ക്ഷേത്രത്തില് മോഷണം, തുരപ്പന് സന്തോഷ് പിടിയില്; കൂട്ടാളി ജയിലില് പരിചയപ്പെട്ടയാള്

പേരാവൂര്: വെള്ളര്വള്ളി നരസിംഹമൂര്ത്തി ക്ഷേത്രത്തില് മോഷണം നടത്തിയ രണ്ടുപേര് അറസ്റ്റില്.
പുലിക്കുരുമ്പ സ്വദേശി നെടുമല സന്തോഷ് വിജയന് എന്ന തുരപ്പന് സന്തോഷ് (40), മാഹി സ്വദേശി പട്ടാണി പറമ്പത്ത് പി.പി.രാഗേഷ് (34) എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റുചെയ്തത്. കോടതിയില് ഹാജരാക്കിയ പ്രതികളെ റിമാന്ഡ് ചെയ്തു.
കൂട്ടുപുഴ പാലത്തിനടുത്തുനിന്നാണ് പിടികൂടിയത്. ഇവരുടെ കൈയിലെ ബാഗില് നിന്ന് ഒരു സ്വര്ണാഭരണവും സ്വര്ണം പൂശിയ നരസിംഹമൂര്ത്തിയുടെ രൂപവും ഏതാനും വെള്ളിയാഭരണങ്ങളും കസ്റ്റഡിയിലെടുത്തു. മോഷ്ടിച്ച മറ്റൊരു സ്വര്ണാഭരണം ഇരിട്ടിയിലെ ജൂവലറിയില് വിറ്റതായും വിവരം ലഭിച്ചിട്ടുണ്ട്. മോഷണത്തിനുപയോഗിച്ച പിക്കാസ് ക്ഷേത്രത്തിനുസമീപത്തെ വയലില്നിന്ന് പോലീസ് കണ്ടെടുത്തു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ക്ഷേത്രത്തിന്റെ മേല്ക്കൂര പൊളിച്ച് വിഗ്രഹത്തില് ചാര്ത്തിയിരുന്ന ആഭരണങ്ങള് മോഷ്ടിച്ചത്. ക്ഷേത്രത്തിനകത്തും പുറത്തുമുള്ള ഭണ്ഡാരങ്ങള് തകര്ത്ത് പണവും മോഷ്ടിച്ചിരുന്നു.
പേരാവൂര് പോലീസും കണ്ണൂരില്നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില് പ്രതികളെക്കുറിച്ച് സൂചനകള് ലഭിച്ചിരുന്നു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില് തുരപ്പന് സന്തോഷിന്റെ പേരില് നിരവധി മോഷണക്കേസുകളുണ്ട്.
ജയിലില്നിന്ന് പരിചയപ്പെട്ട മാഹി സ്വദേശിയുമൊത്ത് ക്ഷേത്രത്തില് മോഷണത്തിനെത്തിയ സന്തോഷ് വെള്ളര്വള്ളിയില് സ്ഥാപിച്ച നിരീക്ഷണക്യാമറയില് കുടുങ്ങിയിരുന്നു. പേരാവൂര് എസ്.ഐ. എം.വി.കൃഷ്ണന്റെ നേതൃത്വത്തില് എസ്.ഐ. പി.പി.പ്രഭാകരന്, സീനിയര് സി.പി.ഒ. പി.ജി.സന്തോഷ്, സി.പി.ഒ.മാരായ സി.സത്യന്, എം.ഷൗക്കത്തലി, ഇ.കെ.ഷിജിത്ത് എന്നിവരടങ്ങുന്നതാണ് അന്വേഷണസംഘം. പ്രതികളെ കസ്റ്റഡിയില് വാങ്ങി കൂടുതല് തെളിവെടുപ്പ് നടത്തി ബാക്കി തൊണ്ടിമുതലുകള് കസ്റ്റഡിയിലെടുക്കുമെന്നും എസ്.ഐ. പി.പി.പ്രഭാകരന് പറഞ്ഞു.
Content Highlights: thurappan santosh arrested in temple theft case