ഉത്സവത്തിനിടെ കുഞ്ഞിന്റെ സ്വർണ്ണമാല കവർന്ന യുവതിയെ പിന്നാലെയോടി പിടിച്ചു

തൃശ്ശൂർ: അരിമ്പൂർ സുബ്രഹ്മണ്യ ക്ഷേത്രോത്സവത്തിനിടെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന്റെ സ്വർണ്ണമാല കവർന്ന തമിഴ്നാട് സ്വദേശി പളനിയമ്മാളിനെ നാട്ടുകാർ പിടികൂടി. പേരാമംഗലം സ്വദേശികളുടെ കുഞ്ഞിന്റെ മാലയാണ് മോഷ്ടിക്കപ്പെട്ടത്. ഉത്സവത്തിന്റെ പ്രധാന ദിവസമായതിനാൽ ഒട്ടേറെയാളുകൾ ക്ഷേത്രത്തിൽ എത്തിയിരുന്നു. തിങ്കഴാഴ്ച വൈകീട്ട് 7 മണിയോടെയാണ് മോഷണം. തിരക്കിനിടയിൽ മാല പൊട്ടിച്ചോടിയ സ്ത്രീയെ നാട്ടുകാരും പോലീസും പിന്തുടർന്നു. അതിനിടെ യുവതി തൊട്ടടുത്ത ഒരു കടയിലേക്ക് മാല വലിച്ചെറിഞ്ഞ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിയിലായി. അന്തിക്കാട് പോലീസിന് കൈമാറി.
മാല പൊട്ടിക്കുന്നതിനിടെ കുഞ്ഞിന് പരിക്കേറ്റു. ഇവരെ അന്തിക്കാട് പോലീസ് കസ്റ്റഡിയിലെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഉത്സവം പോലുള്ള ആഘോഷങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയൊരു മോഷണസംഘത്തിലെ അംഗമാണ് പിടിയിലായ യുവതിയെന്ന് പോലീസ് സംശയിക്കുന്നു. സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന ഇവർക്കൊപ്പമുള്ള മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി.
Content Highlights: A woman stole a 9-month-old baby`s gold chain at the Arimpoor Subramanya Temple festival in Thrissur. Locals and police chased and apprehended the suspect.