ഇടപാടുകാർക്കിടയിൽ ‘ബോസ്’; സോളോട്രിപ്പിലൂടെ വരുൺ ഇന്ത്യാ-പാക് അതിർത്തിവഴി കടത്തിയത് കോടികളുടെ രാസലഹരി

#ന്യൂസ് ഡെസ്ക്
വരുൺ ദേവ്, ഫിനല (mbtv screengrab)
വരുൺ ദേവ്, ഫിനല (mbtv screengrab)

തിരുവനന്തപുരം: കേരളത്തെ നടുക്കിയ രാസലഹരി കടത്ത് കേസിൽ മുഖ്യപ്രതി വരുൺ ദേവിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ലഹരി ഇടപാടുകാർക്കിടയിൽ 'ബോസ്' എന്നറിയപ്പെടുന്ന വരുൺ ദേവ്, ഇന്ത്യ-പാകിസ്താൻ അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ വരെ നേരിട്ടെത്തി കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കേരളത്തിലേക്ക് കടത്തിയതായി എക്‌സൈസ് സംഘം കണ്ടെത്തി.

ഒരാഴ്ച മുമ്പാണ് 280 ഗ്രാം എം.ഡി.എം.എയുമായി കൊച്ചിയിൽവെച്ച് ഫിനല എന്ന യുവതി ഉൾപ്പെടെ നാല് പേർ എക്‌സൈസിന്റെ പിടിയിലാകുന്നത്. യുവതിക്കൊപ്പം വരുൺ ദേവ്, സിദ്ധിഖ്, വിപിൻ എന്നിവരാണ് എക്‌സൈസ് അറസ്റ്റ് ചെയ്ത പ്രതികൾ. ഇവരിൽ ഏറ്റവും പ്രധാനിയായ വരുൺ ദേവാണ് ഈ ലഹരി ശൃംഖലയിലെ പ്രധാന സൂത്രധാരൻ. ഇയാളുടെ ലഹരിക്കടത്ത് രീതികൾ തികച്ചും ആസൂത്രിതമായിരുന്നു എന്ന് അന്വേഷണസംഘം പറയുന്നു.

ട്രെയിൻ മാർഗ്ഗം ഡൽഹി, ചണ്ഡീഗഡ്, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിലെത്തി ലഹരി ഇടപാടുകാരുമായി നേരിട്ട് കണ്ട് ഡീലുകൾ ഉറപ്പിക്കുന്നതായിരുന്നു വരുണിന്റെ രീതി. ഇടപാട് ഉറപ്പിച്ച് കേരളത്തിലേക്ക് മടങ്ങിയെത്തുന്ന വരുൺ, പിന്നീട് സ്വന്തം കാറിൽ 'സോളോ ട്രിപ്പ്' പോകുന്നു എന്ന് വരുത്തിത്തീർത്ത് ഈ സ്ഥലങ്ങളിലേക്ക് പോയി ലഹരിമരുന്ന് വാങ്ങി തിരികെവരികയായിരുന്നു പതിവ്.

ഇത്തരത്തിൽ ഒരു വർഷത്തിനിടെ വരുൺ കേരളത്തിലേക്ക് കടത്തിയത് 35 കിലോയിലധികം എം.ഡി.എം.എ.യാണെന്ന് അന്വേഷണസംഘം പറയുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ വരുൺ ദേവ് ആറ് തവണയാണ് സോളോ ട്രിപ്പുകൾ നടത്തിയിട്ടുള്ളത്. ഓരോ തവണ പോയി വരുമ്പോഴും ഇയാൾ വലിയ അളവിൽ രാസലഹരി കൊണ്ടുവരികയും ചെയ്തു. ഇത്തരത്തിൽ 35 കിലോയിലധികം രാസലഹരിയാണ് ഇയാൾ കേരളത്തിലെത്തിച്ചിട്ടുള്ളത്.

ഈ ലഹരിവിൽപ്പനയിലൂടെ കോടിക്കണക്കിന് രൂപയാണ് ഇയാൾ സമ്പാദിച്ചത്. ഇങ്ങനെ സമ്പാദിക്കുന്ന പണം പ്രതി തന്റെ ആഡംബര ജീവിതത്തിനായാണ് ഉപയോഗിച്ചിരുന്നത്. ലഹരി ശേഖരണത്തിനായി വരുൺ ദേവ് രാജസ്ഥാനിലെ ഇന്ത്യാ-പാകിസ്താൻ അതിർത്തി പങ്കിടുന്ന ചില പ്രദേശങ്ങളിൽ വരെ പോയിട്ടുള്ളതായി എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഈ അതിർത്തി പ്രദേശങ്ങളിലെ പൂട്ടിക്കിടക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ എക്‌സൈസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ഇതുകൂടാതെ, പ്രതികൾ പിടിയിലാകുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രാസലഹരി കേസുമായി ബന്ധപ്പെട്ട് കെവിൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വരുൺ ദേവ് എക്‌സൈസിന്റെ പിടിയിലാകുമ്പോൾ ഇയാളുടെ പക്കൽ ഒരു മൊബൈൽ ഫോൺ ഉണ്ടായിരുന്നു. ഇത് കെവിന്റേതാണ് എന്നാണ് വരുൺ ദേവ് നൽകിയിരിക്കുന്ന മൊഴി. വരുൺ ദേവിന് ചില രാഷ്ട്രീയ കക്ഷികളുമായി ബന്ധമുണ്ടെന്ന സൂചനകളും എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

കേസിന്റെ ഗൗരവവും അന്തർസംസ്ഥാന ബന്ധങ്ങളും കണക്കിലെടുത്ത് കഴിഞ്ഞ ദിവസമാണ് എക്‌സൈസ് 11 അംഗ പ്രത്യേക അന്വേഷണ സംഘത്തെ (SIT) കേസ് അന്വേഷണത്തിനായി രൂപീകരിച്ചത്. എക്‌സൈസ് സംഘത്തിന്റെ വിശദമായ അന്വേഷണം തുടരുകയാണ്.

Content Highlights: Varun Dev, known as 'Boss' among drug dealers, is the main accused in a major drug trafficking case in Kerala, smuggling over 35 kg of MDMA into the state over the past year through meticulously planned operations. He conducted drug deals by traveling to regions near the India-Pakistan border and used solo trips to transport drugs back to Kerala, amassing significant wealth from these activities for a luxurious lifestyle.