തർക്കത്തിനിടെ ബാറിൽ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഒരാൾ മരിച്ചു

#ന്യൂസ് ഡെസ്ക്
പെട്രോളുമായി അനീഷ് ബാറിലേക്ക് എത്തുന്നതിന്റെ സിസിടിവി ദൃശ്യം
പെട്രോളുമായി അനീഷ് ബാറിലേക്ക് എത്തുന്നതിന്റെ സിസിടിവി ദൃശ്യം

തിരുവനന്തപുരം: വെമ്പായത്തെ ബാറിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ പൊള്ളലേറ്റ ഒരാൾ മരിച്ചു. നവാസ് ആണ് മരിച്ചത്. ഇന്നലെ ഉണ്ടായ സംഘർഷത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ നവാസ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പരിക്കേറ്റ ശ്യാം, റിയാസ്, അരുൺ, നൗഫൽ, അനീഷ് എന്നിവർ ചികിത്സയിലാണ്. വെന്റിലേറ്ററിലുള്ള അനീഷ് ആണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. 

വെമ്പായം ഹോട്ടൽ ആൻഡ് റസിഡൻസിയിലാണ് രാത്രി ഒമ്പത് മണിയോടെ സംഘർഷം ഉണ്ടായത്. ബാറിലെ എ.സി. മുറിയിൽ ഇരുന്ന് മദ്യപിച്ചവർ തമ്മിലായിരുന്നു പ്രശ്നം. തർക്കത്തിനിടെ ബാറിൽനിന്ന് പുറത്തുപോയ അനീഷ് പെട്രോൾ വാങ്ങി തിരിച്ചെത്തുകയും ബാറിലുണ്ടായിരുന്നവർക്കുനേരേ ഒഴിച്ചശേഷം തീ കൊളുത്തുകയുമായിരുന്നു. അതിനിടെ അനീഷിന്റെ ശരീരത്തിലും തീ പടർന്നു. പെട്ടെന്ന് തീ പടർന്നതോടെ ബാറിനുള്ളിൽ ഉണ്ടായിരുന്നവർ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. മുറിയിലെ സോഫയിലും മറ്റുമുണ്ടായ അഗ്‌നിബാധ ഫയർഫോഴ്സ് എത്തിയാണ് കെടുത്തിയത്. ബാറിലെ എസി ഹാളിൽ 30 ഓളം പേർ ഉണ്ടായിരുന്നു.

എട്ടോളം പേർ മദ്യപിച്ചിരുന്ന സംഘത്തിലേക്ക് അനീഷ് എത്തുകയായിരുന്നു. അവരുടെ കൂടെയിരുന്നു മദ്യപിക്കുകയും കുറച്ചുകഴിഞ്ഞ് അനീഷ് ഇവരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ഇത് ചെറിയ സംഘർഷത്തിൽ കലാശിച്ചു. തുടർന്ന് അനീഷ് പുറത്തേക്ക് പോയി. അരമണിക്കൂറിന് ശേഷം തിരിച്ചെത്തിയ അനീഷിന്റെ കയ്യിൽ കന്നാസിൽ പെട്രോളുണ്ടായിരുന്നു. അനീഷും സംഘവും തമ്മിലുണ്ടായ പിടിവലിയിൽ പെട്രോൾ മറ്റുള്ളവരുടെ പുറത്തേക്ക് ഒഴിക്കുകയും തീ കത്തിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ അനീഷിന്റെ ദേഹത്തും തീപടർന്നു. ഇതോടെ ബാറിലുണ്ടായിരുന്നവർ പരിഭ്രാന്തരായി പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. 

Content Highlights: Fatal arson attack at Vembayam Hotel and Residency following a dispute., One individual, Navas, succumbed to burn injuries at the Medical College Hospital., Five others are currently receiving medical treatment for burns., The perpetrator, Aneesh, is on a ventilator after sustaining injuries during the attack., Police confirm the incident involved petrol being poured during a brawl in the AC hall.