മരിച്ചവരുടെ പേരിലും ലോണെടുത്തു, യുപിയില്‍ 100 കോടിയുടെ വായ്പാ തട്ടിപ്പ്; 8 പേര്‍ അറസ്റ്റില്‍

#ന്യൂസ് ഡെസ്‌ക്‌
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ: ഉത്തർപ്രദേശിൽ അന്തർസംസ്ഥാന വായ്പാത്തട്ടിപ്പ് റാക്കറ്റിനെ തകർത്തു. ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്(STF) ആണ് ഈ വായ്പാതട്ടിപ്പ് സംഘത്തെ പൊളിച്ചത്. സംഭവത്തിൽ എട്ട് പേർ അറസ്റ്റിലായി. ഷെൽ കമ്പനികൾ ഉണ്ടാക്കി കള്ളപ്പണം വെളുപ്പിക്കുകയും മരിച്ചവരുടെ പേരിലുള്ള വസ്തുവകകൾ പോലും വിൽപ്പന നടത്തിയതായുമാണ് കേസ്. ഈ സംഘം 100 കോടി രൂപയുടെ വായ്പാതട്ടിപ്പാണ് നടത്തിയതെന്നാണ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് പറയുന്നത്. തട്ടിപ്പ് നടത്താനായി ബാങ്ക് ജീവനക്കാരുമായും ബിൽഡർമാരുമായും ചേർന്ന് ഇവർ വ്യാജരേഖകൾ ചമയ്ക്കുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. 

ചില കേസുകളിൽ ഇല്ലാത്ത ആളുകളുടെ പേരിലാണ് വസ്തുവകകൾ വാങ്ങിക്കൂട്ടിയത്. മറ്റു ചിലതിൽ ബിൽഡർമാർ വഴി വൻതോതിൽ വായ്പകൾ സംഘടിപ്പിക്കുകയും ചെയ്തു. രാംകുമാർ, നിതിൻ ജെയിൻ, എം.ഡി. വാസി, ഷംഷാദ് ആലം, ഇന്ദ്രകുമാർ കർമ്മകാർ, അനുജ് യാദവ്, താഹിർ ഹുസൈൻ, അശോക് എന്ന ദീപക് ജയിൻ എന്ന റിക്കി എന്നിവരാണ് പിടിയിലായത്.

സംഘത്തിന്റെ തലവൻ എന്ന് സംശയിക്കുന്ന, 45 വയസ്സുള്ള രാംകുമാർ എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്കുകളിൽ മുൻപ് ലോൺ എക്‌സിക്യൂട്ടീവായി ജോലി ചെയ്തിട്ടുണ്ട്. രാംകുമാർ വിവിധ ബിൽഡർമാരുമായി ചേർന്ന് വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കുകയും അവരുടെ പേരിൽ ഭവന വായ്പകൾ നേടുകയും ചെയ്തതായി എസ്ടിഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു.

ടിഎസ്എ സോഫ്റ്റ്വെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, ട്രിപ്ടെക്കി പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെ രണ്ട് സ്വകാര്യ കമ്പനികളും രാംകുമാർ തട്ടിപ്പിനായി ഉണ്ടാക്കി. ഈ കമ്പനികൾക്കായി ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ അക്കൗണ്ടുകൾ തുറന്ന് അതിലൂടെയാണ് വായ്പകൾ നേടിയെടുത്തത്. പണം കൈമാറാനും ഇടപാടുകൾ മറയ്ക്കാനും സംഘാംഗങ്ങൾ ഇരുപതിലധികം ഷെൽ കമ്പനികൾ സൃഷ്ടിച്ചതായി എസ്ടിഎഫ് പറയുന്നു.

മരിച്ചുപോയവരെയും സംഘം ഒഴിവാക്കിയിരുന്നില്ല. ഡൽഹിയിൽ താമസിച്ചിരുന്നതും മരിച്ചുപോയതുമായ രത്‌ന വാസുദേവയുടെ മക്കൾ വിദേശത്തായിരുന്നു. അവരുടെ പേരിലുള്ള സ്ഥലത്തിൽനിന്ന് 4.8 കോടി രൂപയുടെ വായ്പ നേടിയ ശേഷം മറ്റൊരാൾക്ക് വിൽക്കുകയും ചെയ്തു.

രാംകുമാർ എം.ബി.എ. ബിരുദധാരിയാണ്, വാസി ഒരു കമ്പനിയിലെ സെക്രട്ടറിയും എം.ബി.എ., എൽ.എൽ.ബി. ബിരുദധാരിയുമാണ്. കൂടാതെ വർഷങ്ങളോളം ഒരു എക്‌സ്‌ചേഞ്ച് കമ്പനിയിൽ ലീഗൽ ആൻഡ് റിസ്‌ക് മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്. റെയ്ഡിൽ കണ്ടെടുത്ത ഏകദേശം 220 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്.

Content Highlights: Uttar Pradesh STF busts a massive loan fraud racket involving shell companies, fake documents, and impersonation. 8 arrested in a ₹100 crore scam.