ദൃഷാനയെ കോമയിലാക്കിയ അപകടം; ഷെജീലിനൊപ്പം അന്ന് ഭാര്യയും കുട്ടികളും കാറിലുണ്ടായിരുന്നു

വടകര: കുഞ്ഞ് ദൃഷാനയെ ഒന്നനങ്ങാന്‍പോലുമാകാത്തവിധം അബോധാവസ്ഥയിലാക്കിയ ആ കാര്‍ 10 മാസത്തിനുശേഷം കസ്റ്റഡിയില്‍. ഇടിച്ചിട്ടിട്ടും നിര്‍ത്താതെപോയ കാറിന്റെ ഉടമയെയും തിരിച്ചറിഞ്ഞു.
ദേശീയപാതയില്‍ വടകരയ്കുസമീപം ചോറോടില്‍ കാറിടിച്ച് സ്ത്രീ മരിക്കുകയും പേരമകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുംചെയ്ത സംഭവത്തിലാണ് പോലീസിന്റെ മികവാര്‍ന്ന അന്വേഷണം ഫലംകണ്ടത്. പുറമേരിയിലെ മീത്തലെ പുനത്തില്‍ ഷെജീലി (35)ന്റെതാണ് കെ.എല്‍.18 ആര്‍. 1846 എന്ന നമ്പറിലുള്ള കാര്‍. സംഭവശേഷം യു.എ.ഇ. യിലേക്ക് പോയ ഷെജീലിനെ ഉടന്‍തന്നെ നാട്ടിലെത്തിക്കുമെന്ന് കോഴിക്കോട് റൂറല്‍ എസ്.പി. പി. നിധിന്‍രാജ് പറഞ്ഞു.
കോഴിക്കോട് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കാര്‍ കണ്ടെത്തിയത്. ഈവര്‍ഷം ഫെബ്രുവരി 17-ന് രാത്രി ഒന്‍പതുമണിക്കുണ്ടായ അപകടത്തില്‍ തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം പുത്തലത്ത് ബേബി (62) യാണ് മരിച്ചത്. മകളുടെ മകള്‍ ദൃഷാനയ്ക്ക് (ഒന്‍പത്) സാരമായി പരിക്കേറ്റു. അന്നുമുതല്‍ അബോധാവസ്ഥയിലാണ് ദൃഷാന.
അപകടം നടക്കുമ്പോള്‍ ഷെജീലും ഭാര്യയും രണ്ടു കുട്ടികളും കാറിലുണ്ടായിരുന്നു. ഭാര്യയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
കഴിഞ്ഞ 10 മാസമായി ഇന്നും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അബോധാവസ്ഥയിലാണ് ആ കുഞ്ഞ്. തങ്ങളെ ഇരട്ട ദുഃഖത്തിലാക്കിയ കാറെങ്കിലും കണ്ട് പിടിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം പത്ത് മാസങ്ങള്‍ക്കിപ്പുറം യാഥാര്‍ഥ്യമാവുമ്പോള്‍ തെളിയുന്നത് അപകടമുണ്ടാക്കിയത് കെ.എല്‍.18 ആര്‍ 1846 സ്വിഫ്റ്റ് കാറാണെന്നാണ്. അപകടമുണ്ടാക്കിയ കാറുടമ ഷജീല്‍ വിദേശത്തേക്ക് മുങ്ങിയെങ്കിലും തങ്ങള്‍ക്ക് നീതികിട്ടുമെന്ന പ്രതീക്ഷയിലാണ് ഇന്നിവര്‍. കണ്ണൂര്‍ മേലെ ചൊവ്വ വടക്കന്‍ കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകളാണ് ദൃഷാന.
