ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വധശ്രമം: ഗൂഢാലോചനയിൽ പങ്കുള്ള രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലുപേർ ഡൽഹിയിൽ പിടിയിൽ

#ന്യൂസ് ഡെസ്ക്
ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേർക്കുണ്ടായ വധശ്രമക്കേസിൽ നാല് പേരെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തപ്പോൾ | Photo: x.com/iAtulKrishan1
ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേർക്കുണ്ടായ വധശ്രമക്കേസിൽ നാല് പേരെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തപ്പോൾ | Photo: x.com/iAtulKrishan1

ന്യൂഡൽഹി/മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേർക്കുണ്ടായ വധശ്രമക്കേസിൽ നാല് പേർകൂടി പിടിയിലായി. ആക്രമണത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലുപേരെയാണ് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്യുകയും ചെയ്തത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ സംഘടിപ്പിക്കുന്നതിലും എത്തിക്കുന്നതിലും പ്രധാന പങ്കുവഹിച്ചവരാണ് ഇവരെന്നാണ് പോലീസ് പറയുന്നത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

ഹരിയാണയിലെ സോനിപത് സ്വദേശികളായ കുനാൽ (21), സുമിത് (19) ഉത്തർപ്രദേശിലെ സീതാപൂർ സ്വദേശിനി രാധ, യു.പി.യിലെ തന്നെ അസംഘഡ് സ്വദേശിനി ബബിത എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് മുംബൈ പോലീസിന് കൈമാറിയത്. കുനാലും സുമിതും ചേർന്നാണ് ആയുധങ്ങൾ സംഘടിപ്പിച്ചതെന്നും, രാധയും ബബിതയും മുംബൈയിലെ ദാദറിലെത്തി തോക്കുകൾ മൂന്ന് ആക്രമികൾക്ക് കൈമാറുകയായിരുന്നെന്നും പോലീസ് പറഞ്ഞു. രാധയെയും ബബിതയെയും ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽവെച്ചും കുനാലിനെയും സുമിതിനെയും ഹരിയാണയിലെ സോനിപതിൽവെച്ചുമാണ് പിടികൂടിയത്.

അടുത്തിടെ ജാമ്യത്തിൽ ജയിലിൽനിന്ന് പുറത്തിറങ്ങിയ കുനാൽ, ഒരു സുഹൃത്ത് വഴിയാണ് ടൈഗർ ഷ്റോഫിന് നേരെയുള്ള ആക്രമണത്തിന് ഉത്തരവിട്ടതായി കരുതപ്പെടുന്ന ഗുണ്ടാസംഘത്തിലെ അനിൽ പണ്ഡിറ്റിനെ പരിചയപ്പെടുന്നത്. തുടർന്ന് അമൃത്സറിൽനിന്ന് ഒരു പിസ്റ്റളും 20 കാട്രിഡ്ജുകളും കുനാൽ സംഘടിപ്പിച്ചു. രണ്ടു മാസം മുമ്പാണ് ഇയാൾ രാധയെ കണ്ടുമുട്ടുന്നതെന്നും തോക്ക് മുംബൈയിലേക്ക് എത്തിക്കാൻ അവരെക്കൊണ്ട് സമ്മതിപ്പിക്കുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ഒക്ടോബർ 15-ന് കുനാൽ, രാധയെയും ബബിതയെയും മുംബൈയിലേക്കുള്ള യാത്രയ്ക്കായി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെത്തിച്ചു. എൻക്രിപ്റ്റഡ് ആപ്പ് വഴി ഇവർ ബന്ധപ്പെടുകയും അനിൽ പണ്ഡിറ്റിന്റെ നിർദ്ദേശങ്ങൾ കുനാൽ ഇവർക്ക് കൈമാറുകയും ചെയ്തു. രണ്ടു ദിവസത്തിനുശേഷം മുംബൈ ദാദർ സ്റ്റേഷനിലിറങ്ങിയ ഇരുവരും ഒരു ഹോട്ടലിൽ മുറിയെടുത്തു. തുടർന്ന് ആക്രമികളിലൊരാൾ രാധയിൽനിന്ന് ആയുധങ്ങൾ അടങ്ങിയ ബാഗ് വാങ്ങുകയും ചെയ്തു.

തൊട്ടടുത്ത ദിവസമാണ് ടൈഗർ ഷ്റോഫിന് നേരെ ആക്രമണമുണ്ടായത്. ആക്രമണം നടന്ന ദിവസം തന്നെ രാധയും ബബിതയും ദാദറിൽനിന്ന് ഹരിദ്വാർ എക്സ്പ്രസിൽ കയറി മുംബൈയിൽനിന്ന് ഡൽഹിയിലേക്ക് തിരിച്ചതായി പോലീസ് പറഞ്ഞു.

ഞായറാഴ്ച വൈകീട്ട് മുംബൈ ജൂഹുവിൽ വെച്ചാണ് ജാക്കി ഷ്റോഫിന് നേരെ ആക്രമണം ഉണ്ടായത്. അദ്ദേഹം കാറിൽ പോകുന്നതിനിടെ രണ്ടുപേർ വാഹനത്തിന് മുന്നിൽനിന്ന് വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ടൈഗർ ഷ്റോഫ് പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. എന്നാൽ നടന്റെ ഡ്രൈവർക്കും ഒരു വഴിയാത്രക്കാരനും പരിക്കേറ്റു. സംഭവത്തിന് പിന്നാലെ നേപ്പാളിലേക്ക് കടക്കാൻ പദ്ധതിയിടുന്നതിനിടെയാണ് ആക്രമണം നടത്തിയവരെ രാജസ്ഥാനിലെ കോട്ടയിൽവെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ബിഹാർ സ്വദേശിയായ ഋതിക് എന്ന റോഷൻ (22), ഹരിയാണ സ്വദേശികളായ രെഹാൻ (18), ഫൂൽ സിങ് (18) എന്നിവരാണ് പിടിയിലായത്.

Content Highlights: Delhi Police Special Cell arrested four additional suspects, including two women who transported weapons, bringing the total number of arrests in the Tiger Shroff shooting case to seven.