, ഇരിട്ടി ഡിവൈ.എസ്.പി. പി.കെ. ധനഞ്ജയ ബാബു, ഇരിക്കൂര്‍ എസ്.എച്ച്.ഒ. രാജേഷ് ആയോടന്‍ എന്നിവരും കണ്ണൂരില്‍നിന്നുള്ള വിരലടയാള വിദഗ്ധരും ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇരിക്കൂര്‍ എസ്.ഐ. ഷിബു എഫ്. പോള്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം തലപ്പുഴയിലേക്ക് കൊണ്ടുപോകും. കൂടെയുണ്ടായിരുന്ന മക്കളെ മറ്റ് ബന്ധുക്കള്‍ക്കൊപ്പം നാട്ടിലേക്ക് അയച്ചു. മക്കള്‍: ബബിത, സവിത, അഞ്ജലി, ബബീഷ്, രജീഷ്, രഞ്‌ജേഷ്, ബിജിന്‍ ബാബു.

തലയിടിച്ച പാട്, മുറിവുകൾ: യുവതിയുടെ മരണത്തിൽ ദുരൂഹത

ഇരിക്കൂർ: ഊരത്തൂരിലെ കശുമാവിൻതോട്ടത്തിലെ കെട്ടിടത്തിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. നിലത്ത് പായയിൽ കിടന്നനിലയിലായിരുന്നു മൃതദേഹം. തലയിടിച്ച പാടുകളും മുഖത്തും ശരീരത്തിലും പോറലുകളുമുള്ളതിനാൽ കൊലപാതകമാണോയെന്ന സംശയമുയർന്നിട്ടുണ്ട്.

ദുരൂഹതയുള്ളതിനാൽ ഭർത്താവിനെ ഇരിക്കൂർ എസ്.എച്ച്.ഒ. രാജേഷ് ആയോടൻ കസ്റ്റഡിയിലെടുത്തു. ബ്ലാത്തൂർ സ്വദേശി ആഷിഖ് പാട്ടത്തിനെടുത്ത തോട്ടത്തിൽ കശുവണ്ടി ശേഖരിക്കാനെത്തിയ ദമ്പതിമാർ മദ്യപിച്ച് വഴക്കിടുന്നത് പതിവാണെന്നാണ് തൊട്ടടുത്ത മുറിയിലുണ്ടായ ബന്ധുക്കൾ പറയുന്നത്. വയനാട്ടിലുള്ളപ്പോഴും രജനിയെ ഭർത്താവ് മദ്യപിച്ച് ഉപദ്രവിക്കാറുണ്ടെന്നും ഇവർ പറഞ്ഞു. ഞായറാഴ്ച രാത്രിയും ഇതേപോലെ വഴക്ക് നടന്നിരുന്നു. എന്നാൽ വഴക്കിന് ശേഷം താൻ കിടന്നുറങ്ങിയെന്നും രാവിലെ ഭാര്യയെ മരിച്ചനിലയിൽ കാണുകയായിരുന്നുവെന്നുമാണ് ഭർത്താവ് പോലീസിനോട് പറഞ്ഞത്.

ഖനനം നിർത്തിയ ചെങ്കൽ പണയിൽ നട്ടുവളർത്തിയ കശുമാവിൻ തോട്ടമാണ്‌ ഇവിടെയുള്ളത്. സമീപത്ത് മറ്റ് വീടുകളൊന്നുമില്ല. അതുകൊണ്ടുതന്നെ ഇവിടെ നടക്കുന്ന ബഹളങ്ങളൊന്നും നാട്ടുകാരും അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാവിലെ പോലീസ് വരുന്നത് കണ്ടാണ് നാട്ടുകാർ മരണവാർത്ത അറിയുന്നത്. ചൊവ്വാഴ്ച രാവിലെ പോസ്റ്റ്‌മോർട്ടം പൂർത്തിയായാൽ മാത്രമെ മരണകാരണം വ്യക്തമാകുകയുള്ളൂ. പഞ്ചായത്ത് പ്രസിഡൻറ് ബി. ഷംസുദ്ദീൻ, വൈസ് പ്രസിഡൻറ് ആർ. മിനി, പഞ്ചായത്തംഗം കെ. സുനിത എന്നിവരും സ്ഥലത്തെത്തി.

Content Highlights: Woman Found Dead in Cashew Plantation; Husband in Custody