വയനാട്ടില്‍ മദ്യം നല്‍കി 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, രണ്ടുപേര്‍ അറസ്റ്റില്‍

കല്‍പറ്റ: വയനാട്ടില്‍ പതിന്നാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി. രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യം നല്‍കി രണ്ടുപേര്‍ ചേര്‍ന്നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ആദിവാസി പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. തവിഞ്ഞാൽ മക്കിമല കാപ്പിക്കുഴിയിൽ ആഷിഖ് (25), ആറാംനമ്പർ ഉന്നതിയിലെ ജയരാജൻ (25) എന്നിവരെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടി സ്കൂളിലെത്താത്തതിനെ തുടർന്ന് സ്കൂൾ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിഞ്ഞത്. അച്ഛനും അമ്മയും വീട്ടിലില്ലാതിരുന്ന നേരത്ത് കുട്ടിയെ വീട്ടിൽനിന്നു ബലമായി വലിച്ചിറക്കി കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ചെന്നാണ് പരാതി.
പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ കഴിഞ്ഞ ദിവസമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Content Highlights: A 16-year-old schoolgirl was gang-raped in Wayanad