ലൈവ് സ്ട്രീമിങ്ങിനിടെ ഇൻഫ്ലുവൻസർ കിടക്കയിൽ മരിച്ചനിലയിൽ; കാഴ്ചവെച്ചത് കൊടിയ ശാരീരികപീഡനം, ക്രൂരത

റാഫേല്‍ ഗ്രേവന്‍ | Photo: x.com/ExecutiveJoker
റാഫേല്‍ ഗ്രേവന്‍ | Photo: x.com/ExecutiveJoker

പാരിസ്: ശാരീരിക പീഡനങ്ങൾ ഏൽപ്പിച്ചുകൊണ്ടുള്ള ചലഞ്ചുകളിലൂടെ പ്രശസ്തനായ സ്ട്രീമർ മരിച്ചനിലയിൽ. പ്രമുഖ ഫ്രഞ്ച് സ്ട്രീമറായ റാഫേല്‍ ഗ്രേവനെയാണ് ഫ്രാന്‍സിലെ കോണ്ടിസിലുള്ള വസതിയിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഓണ്‍ലൈനില്‍ ജീന്‍ പോര്‍മാനോവ് (ജെപി) എന്ന പേരിലറിയപ്പെടുന്ന 46-കാരനായ റാഫേല്‍ ഗ്രേവൻ കിക്ക് എന്ന ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രശസ്തനായത്.

സ്ട്രീമിങ്ങിന്‍റെ ഭാഗമായി പത്തുദിവസങ്ങളായി ഇയാൾ കഠിനമായ ശാരീരിക പീഡനങ്ങൾ ഏൽക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. ലൈവ് സ്ട്രീമിങ്ങിനിടെ കിടക്കയിൽ അനക്കമറ്റ നിലയിൽ ഗ്രേവനെ കണ്ട ഫോളേവേഴ്സ് പോലീസിൽ അറിയിക്കുകയായിരുന്നു. 

സ്ട്രീമിങ്ങിന്‍റെ ഭാഗമായി ഇയാളുടെ സഹായികളാണ് ഗ്രേവനെ ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നത്. അനങ്ങാതെകിടക്കുന്ന റാഫേലിന്റെ ശരീരത്തിലേക്ക് ഒരാള്‍ വെള്ളക്കുപ്പി എറിയുന്നതും സ്ട്രീമിങ് കാഴ്ചക്കാർ കണ്ടിരുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അക്രമം അടക്കമുള്ള ഓണ്‍ലൈന്‍ ഉള്ളടക്കത്തിന്‍റെ പേരില്‍ സമീപകാലത്ത് ഗ്രേവനെതിരേ രൂക്ഷവിമർശനങ്ങൾ ഉയർന്നിരുന്നു. ഗ്രേവന്റെ മരണം അങ്ങേയറ്റം ഭയപ്പെടുത്തുന്നതാണെന്ന് ഫ്രാന്‍സിലെ ഹൈക്കമ്മീഷണര്‍ ഫോര്‍ ചില്‍ഡ്രന്‍ സാറ എല്‍ ഹേരി പ്രതികരിച്ചു. അക്രമം അടക്കമുളള ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളിലേയ്ക്ക് കുട്ടികള്‍ സ്വാധീനിക്കപ്പെടാതിരിക്കാൻ മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും അവര്‍ എക്‌സില്‍ കുറിച്ചു.

ഗ്രേവന്റെ മരണത്തില്‍ ലൈവ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ കിക്ക് അനുശോചനം രേഖപ്പെടുത്തി. ഗ്രേവന്‍ മരിച്ചനിലയിലുള്ള ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Content Highlights: tortured and abused by two others for days on live stream French influencer dies