അപകടം നടന്ന തീയതിക്കുശേഷം ഇന്‍ഷുറന്‍സ് ക്ലെയിം നേടിയ കാറുകളുടെ വിവരവും ശേഖരിച്ചിരുന്നു. ഇതിനിടെ മാര്‍ച്ചില്‍ ഒരു വെള്ള മാരുതി സ്വിഫ്റ്റ് കാര്‍ മതിലിന് ഇടിച്ചെന്നപേരില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് 36,000 രൂപ ക്ലെയിം നേടിയതായി കണ്ടു. ഈ കാര്‍ പരിശോധിച്ചപ്പോള്‍ ബമ്പര്‍, സൈഡ് ഗ്ലാസ് തുടങ്ങിയ ഭാഗങ്ങള്‍ മാറ്റിയതായി കണ്ടു. ശാസ്ത്രീയമായ പരിശോധനയില്‍ അന്നത്തെ അപകടത്തിലുണ്ടായ കേടുപാടിന് സമാനമായ മാറ്റമാണിതെന്ന് കണ്ടെത്തി. ടവര്‍ ലൊക്കേഷന്‍ പരിശോധനയില്‍ സംഭവദിവസം ഈ കാര്‍ വടകര-കൈനാട്ടി ഭാഗത്ത് ഉള്ളതിനും തെളിവുകിട്ടി.അപകടമുണ്ടാക്കിയത് ഒരു വെള്ള കാര്‍ ആണെന്നുമാത്രമേ ആദ്യം വിവരമുണ്ടായിരുന്നുള്ളൂ
സമീപത്തെ സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചതോടെ മാരുതി സ്വിഫ്റ്റ് കാറെന്ന നിഗമനത്തിലെത്തി. 10 മാസത്തിനിടെ നൂറിലേറെ കാറുകള്‍ പോലീസ് നേരിട്ട് പരിശോധിച്ചു. 19,000 സ്വിഫ്റ്റ് കാറുകളുടെ വിവരം ശേഖരിച്ച് ഈഭാഗത്തേക്ക് വരാന്‍ സാധ്യതയുള്ളവയെക്കുറിച്ച് പ്രത്യേകം അന്വേഷിച്ചു. 200-ഓളം സി.സി,ടി.വി. ദൃശ്യങ്ങളും ശേഖരിച്ചു. 500-ഓളം വര്‍ക്ക് ഷോപ്പ്, സ്പെയര്‍പാര്‍ട്സ് കടകളിലും അന്വേഷണം നടത്തി. അരലക്ഷത്തോളം ഫോണ്‍ കോളുകളും പരിശോധിച്ചു.
ഒരു കാര്‍ കണ്ടെത്താന്‍
വടകര: ''കെ.എല്‍. പതിനെട്ടില്‍ തുടങ്ങുന്ന നമ്പറുള്ള കാറാണ്...'' ചോറോടിലെ പ്രമാദമായ വാഹനാപകടത്തിന് സാക്ഷിയായ ഓട്ടോ ഡ്രൈവര്‍ പോലീസിനു നല്‍കിയ മൊഴി. പക്ഷേ, കാറ് ഏതെന്നു വ്യക്തമല്ല. വാഗണറോ സ്വിഫ്റ്റോ എന്ന് സംശയം. ആ സംശയം ദൂരീകരിച്ചത് സമീപത്തെ ഒരു വീട്ടിലെ സി.സി.ടി.വി. ദൃശ്യം. വ്യക്തമായ ദൃശ്യമായിരുന്നില്ലെങ്കിലും ആവര്‍ത്തിച്ചുള്ള പരിശോധനയിലൂടെ സ്വിഫ്റ്റ് കാറാണെന്നു വ്യക്തമായി.
കണ്ണൂര്‍ ദിശയിലുള്ള സമീപത്തെ രണ്ടു സി.സി.ടി.വി. ക്യാമറകള്‍കൂടി പരിശോധിച്ചപ്പോള്‍ ഇതേ സ്വിഫ്റ്റ് കാര്‍ കണ്ടു. പക്ഷേ, നമ്പര്‍ വ്യക്തമല്ല. ഈ വഴിയില്‍ നമ്പര്‍ വ്യക്തമാകാന്‍ സാധ്യതയുണ്ടായിരുന്ന കൈനാട്ടി ജങ്ഷനിലെ ക്യാമറയില്‍ ഈ കാര്‍ പതിഞ്ഞുമില്ല. ചോറോടിനും കൈനാട്ടിക്കും ഇടയില്‍നിന്ന് കാര്‍ ഉള്‍ഭാഗത്തേക്ക് എവിടെയോ മറഞ്ഞെന്നു സംശയം...
