ആക്രി പെറുക്കാനെത്തി, സ്വർണമാലയും ഫോണും കൈക്കലാക്കി; ഇതരസംസ്ഥാന തൊഴിലാളിയെ കുടുക്കി വീട്ടമ്മ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്
പ്രതീകാത്മകചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്

വൈക്കം: ആക്രി പെറുക്കാനെത്തി, ആളില്ലാതിരുന്ന വീട്ടിൽനിന്ന് സ്വർണമാലയും ഫോണും മോഷ്ടിച്ച ഇതരസംസ്ഥാനക്കാരനെ വീട്ടമ്മയുടെ സമയോചിത ഇടപെടലിൽ പിടികൂടി. കവർന്ന സാധനങ്ങളുമായി ഇറങ്ങിയോടാൻ ശ്രമിക്കുന്നതിനിടെ ബംഗാൾ സ്വദേശി റഹിമിനെ(40) ആണ് ഇടയാഴം മാരാവള്ളിച്ചിറയിൽ കനകമ്മ (60) പരിസരവാസികളുടെ സഹായത്തോടെ പിടികൂടിയത്.

മുച്ചക്ര വാഹനത്തിൽ ആക്രിസാധനങ്ങൾ പെറുക്കാനെന്ന വ്യാജേനയാണ് ഇയാളെത്തിയത്. പേരക്കുട്ടിയുടെ സ്വർണമാലയും വീട്ടിലെ മൊബൈൽ ഫോണുമാണ് മോഷ്ടിച്ചത്. കഴിഞ്ഞയാഴ്ച കൊച്ചുമോൾക്ക് മൂന്നാംപിറന്നാൾ സമ്മാനമായി കുട്ടിയുടെ പിതാവ് രഞ്ജിത്തിന്റെ സുഹൃത്തുക്കൾ നൽകിയതായിരുന്നു മാല. ചൊവ്വാഴ്ച രാവിലെ മകൾ മനീഷയും കൊച്ചുമകളും ഉദയനാപുരത്ത്‌ പിതാവിന്റെ വീട്ടിലേക്കുപോയി. ഇവരോടൊപ്പം കനകമ്മ പല്ലുവേദനയ്ക്കു ചികിത്സതേടി വൈക്കം താലൂക്ക് ആശുപത്രിയിൽപോയി. പല്ല് എടുക്കാൻ പറ്റാതെ വന്നതോടെ പെട്ടെന്നു മടങ്ങി.

11.45-ഓടെ വീട്ടിലെത്തി. ഈ സമയം പൂട്ടിയിട്ടിരുന്ന വീടിന്റെ ഉള്ളിൽനിന്ന്‌ ശബ്ദംകേട്ടു. ആരാണെന്നു ചോദിച്ചതോടെ അടുക്കളഭാഗത്തെ കതകുതുറന്ന് മോഷ്ടാവ് പ്ലാസ്റ്റിക് കുപ്പി പെറുക്കാനായി കൊണ്ടുവന്ന മുച്ചക്രവാഹനത്തിന്റെ അടുത്തേക്ക് ഓടി. ഈ സമയം കൈയിൽ സ്വർണത്തിന്റെ ചെപ്പ് കണ്ടതോടെ കനകമ്മ മോഷ്ടാവിനെ തടഞ്ഞുവെച്ച് ബഹളംവച്ചു. നാട്ടുകാർ ഓടിക്കൂടി, നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാലയും മൊബൈൽ ഫോണും മോഷ്ടാവിൽനിന്ന് കണ്ടെടുത്തു, തുടർന്ന് കല്ലറ പോലീസിന്‌ പ്രതിയെ കൈമാറി. മാലയും ഫോണും തിരിച്ചുകിട്ടിയതിനാൽ കേസെടുക്കേണ്ടെന്ന നിലപാടിലാണ് വീട്ടുകാരെന്ന് പോലീസ് പറഞ്ഞു.

Content Highlights: A 40-year-old migrant worker attempted theft under the guise of collecting scrap., Housewife Kanakamma successfully intercepted the thief upon returning home., Stolen gold chain and mobile phone were recovered immediately., The community assisted in detaining the suspect before police intervention., The family chose not to press charges after recovering their belongings.