ഉച്ചഭക്ഷണംമുതൽ സ്കോളർഷിപ്പിൽവരെ ക്രമക്കേട്; പ്രഥമാധ്യാപികയ്ക്കെതിരേ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ നടത്തിപ്പിലും സ്കോളർഷിപ്പ് വിതരണത്തിലും ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് പ്രഥമാധ്യാപികയ്ക്കെതിരേ വിജിലൻസ് അന്വേഷണത്തിനു ശുപാർശ. പാറശ്ശാല പൊഴിയൂർ ഗവ. യു.പി. സ്കൂളിലെ പ്രഥമാധ്യാപിക ബി.ഡി.ബീനയ്ക്കെതിരേയാണ് ബാലാവകാശ കമ്മിഷൻ വിജിലൻസ് അന്വേഷണത്തിനു ശുപാർശ ചെയ്തത്.
കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാണിച്ച് അരി വെട്ടിച്ചുവെന്നും കുട്ടികൾക്ക് ലഭിക്കേണ്ട പാഠപുസ്തകങ്ങൾ, യൂണിഫോം എന്നിവയിൽ ക്രമക്കേട് നടന്നുവെന്നും കമ്മിഷന്റെ റിപ്പോർട്ടിൽ പറയുന്നു. വാർഷികപ്പരീക്ഷയുടെ ഉത്തരക്കടലാസ് വ്യാജമായിയുണ്ടാക്കി വിദ്യാഭ്യാസ വകുപ്പിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. മുട്ട, പാൽ എന്നിവ വാങ്ങുന്നതിലും വീഴ്ചസംഭവിച്ചു.
മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് വിതരണത്തിലും ക്രമക്കേടുണ്ട്. പലരുടെയും പേരിൽ തുക എഴുതിവാങ്ങിയെങ്കിലും യു.പി. വിഭാഗത്തിലെ 22 കുട്ടികൾക്കുമാത്രമാണ് വിതരണം ചെയ്തത്. പ്രഥമാധ്യാപികയിൽനിന്നു തുക ഈടാക്കി കുട്ടികളുടെ സ്കോളർഷിപ്പ് തുക സമയബന്ധിതമായി നൽകാൻ കമ്മിഷൻ ശുപാർശ ചെയ്തു.
സ്കൂളിൽ വ്യാപക ക്രമക്കേട് നടക്കുന്നതായി പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് രണ്ടുവർഷത്തെ തെളിവെടുപ്പിനൊടുവിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ബാലാവകാശ കമ്മിഷൻ ശുപാർശ ചെയ്തത്.
Content Highlights: Vigilance investigation recommended against headmistress B.D. Beena. Fraud detected in mid-day meal supplies, textbooks, and uniforms. Scholarship funds for fishermen's children were misappropriated. Commission identified fake answer sheets to mislead the Education Department. Directives issued to recover funds and distribute scholarships to eligible students.