സംശയങ്ങളോരോന്നും ദൂരീകരിച്ച് ചോറോട് അപകടക്കേസില്‍ പോലീസ് ലക്ഷ്യത്തിലെത്തിച്ചേരുമ്പോള്‍ പിന്നില്‍ പത്തുമാസത്തോളംനീണ്ട അശ്രാന്തപരിശ്രമമുണ്ട്; എത്ര ഒളിപ്പിക്കാന്‍ശ്രമിച്ചാലും നിയമം രണ്ടുംകല്പിച്ചിറങ്ങിയാല്‍ സത്യം പുറത്തുവരുമെന്ന വിശ്വാസവും. കാര്‍ വഴിമാറിപ്പോയെന്ന സംശയം ഉയര്‍ന്നതോടെ ചോറോട്, മുട്ടുങ്ങല്‍ പരിസരത്തെ ഉള്‍പ്രദേശങ്ങളില്‍ വീടുകള്‍ കയറിവരെ പോലീസ് പരിശോധനനടത്തിയിരുന്നു. പക്ഷേ, നിരാശയായിരുന്നു ഫലം. അവിടംകൊണ്ടും നിര്‍ത്താതെ ക്രൈംബ്രാഞ്ച് സംഘം അപകടംനടന്ന രാത്രിയില്‍ ഇതുവഴിപോയ വെളുത്ത കാറുകളെല്ലാം കണ്ടെത്തി വിളിപ്പിച്ച് പരിശോധിച്ചു. ജി.എസ്.ടി. വിഭാഗത്തിന്റെ കുഞ്ഞിപ്പള്ളി ചെക്പോസ്റ്റ് ക്യാമറയില്‍നിന്നാണ് കാറുകളുടെ വിവരങ്ങള്‍ ശേഖരിച്ചത്. ഈ ക്യാമറയില്‍മാത്രംകണ്ട 26 വെള്ളക്കാറുകള്‍ പരിശോധിച്ചു.
സംശയമുള്ള 75-ഓളം കാറുകള്‍ വേറെയും. ഇതുംകൂടാതെ 2011-നും 2018-നും ഇടയില്‍ രജിസ്റ്റര്‍ചെയ്ത സെക്കന്‍ഡ് സീരിസിലുള്ള 19,000 കാറുകളുടെ വിവരവും ശേഖരിച്ചു. ഇതില്‍ വടകര-തലശ്ശേരി ഭാഗത്തേക്ക് വരാന്‍സാധ്യതയുള്ള കാറുകളെക്കുറിച്ച് പ്രത്യേകമായി അന്വേഷിച്ചു. ഫെബ്രുവരി 17-ന് എവിടെയായിരുന്നെന്നാണ് കാര്യമായി അന്വേഷിച്ചത്. 40 കിലോമീറ്റര്‍ ചുറ്റളവിലെ സി.സി.ടി.വി. ക്യാമറകളാണ് പോലീസ് പരിശോധിച്ചത്.
പോലീസെത്തി, അഞ്ചുജില്ലകളിലെ വര്‍ക്ഷോപ്പുകളില്‍
കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വര്‍ക്ഷോപ്പുകളിലും സ്പെയര്‍പാര്‍ട്സ് കടകളിലും കാര്‍തേടി പോലീസെത്തി. അപകടം നടന്നതിന്റെ അടുത്തദിവസങ്ങളില്‍ അറ്റകുറ്റപ്പണിക്കെത്തിയ കാറുകളുടെ വിവരം ശേഖരിച്ച് പരിശോധിച്ചു. സംശയമുള്ളവരെ വിളിച്ചുവരുത്തി മൊഴിയെടുത്തു.
കാറിന്റെ മുന്‍വശത്ത് കേടുപാടുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ് ഉറപ്പാക്കിയിരുന്നു. പെയിന്റിന്റെ നിറം മാറ്റിയ കാറുകള്‍ പ്രത്യേകം പരിശോധിച്ചു. വര്‍ക്ഷോപ്പ് അസോസിയേഷന്റെ പിന്തുണയും ഇക്കാര്യത്തില്‍ തേടി. ഈ രീതിയില്‍ത്തന്നെയാണ് ഇന്‍ഷുറന്‍സ് ക്ലെയിം നേടിയവരുടെ മൊഴിയുമെടുത്തത്. എങ്ങനെ അപകടം സംഭവിച്ചുവെന്നാണ് കൃത്യമായി മനസ്സിലാക്കിയത്. ഇതിനിടെയാണ് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ക്ലെയിംനേടിയ കാറിനെക്കുറിച്ച് സംശയമുയര്‍ന്നത്.
