വിദ്യാർഥികൾ തായ്ലാൻഡിൽ എത്തിയത് രക്ഷിതാക്കളറിയാതെ, കസ്റ്റംസ് പൊതി തുറന്നത് ചോക്ലേറ്റെന്ന് കരുതി

പ്രതീകാത്മക ചിത്രം, തിരുവനന്തപുരം വിമാനത്താവളത്തിൽ വിദ്യാർഥികളിൽനിന്നു പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ്
പ്രതീകാത്മക ചിത്രം, തിരുവനന്തപുരം വിമാനത്താവളത്തിൽ വിദ്യാർഥികളിൽനിന്നു പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ്

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്തിക്കൊണ്ടുവന്ന പത്ത് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത് യാദൃച്ഛികമായി. എക്‌സ്റേ പരിശോധനയിലാണ് ബാഗിനുള്ളിൽ ഭാരംകൂടിയ പായ്ക്കറ്റുകൾ കണ്ടത്. 

ഭക്ഷണപ്പൊതികളുടെ രൂപത്തിലാണ് പായ്ക്കറ്റുകളുണ്ടായിരുന്നത്. ഇവ ചോക്ലേറ്റ്‌ ആണെന്നാണ് ഉദ്യോഗസ്ഥർ ആദ്യം കരുതിയത്. പിന്നീട്‌ സിഗരറ്റുകളാണോ എന്ന്‌ സംശയമുണ്ടായിരുന്നു. തുടർന്ന് പായ്ക്കറ്റുകൾ തുറന്ന് പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. അപ്പോഴാണ് പത്ത് കിലോയോളം ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്.

പണം വാഗ്ദാനംചെയ്ത് വിദ്യാർഥികളെ കാരിയർമാരാക്കിയതായാണ് സംശയം. ബെംഗളൂരുവിൽ പഠിക്കുന്ന മലപ്പുറം സ്വദേശികളായ വിദ്യാർഥികളാണ് പിടിയിലായത്. ഇവർ രക്ഷിതാക്കളറിയാതെയാണ് വിദേശയാത്രയ്ക്കു പോയത്. തായ്‌ലാൻഡിൽ പോയതിനുശേഷം ബാങ്കോക്കിൽനിന്നാണ് തിരിച്ചെത്തിയത്.

കോഴിക്കോട്ടുനിന്ന്‌ കസ്റ്റംസ്‌ ഉദ്യോഗസ്ഥർ എത്തിയാണ് കൂടുതൽ പരിശോധനകൾ നടത്തിയത്. 23 വയസ്സുള്ള യുവാവും 21 വയസ്സുള്ള യുവതിയുമാണ് പിടിയിലായത്. ഇവർ ഇപ്പോഴും കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു. രക്ഷിതാക്കളെയും വിളിച്ചുവരുത്തിയിട്ടുണ്ട്.

വിദ്യാർഥികൾക്കു പണവും വിദേശയാത്രകൾക്കുള്ള ചെലവും നൽകി കാരിയർമാരായി ഉപയോഗിക്കാനുള്ള സാധ്യതയാണ് കസ്റ്റംസ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. കഞ്ചാവാണെന്നറിയിക്കാതെ വിദ്യാർഥികളെ ഏൽപ്പിച്ചതാണോ എന്നതും പരിശോധിക്കുന്നുണ്ട്. സ്ഥിരം കഞ്ചാവ് കടത്തുന്ന സംഘങ്ങളാണ് പിന്നിലെന്നും സംശയിക്കുന്നു. തമിഴ്‌നാട്ടിലും കർണാടകത്തിലും പഠിക്കുന്ന മലയാളിവിദ്യാർഥികളെ ഇത്തരത്തിൽ കാരിയർമാരായി ഉപയോഗിക്കുന്നതായി അന്വേഷണസംഘങ്ങൾ നേരത്തേയും കണ്ടെത്തിയിരുന്നു.

Content Highlights: Trivandrum Airport Cannabis Seizure Raises Concerns Over Student Exploitation in Drug Trafficking