വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ; ആഭരണങ്ങൾ കവർന്നതായി സംശയം; കൊലപാതകമെന്ന് പോലീസ്

തൃശ്ശൂർ: ദേശമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോത്ത് വീട്ടിൽ സഫിയ (72) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. തനിച്ച് താമസിക്കുന്നതിനാൽ രാത്രികാലങ്ങളിൽ ഭയം മൂലം മറ്റു വീടുകളിൽ പോയി ഉറങ്ങുന്നതായിരുന്നു സഫിയയുടെ പതിവ്. എന്നാൽ കഴിഞ്ഞ ദിവസം രാത്രി അവർ പതിവുപോലെ എത്താതിരുന്നതിനെ തുടർന്ന് നാട്ടുകാർ അന്വേഷിച്ച് ചെന്നപ്പോഴാണ് സഫിയയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവർ ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത് ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന സംശയത്തിന് ബലമേകുന്നു. സംഭവത്തെക്കുറിച്ച് ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു.
Content Highlights: An elderly woman was found dead in her Thrissur home