ബിസിനസിൻ്റെ പേരിൽ ഒരുകോടിയും 125 പവനും തട്ടി; സുപ്രീംകോടതിവരെ പോയിട്ടും ജാമ്യമില്ല; അറസ്റ്റ്

തിരൂര്‍(മലപ്പുറം): ബിസിനസ് പങ്കാളിയാകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് തിരൂര്‍ സ്വദേശിയില്‍നിന്ന് ഒരുകോടി രൂപയും 125 പവനും തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന യുവതി അറസ്റ്റില്‍. പടിഞ്ഞാറേക്കര സ്വദേശിനി സജ്‌ന(ഷീന, 40)യെയാണ് തിരൂര്‍ പോലീസ് പിടികൂടിയത്. തട്ടിപ്പിന് കേസെടുത്തതോട കഴിഞ്ഞ മൂന്നുവര്‍ഷമായി വിവിധയിടങ്ങളില്‍ ഒളിവില്‍കഴിഞ്ഞുവരികയായിരുന്നു യുവതി.
2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ പലതവണകളായാണ് തിരൂര്‍ സ്വദേശിയില്‍നിന്ന് യുവതി പണവും സ്വര്‍ണവും കൈക്കലാക്കിയത്. തിരൂര്‍ സ്വദേശി ആരംഭിക്കാനിരുന്ന റൈസ്മില്‍ ബിസിനസില്‍ പങ്കാളിയാകാമെന്ന് പറഞ്ഞാണ് സജ്‌ന പരാതിക്കാരനെ സമീപിക്കുന്നത്. എന്നാല്‍, പണം ട്രഷറിയില്‍ കുടുങ്ങികിടക്കുകയാണെന്നും ആദായനികുതി വകുപ്പിന്റെ ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ ഇത് പിന്‍വലിക്കാനാകില്ലെന്നും പറഞ്ഞ് പ്രതി ഇദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു. ആദായനികുതി വകുപ്പില്‍നിന്നുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാതെ പണം കിട്ടില്ലെന്നും പറഞ്ഞു. തുടര്‍ന്ന് ഈ തടസങ്ങള്‍ നീക്കാനെന്ന് പറഞ്ഞാണ് പലഘട്ടങ്ങളായി പരാതിക്കാരനില്‍നിന്ന് ഒരുകോടി രൂപയും 125 പവന്‍ സ്വര്‍ണവും കൈക്കലാക്കിയത്.
സംഭവത്തില്‍ പോലീസ് കേസെടുത്തതോടെ സജ്‌ന ഒളിവില്‍പോവുകയായിരുന്നു. കഴിഞ്ഞമൂന്നുവര്‍ഷമായി പാലക്കാട്ടെ വിവിധയിടങ്ങളിലാണ് യുവതി ഒളിവില്‍താമസിച്ചിരുന്നത്. രണ്ടാഴ്ച മുന്‍പ് പ്രതി താനൂര്‍ മൂലയ്ക്കലില്‍ താമസിക്കാനെത്തി. ഈ വിവരമറിഞ്ഞതോടെയാണ് തിരൂര്‍ പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ പ്രതി, മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീംകോടതിയെ വരെ സമീപിച്ചിരുന്നു. എന്നാല്‍, കേസിന്റെ ഗൗരവം മനസിലാക്കി കോടതികളെല്ലാം ജാമ്യാപേക്ഷ തള്ളി.
തിരൂര്‍ സ്വദേശിക്ക് പുറമേ മറ്റുപലരില്‍നിന്നും പ്രതി പണം തട്ടിയെടുത്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുന്നതിലൂടെ ഇതുസംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. തിരൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ്‌ചെയ്തു.
Content Highlights: A woman was arrested in Tirur, Kerala for cheating a businessman out of ₹1 crore and 125 sovereigns