കാറില്‍ മാറ്റങ്ങള്‍വരുത്തി
രണ്ടുപേരെ കാര്‍ തട്ടിയത് കാര്‍ ഓടിച്ചിരുന്ന ഷെജീലും ഭാര്യയും കൃത്യമായി അറിഞ്ഞിരുന്നെന്ന് പോലീസ് പറഞ്ഞു. വടകര സാന്‍ഡ് ബാങ്ക്്‌സ് സന്ദര്‍ശിച്ച്, ഷോപ്പിങ് ഉള്‍പ്പെടെയുള്ളവ കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോവുകയായിരുന്നു ഇവര്‍. ഉടന്‍ മുന്നോട്ടുപോയാല്‍ പിടിക്കപ്പെടുമെന്നതിനാലാണ് കുറച്ചുമുന്നോട്ടുപോയി ഇടത്തോട്ടേക്കുള്ള റോഡില്‍ കയറിയത്.
ഈ വഴി ഷെജീലിനറിയാം. സംഭവംനടന്നതിന്റെ മൂന്നാംദിവസം കാര്‍ ഷോറൂമിലൊന്നും കൊണ്ടുപോകാതെ, വീടിന് രണ്ടുകിലോമീറ്റര്‍ അകലെയുള്ള വര്‍ക്ഷോപ്പില്‍ കയറ്റി. കാറിന്റെ പുറകിലുള്ള ചില അടയാളങ്ങളെല്ലാം എടുത്തുമാറ്റി. ആളെത്തട്ടിയ വിവരം മറച്ചുവെച്ചാണ് ഇന്‍ഷുറന്‍സ് ക്ലെയിമിന് അപേക്ഷിച്ചത്. ഇതിനായി സര്‍വേയറെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. മാര്‍ച്ച് 14-ന് ഷെജീല്‍ യു.എ.ഇ.യിലേക്ക് മടങ്ങി.
പ്രത്യേകസംഘത്തിന് അഭിമാനനിമിഷം
അപകടമുണ്ടാക്കിയ കാര്‍ കണ്ടെത്താന്‍ കഴിയാത്തത് പോലീസിനും ക്രൈംബ്രാഞ്ചിനും വലിയ തലവേദന സൃഷ്ടിച്ചിരുന്നു. പ്രത്യേകിച്ച് കോടതിയും മനുഷ്യാവകാശ കമ്മിഷനും ഇടപെട്ട സാഹചര്യത്തില്‍. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. നയിച്ച പ്രത്യേകാന്വേഷണസംഘം ഊണും ഉറക്കവും ഉപേക്ഷിച്ചാണ് ഇതോടെ അന്വേഷണം നടത്തിയത്. അന്വേഷണസംഘാംഗങ്ങളെ മറ്റൊരു ജോലിയും ഏല്‍പ്പിച്ചില്ല. പൂര്‍ണമായും കാര്‍ തേടിയിറങ്ങി.
ഡിവൈ.എസ്.പി.മാരായ ഉല്ലാസ്, ജി. ബാലചന്ദ്രന്‍ എന്നിവര്‍ക്കുശേഷം നിലവിലുള്ള ഡിവൈ.എസ്.പി. വി.വി. ബെന്നിയും അന്വേഷണത്തിന് നേതൃത്വംനല്‍കി. എസ്.ഐ. പി. കുഞ്ഞിബാവ, എ.എസ്.ഐ. കെ.പി. സുരേഷ് ബാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജി.എം. സന്തോഷ്, കെ.വി. വിജേഷ്, കെ. ഷിനില്‍, ടി.എച്ച്. വിനീഷ്, പ്രജീഷ്, അശോകന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
'ദൈവത്തിന് നന്ദി...''
