‘അവൾ ഒന്ന് കരഞ്ഞു, ഉമ്മ പരിഭ്രമിച്ചെത്തി..’; ആ ഒരൊറ്റക്കുത്ത്, ഫസീലയുടെ ഹൃദയത്തിൽ തുളഞ്ഞുകയറി

#സ്വന്തം ലേഖകൻ
ഫസീല | ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കാപ്പിൽ പാറശ്ശേരി കുന്നുമ്മൽ റഷീദിനെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ
ഫസീല | ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കാപ്പിൽ പാറശ്ശേരി കുന്നുമ്മൽ റഷീദിനെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ

വണ്ടൂർ: ഉച്ചഭക്ഷണത്തിന് കറിയുണ്ടാക്കാത്തതിൽ പ്രകോഭിതനായ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്ന സംഭവത്തിൽ ഒറ്റക്കുത്ത് ഫസീലയുടെ ഹൃദയം തുളഞ്ഞു കയറിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുത്തേറ്റ്‌ 15 മിനിറ്റിനകം മരണം സംഭവിച്ചെന്നും റിപ്പോർട്ടിലുണ്ട്. റഷീദ് മദ്യലഹരിയിൽ അടുക്കളയിലെ പോളിഗാർഡ് സ്റ്റെയിൻലെസ് സ്റ്റീൽ കത്തി ഉപയോഗിച്ചാണ് ഫസീലയുടെ ഇടതുനെഞ്ചിൽ കുത്തിയത്.

അടുക്കളയിലെ കോൺക്രീറ്റ് മേശയിൽ ഇരിക്കുന്ന സമയത്തായിരുന്നു അപ്രതീക്ഷിത ആക്രമണം. മൂർച്ചയേറിയ കത്തി രണ്ടാം വാരിയെല്ലിനിടയിലൂടെ ഹൃദയത്തിലേക്ക് തുളച്ചുകയറി. പിടിവലി നടന്നതായി സംശയിക്കാവുന്ന പാടുകളും ശരീരത്തിലുണ്ട്.

വണ്ടൂർ സി.ഐ. ഗോപകുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം വൈകീട്ട് മൂന്നോടെ ബന്ധുക്കൾക്ക് വിട്ടുനൽകി.

5.30-ഓടെ തൊടികപ്പുലത്തെ സ്വന്തം വീട്ടിലെത്തിച്ച മൃതദേഹം കാണാൻ ഒട്ടേറെപ്പേരാണ് തടിച്ചുകൂടിയിരുന്നത്. ആറോടെ പള്ളിക്കുന്ന് ജുമാമസ്ജിദിൽ കബറടക്കി.

‘അവൾ ഒന്ന് കരഞ്ഞു; ഉമ്മ പരിഭ്രമിെച്ചത്തി...’; തെളിവെടുപ്പിനിടെ ക്രൂരകൃത്യം വിവരിച്ച് റഷീദ് 

വണ്ടൂർ: ‘വാക്കു തർക്കത്തെത്തുടർന്ന് അവൾ എന്തോ പറഞ്ഞപ്പോൾ പെട്ടെന്നുള്ള പ്രകോപനത്തിൽ കത്തിയെടുത്ത് കുത്തുകയായിരുന്നു. അതോടെ അവൾ ഒന്ന് കരഞ്ഞു. നീ എന്താ കാണിക്കുന്നതെന്ന് ചോദിച്ച് ഉമ്മയും പരിഭ്രമിെച്ചത്തി. പിന്നെ എന്താണ് സംഭവിച്ചതെന്നറിയില്ല...’

കഴിഞ്ഞദിവസം ഭാര്യയെ കൊലപ്പെടുത്തിയ കാപ്പിൽ പാറശ്ശേരി കുന്നുമ്മൽ റഷീദിനെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ അയാൾ പോലീസിനോട് പറഞ്ഞ വാക്കുകളാണിത്. തെളിവെടുപ്പ് സമയത്ത് റഷീദിന്റെ മാതാവും വീട്ടിലുണ്ടായിരുന്നു. ഇതിനിടെ മാതാവിന് ബാങ്ക് സംബന്ധമായ രേഖകളെല്ലാം റഷീദ് കാണിച്ചുകൊടുത്തു.

‘എന്റെ മക്കളെ ഞാൻ തന്നെ അനാഥമാക്കിയല്ലോ’യെന്ന് സ്റ്റേഷനിൽ വിലപിച്ച ഇയാൾ തെളിവെടുപ്പിനിടെ സംഭവം വിശദീകരിക്കുമ്പോൾ ശരീരഭാഷയിലാകെ കൂസലില്ലായ്മയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് വണ്ടൂർ സി.ഐ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പിനെത്തിയത്.

സംഭവത്തെക്കുറിച്ച് റഷീദ് വിശദീകരിക്കുന്നതിങ്ങനെ: ‘രാവിലെ ജോലിക്ക് പോകുമ്പോൾത്തന്നെ ഉച്ചഭക്ഷണത്തിന് താനുണ്ടാകുമെന്ന് ഭാര്യയോട് പറഞ്ഞിരുന്നു. എന്നാൽ വീട്ടിലെത്തുമ്പോൾ ഊണിന്‌ കറിയൊന്നുമുണ്ടായിരുന്നില്ല. അവളും വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് കടയിൽപ്പോയി കറി കൊണ്ടുവന്നു.

രണ്ടരയോടെ ഭാര്യ തിരിച്ചെത്തി. ഞാൻ വരുമെന്ന് പറഞ്ഞിട്ടും നീ കറിയൊന്നും ഉണ്ടാക്കിയില്ലല്ലോയെന്ന് ചോദിച്ചപ്പോൾ അവൾ മോശമായി സംസാരിച്ചു. ഇതു വാക്കുതർക്കത്തിലെത്തി. ബഹളംകേട്ട് തൊട്ടടുത്ത വീട്ടിൽനിന്ന് ഉമ്മ വന്നു. രണ്ടുപേരെയും സമാധാനിപ്പിച്ച് പെട്ടെന്ന് കുളിച്ചുവന്ന് ചോറ് കഴിക്കാൻ പറഞ്ഞു.

ഈ സമയം അവൾ അടുക്കളയിലെ മേശയിൽ ഇരിക്കുകയായിരുന്നു. കുളിക്കാൻപോകുന്നതിനിടെ എന്തോ പറഞ്ഞപ്പോൾ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കത്തിയെടുത്ത് കുത്തുകയായിരുന്നു. അതോടെ അവളൊന്നു കരഞ്ഞു.

നീ എന്താ കാണിക്കുന്നത് കുട്ടിമാനെ എന്നു ചോദിച്ച് ഉമ്മയും പരിഭ്രമിച്ചു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല.’ തെളിവെടുപ്പിനായി റഷീദിനെ കൊണ്ടുവരുന്നതറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടിയിരുന്നു. തെളിവെടുപ്പിനുശേഷം പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Content Highlights: A man named Rasheed, in a state of intoxication, fatally stabbed his wife Faseela in the heart with a kitchen knife following a domestic dispute over lunch preparations. The incident occurred unexpectedly while Faseela was sitting at the kitchen table, and she died within 15 minutes from a single stab wound, as confirmed by the post-mortem report.