‘ഇതുംകൂടി ചേർത്ത് പരാതികൊടുക്ക്’; ട്രെയിനിൽ ലൈംഗികാതിക്രമം എതിർത്ത യുവതിയെ മുഖത്തടിച്ചുവീഴ്ത്തി, അക്രമി അറസ്റ്റിൽ

തിരുവനന്തപുരം: ലൈംഗികാതിക്രമത്തെ എതിർത്ത ട്രെയിൻ യാത്രക്കാരിയെ യുവാവ് മുഖത്തടിച്ചുവീഴ്ത്തി. ബോധരഹിതയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വർക്കല വടശ്ശേരിക്കോണം ചീനിവിള വീട്ടിൽ കെ.എം. വിജേഷ് (39) എന്നയാളെ തിരുവനന്തപുരം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാവിലെ മലബാർ എക്സ്പ്രസിലെ യാത്രക്കാരിക്കു നേരേയാണ് ആക്രമണമുണ്ടായത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന ചിറയിൻകീഴ് സ്വദേശിനിയായ യുവതി ചിറയിൻകീഴിൽനിന്നാണ് മലബാർ എക്സ്പ്രസിൽ കയറിയത്. ജനറൽ കോച്ചിലായിരുന്നു യാത്ര.
െട്രയിനിലുണ്ടായിരുന്ന വിജേഷ് യാത്രയ്ക്കിടെ ലൈംഗിക ചേഷ്ടകൾ കാണിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. യുവതി ബഹളം െവച്ചപ്പോൾ സഹയാത്രികർ ഇടപെട്ടു. തുടർന്ന് ഇയാൾ യുവതിയുടെ അടുത്തുനിന്നു മാറിപ്പോയി. യുവതി പേട്ട റെയിൽവേ സ്റ്റേഷനിലിറങ്ങിയപ്പോൾ വിജേഷ് വീണ്ടും പിന്നാലെയെത്തി മോശമായി സംസാരിച്ചു.
ചോദ്യംചെയ്തപ്പോൾ മുഖത്തടിക്കുകയും മർദിക്കുകയുമായിരുന്നു. ബോധരഹിതയായി വീണ യുവതിയെ നാട്ടുകാർ ജനറൽ ആശുപത്രിയിലെത്തിച്ചു. റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് പ്രതിയെ തടഞ്ഞുെവക്കുകയും പോലീസിലേൽപ്പിക്കുകയുമായിരുന്നു.
മറ്റൊരു സൗമ്യയായേനെ - യുവതി
സഹയാത്രികരും നാട്ടുകാരും ഇടപെട്ടില്ലായിരുന്നുവെങ്കിൽ താൻ മറ്റൊരു സൗമ്യയായി മാറുമായിരുന്നുവെന്ന് അതിക്രമത്തിനിരയായ യുവതി പറഞ്ഞു. ട്രെയിനിൽ ശല്യമേറിയപ്പോൾ ബഹളം െവച്ചതിനെത്തുടർന്ന് സഹയാത്രക്കാർ ഇടപെട്ട് ഇയാളെ ഇവിടെനിന്നു മാറ്റി.
പേട്ടയിലെത്തിയപ്പോൾ ആദ്യം അയാളാണ് ട്രെയിനിൽനിന്നു പുറത്തിറങ്ങിയത്. ഞാൻ ഇറങ്ങിയപ്പോൾ വീണ്ടും മുന്നിലെത്തി അസഭ്യം പറഞ്ഞു. പോലീസിൽ പരാതി നൽകുമെന്നും എന്തിനാണ് ഇങ്ങനെ ശല്യംചെയ്യുന്നതെന്നും ചോദിച്ചു. അപ്പോൾ പ്ലാറ്റ്ഫോമിൽ െവച്ച് മർദിച്ചു.
ഇതുകൂടി ചേർത്ത് പരാതി നൽകൂവെന്നാണ് പറഞ്ഞത്. കൊല്ലാനായിരുന്നു അയാളുടെ ഉദ്ദേശ്യം. ട്രെയിനിൽ െവച്ചാണ് മർദനമേറ്റതെങ്കിൽ ഞാൻ ചിലപ്പോൾ മറ്റൊരു സൗമ്യയായേനെ - യുവതി പറഞ്ഞു.
യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടത് ശക്തമായ നടപടികൾ
ട്രെയിൻ യാത്രക്കാരായ സ്ത്രീകൾക്കുനേരെയുണ്ടാകുന്ന അതിക്രമങ്ങൾ ആശങ്കയുണ്ടാക്കുന്നു. 2011-ൽ പാലക്കാട് ട്രെയിനിൽ ക്രൂരപീഡനത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ടതിനുശേഷം ട്രെയിനുകളിലെ സുരക്ഷ വർധിപ്പിച്ചുവെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഇതൊന്നും പൂർണതോതിൽ പ്രാവർത്തികമായിട്ടില്ലെന്നാണ് ചൊവ്വാഴ്ച മലബാർ എക്സ്പ്രസിൽ നടന്ന സംഭവം വ്യക്തമാക്കുന്നത്.
അതേസമയം, സുരക്ഷയൊരുക്കേണ്ട റെയിൽവേ പോലീസ് രൂക്ഷമായ ആൾക്ഷാമവും നേരിടുന്നുണ്ട്. റെയിൽവേ സംരക്ഷണസേനയും സംസ്ഥാന പോലീസിന്റെ ഉപവിഭാഗമായ കേരള റെയിൽവേ പോലീസുമാണ് ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷ ഒരുക്കേണ്ടത്.
റെയിൽവേ വസ്തുവകകളുടെ സുരക്ഷയാണ് ആർ.പി.എഫ്. മുഖ്യമായും കൈകാര്യം ചെയ്യുന്നത്. എന്നാൽ യാത്രക്കാരുടെ സുരക്ഷയും ഇവരുടെ ഉത്തരവാദിത്തമാണ്. തലസ്ഥാനം ആസ്ഥാനമായി എല്ലാ ജില്ലാകേന്ദ്രങ്ങളിലും സംസ്ഥാന റെയിൽവേ പോലീസ് സ്റ്റേഷനുകളുണ്ട്. എന്നാൽ യാത്രക്കാരും ട്രെയിനുകളും കൂടുന്നതിനനുസരിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ തസ്തികകളോ എണ്ണമോ ഉയരുന്നില്ല.
യാത്രക്കാരുടെ സംഘടനകളടക്കം പലതവണ ഇത് വിവിധ സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പരിഹാരമുണ്ടാകുന്നില്ല. കഴിഞ്ഞ വർഷം നവംബറിലാണ് വർക്കലയിൽ വെച്ച് ശ്രീക്കുട്ടിയെന്ന പെൺകുട്ടിയെ ട്രെയിനിൽനിന്ന് മദ്യപൻ തള്ളിയിട്ടത്. ഗുരുതരപരിക്കേറ്റ ശ്രീക്കുട്ടി ഇപ്പോഴും ചികിത്സയിലാണ്.
യാത്രക്കാർക്ക് മാത്രമല്ല ടിക്കറ്റ് പരിശോധകർ അടക്കമുള്ള റെയിൽവേ ജീവനക്കാർക്ക് നേരേയും അക്രമമുണ്ടാകുന്ന നിരവധി സംഭവങ്ങൾ അടുത്തകാലത്തുണ്ടായി. പരിശോധനകൾ കാര്യമായി നടക്കാത്തതാണ് ട്രെയിനുള്ളിൽ മദ്യപരും കുറ്റവാളികളും യഥേഷ്ടം വിഹരിക്കാൻ കാരണം.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി ദിവസേന ഇരുന്നൂറിലേറെ ട്രെയിനുകളാണ് കേരളത്തിൽ സർവ്വീസ് നടത്തുന്നത്. അഞ്ച് ലക്ഷത്തോളം പേർ യാത്രയും ചെയ്യുന്നു. എല്ലാ ട്രെയിനുകളിലും സുരക്ഷാപരിശോധന നടത്താൻ വേണ്ടതിന്റെ നാലിലൊന്നു ജീവനക്കാർ പോലുമില്ല. പരിശോധന നടത്തിയാൽ തന്നെ ഇത് റിസർവേഷൻ കോച്ചുകളിലായി ഒതുങ്ങും. ഇതാണ് അക്രമികൾ മുതലെടുക്കുന്നത്.
Content Highlights: A woman was assaulted on the Malabar Express train after resisting sexual harassment by a fellow passenger, leading to the arrest of the accused, Vijesh, by the Thiruvananthapuram Railway Police. The incident highlights ongoing safety concerns for female train passengers, despite claims of improved security measures following past incidents of violence. Railway police face staffing shortages, impacting their ability to ensure passenger safety, with numerous reports of unchecked criminal activities on trains.