കോഴിക്കോട്: ''പത്തുമാസമായി മകള്‍ ചികിത്സയിലാണ്, ആരോഗ്യപുരോഗതിയുമുണ്ട്. പക്ഷേ, വണ്ടി ഇടിച്ചിട്ടുപോയ ആള്‍ക്ക് മനുഷ്യപ്പറ്റില്ലേ? അയാളെ കണ്ടെത്തിയതില്‍ ദൈവത്തിനും മാധ്യമങ്ങള്‍ക്കും നന്ദി'' -വടകര ചോറോട് വാഹമിടിച്ച് ഗുരുതരപരിക്കേറ്റ് കോമയില്‍ തുടരുന്ന ദൃഷാനയുടെ അമ്മ സ്മിതയുടെ വാക്കുകള്‍.
''അപകടങ്ങള്‍ സംഭവിക്കുന്നത് ഇപ്പോള്‍ സാധാരണമായി. പക്ഷേ, ഒരു മരണത്തിന് കാരണക്കാരനായിട്ടും ഒളിച്ചുകളിച്ച ആ മനുഷ്യന്റെ വീട്ടിലും കുട്ടികളും അമ്മയുമൊക്കെ ഇല്ലേ'' -സ്മിത ചോദിക്കുന്നു.
മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുന്ന ദൃഷാന അമ്മ സ്മിതയോടൊപ്പം
ഫെബ്രുവരി 17-നാണ് വടകര ചോറോടുവെച്ച് തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം താമസിക്കുന്ന പുത്തലത്ത് ബേബി(62)യും മകളുടെ മകള്‍ ഒന്‍പതുവയസ്സുകാരി ദൃഷാനയും നടന്നുപോകവേ അപകടകരമായി വന്ന വാഹനം ഇരുവരെയും ഇടിച്ചുതെറിപ്പിച്ചത്. ബേബി തത്ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ് കോമയിലായ ദൃഷാന 10 മാസമായി മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ മെഡിസിനില്‍ ചികിത്സയിലാണ്. അന്വേഷണത്തില്‍ ആദ്യം പോലീസ് അലസത കാണിച്ചെങ്കിലും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് ശ്രദ്ധയില്‍പ്പെട്ട് കോടതി ഇടപെടല്‍ ഉണ്ടായതോടെയാണ് കാര്‍ കണ്ടെത്താന്‍ സാധിച്ചതെന്ന് ദൃഷാനയുടെ അമ്മയുടെ സഹോദരന്‍ സിംജിത്ത് പറഞ്ഞു. ദൃഷാനയ്ക്ക് പത്തുമാസമായി നടത്തിയ ചികിത്സയെത്തുടര്‍ന്ന് പുരോഗതിയുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച ദൃഷാന ഡിസ്ചാര്‍ജാകും. അണുബാധ ഉണ്ടാകാതിരിക്കാനാണ് ന്യൂറോ വിഭാഗത്തിന്റെ നിര്‍ദേശാനുസരണം ഡിസ്ചാര്‍ജ് ചെയ്യുന്നത്.
കാളാണ്ടിത്താഴത്ത് വാടകയ്‌ക്കെടുത്ത വീട്ടിലാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്. ദൃഷാനയോടൊപ്പം എപ്പോഴും കൂട്ടിരിപ്പുകാര്‍ ഉണ്ടാകണം. ചികിത്സയുടെ ഭാഗമായി അച്ഛനും അമ്മയ്ക്കും അമ്മയുടെ സഹോദരനും ജോലിക്കു പോകാന്‍ കഴിയാത്ത സാഹചര്യമാണ്.
''വിളിക്കാത്ത ദൈവങ്ങളില്ല. ഇതുവരെ ആശുപത്രിയില്‍നിന്നുള്ള മികച്ച ചികിത്സയും ഇന്‍ഷുറന്‍സും സുമനസ്സുകളുടെ സഹായവും മറ്റുമായി എല്ലാം നടന്നു. ഇനി എങ്ങനെയെന്നറിയില്ല...'' -ദൃഷാനയുടെ അച്ഛന്‍ സുധീറിന്റെ വാക്കുകളില്‍ ഇടര്‍ച്ച.
Content Highlights: vadakara drishana accident case how police found swift car after 10 months