ഗർഭഛിദ്രത്തിനുശേഷം ട്വിഷ മാനസികവിഷമത്തിൽ ആയിരുന്നു; 7 ലക്ഷം രൂപ നൽകിയെന്നും എസ്‌ഐടിയോട് ഭർത്താവ്

#ന്യൂസ് ഡെസ്ക്
സമർത്ഥ് സിങ് | Photo: ANI | ട്വിഷ ശർമ | Image: X
സമർത്ഥ് സിങ് | Photo: ANI | ട്വിഷ ശർമ | Image: X

ഭോപ്പാൽ: മുൻനടിയും മോഡലുമായ ട്വിഷ ശർമ്മയുടെ അസ്വാഭാവിക മരണം സംബന്ധിച്ച അന്വേഷണത്തിൽ പുതിയ വഴിത്തിരിവ്‌. കേസിലെ മുഖ്യപ്രതിയായി പോലീസ് സംശയിക്കുന്ന ട്വിഷയുടെ ഭർത്താവ് സമർത്ഥ് സിങ്ങിനെ പോലീസ് ചോദ്യം ചെയ്യുകയും കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. അതേസമയം, അന്വേഷണം വേഗത്തിലാക്കാൻ സുപ്രീം കോടതി സിബിഐയോട് ആവശ്യപ്പെട്ടു.

അന്വേഷണത്തിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കാൻ മാധ്യമങ്ങളോട് സംസാരിക്കുന്നതിൽനിന്ന് ഇരുപക്ഷത്തെയും കോടതി വിലക്കിയിട്ടുണ്ട്. കൂടാതെ, പ്രതികൾക്ക് ലഭിച്ച മുൻകൂർ ജാമ്യത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ മധ്യപ്രദേശ് ഹൈക്കോടതി ഉടൻ വാദം കേൾക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മെയ് 12-നാണ് ഭോപ്പാലിലെ കതാര ഹിൽസിലുള്ള ഭർതൃവീട്ടിൽ മുപ്പത്തിമൂന്നുകാരിയായ ട്വിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) തിങ്കളാഴ്ച  രണ്ട് മണിക്കൂറിലധികം കുറ്റകൃത്യം പുനരാവിഷ്‌കരിച്ചതായാണ് വിവരം. ശേഷം സമർത്ഥിനെ മൂന്നുമണിക്കൂറോളം ചോദ്യംചെയ്തു.

ഭാര്യ ഗർഭച്ഛിദ്രത്തിന് ശേഷം കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും, താൻ അവർക്ക് ഏഴുലക്ഷം രൂപ നൽകിയിരുന്നതായും സമർത്ഥ് അന്വേഷണ ഉദ്യോഗസ്ഥരോട് ആവർത്തിച്ചു. ഒളിവിൽ പോയ കാലയളവിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള ഉത്തരങ്ങളാണ് ഇയാൾ നൽകിയതെന്നും വൃത്തങ്ങൾ പറയുന്നു.

അന്വേഷണത്തിന്റെ ഭാഗമായി സമർത്ഥിന്റെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ, പാസ്പോർട്ട്, ആധാർ കാർഡ്, മറ്റ് പ്രധാന രേഖകൾ എന്നിവ എസ്‌ഐടി പിടിച്ചെടുത്തു. മധ്യപ്രദേശ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സമാന്തരമായ നിയമനടപടികൾ തുടരുമ്പോൾ തന്നെ കേസ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) ഏറ്റെടുത്തിട്ടുണ്ട്.

സമർത്ഥ് സിങ്ങിനെയും അദ്ദേഹത്തിന്റെ മാതാവ് ഗിരിബാല സിങ്ങിനെയും പ്രതികളാക്കി സിബിഐ തിങ്കളാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സിബിഐയുടെ സ്പെഷ്യൽ ക്രൈം യൂണിറ്റ് ഭോപ്പാലിലെത്തി രേഖകളും തെളിവുകളും ശേഖരിക്കുകയും നടപടിക്രമങ്ങൾ പാലിച്ച് സംസ്ഥാന പോലീസിന്റെ എഫ്‌ഐആർ പുനർരജിസ്റ്റർ ചെയ്യുകയും ചെയ്തു.

ഭാരതീയ ന്യായ സംഹിതയിലെ 80 (2), 85, 3 (5) വകുപ്പുകൾക്കൊപ്പം സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചേർത്താണ് സിബിഐ കേസെടുത്തിരിക്കുന്നത്. സംസ്ഥാന പോലീസ് നേരത്തെ ചുമത്തിയ അതേ കുറ്റങ്ങൾ തന്നെയാണ് സിബിഐയും ചുമത്തിയിരിക്കുന്നത്.

Content Highlights: SIT conducted a two-hour crime scene recreation in Bhopal. Husband Samarth Singh claims Twisha was distressed post-abortion. CBI has officially taken over the investigation from MP Police. Samarth Singh and mother Giribala Singh named as accused in CBI FIR. Police seized digital devices and personal documents for forensic analysis.