യുപിയില്‍ ദളിത് യുവതിയുടെ മൃതദേഹം ചാക്കില്‍; ബിജെപിയെ പിന്തുണച്ചതിന് കൊലപ്പെടുത്തിയതെന്ന് കുടുംബം

ലഖ്‌നൗ: ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ കര്‍ഹാല്‍ നിയോജക മണ്ഡലത്തില്‍ 23-കാരിയായ ദളിത് യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുചെയ്യുന്നതിനെതിരേ സമജ്‌വാദി പാര്‍ട്ടിയുടെ പ്രാദേശിക പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം അറിയിച്ചതോടെ സംഭവം രാഷ്ട്രീയ ചര്‍ച്ചയാകുകയാണ്.
യുവതിയുടെ പിതാവിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലീസ് സമജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകരായ പ്രശാന്ത് യാദവ്, മോഹന്‍ കതേരിയ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞതിനാണ് പ്രതികള്‍ മകളെ കൊലപ്പെടുത്തിയതെന്ന് യുവതിയുടെ മാതാപിതാക്കള്‍ മൊഴി നല്‍കിയതായി മെയിന്‍പുരി ജില്ലാ പോലീസ് മേധാവി വിനോദ് കുമാര്‍ പറഞ്ഞു.
പ്രശാന്ത് യാദവ് മൂന്ന് ദിവസം മുമ്പ് വീട്ടില്‍ വന്ന് ഏത് പാര്‍ട്ടിക്കാണ് വോട്ടുചെയ്യുകയെന്ന് ചോദിച്ചിരുന്നു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ലഭിച്ച വീട്ടിലാണ് തങ്ങള്‍ താമസിക്കുന്നത്. അതിനാല്‍ തന്നെ ബിജെപിയുടെ താമര ചിഹ്നത്തിനാണ് വോട്ടുചെയ്യുകയെന്ന് മകള്‍ മറുപടി നല്‍കി. ഇതോടെ പ്രശാന്ത് അവളെ ഭീഷണിപ്പെടുത്തുകയും സമാദ്‌വാദി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളിന് വോട്ടുചെയ്യാന്‍ ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് യുവതിയുടെ പിതാവ് നല്‍കിയ മൊഴിയില്‍ പറയുന്നു.
യുവതിയുടെ മരണത്തില്‍ സമാജ്വാദി പാര്‍ട്ടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. ബിജെപിക്ക് വോട്ടുചെയ്യുമെന്ന് പറഞ്ഞതിനാണ് ദളിത് യുവതിയെ സമാജ്വാദി പാര്‍ട്ടിയുടെ പ്രശാന്ത് യാദവും സഹായികളും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്ന് ബിജെപി അധ്യക്ഷന്‍ ഭൂപേന്ദ്ര സിങ് ചൗധരി എക്സില്‍ കുറിച്ചു. സംഭവത്തില്‍ സമാജ്വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും കുറ്റവാളികള്‍ക്ക് കഠിന ശിക്ഷ തന്നെ നല്‍കണമെന്ന് പാര്‍ട്ടിയുടെ കര്‍ഹാല്‍ സ്ഥാനാര്‍ത്ഥി തേജ് പ്രതാപ് യാദവ് പറഞ്ഞു.
Content Highlights: up woman body Found In Sack Family Says She Was Killed For Backing BJP