മുംബൈയിൽ മൂന്ന് സഹോദരങ്ങൾ വാടകവീട്ടിൽ മരിച്ച നിലയിൽ; മരണത്തിന് മുമ്പ് വീഡിയോ പകർത്തി

മുംബൈ: മഹാരാഷ്ട്രയിൽ വിരാർ വെസ്റ്റിലുള്ള വാടക ഫ്ലാറ്റിൽ മൂന്ന് സഹോദരങ്ങളെ മരിച്ചനിലയിൽ കണ്ടെത്തി. വിഷംകഴിച്ച് ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ സംശയം. സാമ്പത്തിക പ്രതിസന്ധിയും ഗുരുതര ആരോഗ്യപ്രശ്നങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ദീപേഷ് മേത്ത (52), കുമാർ മേത്ത (50), ഖേവന മേത്ത (48) എന്നിവരാണ് മരിച്ച സഹോദരങ്ങൾ. വിരാറിലെ ഗ്ലോബൽ സിറ്റിയിലുള്ള ഗാർഡൻ അവന്യൂവിലെ വാടകവീട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് മൂന്നോ നാലോ ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.
മരണത്തിന് മുന്നോടിയായി സഹോദരങ്ങൾ മൊബൈൽ ഫോണിൽ ഒരു വീഡിയോ ചിത്രീകരിച്ചിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി. രോഗബാധ മൂലം നേരിട്ട കടുത്ത ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും സാമ്പത്തിക തകർച്ചയെക്കുറിച്ചും വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. ദിനംപ്രതിയുള്ള ചെലവുകൾക്കും വീട്ടുവാടകയ്ക്കുമൊക്കെയായി ഇവർ മറ്റൊരു സഹോദരിയോട് 50,000 രൂപ കടം ചോദിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Content Highlights: Three siblings found dead in a rented flat in Virar West, Mumbai., Police suspect death by poisoning due to financial crisis and severe health issues., Siblings recorded a video on a mobile phone before their death detailing their struggles., Bodies were discovered after locals reported a foul smell coming from the apartment.