'കുളിമുറിയിലെ ഡ്രമ്മിലിട്ട് കത്തിച്ചു'; വയോധികയെ കൊന്ന് കുഴിച്ചിട്ടതായി സംശയം; യുവാക്കൾ കസ്റ്റഡിയിൽ

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ വയോധികയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയതായി സംശയം. വടകരപ്പതി ആട്ടയമ്പതി സ്വദേശിനിയായ സരസാളെ (66)യാണ് കൊലപ്പെടുത്തിയതായി സംശയിക്കുന്നത്.
ജൂൺ 10 മുതൽ സരസാളിനെ കാണാതായതിനെ തുടർന്ന് മകൾ ജൂൺ 12-ന് കൊഴിഞ്ഞാമ്പാറ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് പ്രദേശത്തെ ചില യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. ചോദ്യംചെയ്യലിനിടെ ഇവരെ കൊലപ്പെടുത്തിയശേഷം മൃതദേഹം കുളിമുറിയിലെ ഡ്രമ്മിലിട്ട് കത്തിക്കുകയും പകുതി കത്തിയ നിലയിലുള്ള മൃതദേഹം ചാക്കിൽകെട്ടി കുഴിച്ചുമൂടിയതായും പ്രതികൾ സമ്മതിച്ചതായി സൂചനയുണ്ട്.
സംഭവസ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. മൃതദേഹം പുറത്തെടുത്ത് ശാസ്ത്രീയ പരിശോധനയും തുടർനടപടികളും പൂർത്തിയാക്കിയ ശേഷമേ സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുകയുള്ളൂ. കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Content Highlights: 66-year-old woman reported missing since June 10, 2026., Suspects confessed to burning the body in a bathroom drum., Remains allegedly buried in a sack., Police forensic investigation currently underway at the site.