കൈക്കൂലിക്കേസ്; കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് പരിശോധന

#ന്യൂസ് ഡെസ്ക്
സിപിഎം കൗണ്‍സിലര്‍ അജിന്‍ കൈക്കൂലി ചോദിക്കുന്ന ഒളിക്യാമറാ ദൃശ്യം
സിപിഎം കൗണ്‍സിലര്‍ അജിന്‍ കൈക്കൂലി ചോദിക്കുന്ന ഒളിക്യാമറാ ദൃശ്യം

തിരുവനന്തപുരം: കൈക്കൂലിക്ക് പരസ്യമായി വിലപേശൽ നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് പരിശോധന. ഭൂമി തരംമാറ്റാനും പുറമ്പോക്ക് ഭൂമി അനധികൃതമായി രജിസ്റ്റർ ചെയ്തുനൽകാനും പത്തു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്ന അജിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് വിജിലൻസ് നടപടി.

തിരുവനന്തപുരം കോർപ്പറേഷൻ തൃക്കണ്ണാപുരം വാർഡിലെ ഇടത് കൗൺസിലറാണ് അജിൻ. കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യവും ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണവും പുറത്തുവന്നതോടെ സി.പി.എമ്മും പ്രതിരോധത്തിലായിരുന്നു.

പണം നൽകിയില്ലെങ്കിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ രംഗത്തിറക്കി സമരം തുടങ്ങുമെന്നായിരുന്നു കൗൺസിലറുടെ ഭീഷണി. പേയാട് സ്വദേശി സഞ്ജുവിന്റെ ഭൂമിയുമായി ബന്ധപ്പെട്ട കാര്യത്തിനാണ് അജിൻ കൈക്കൂലി ആവശ്യപ്പെട്ടത്. തൃക്കണ്ണാപുരം വാർഡിൽ 19 സെന്റ് സ്ഥലം വാങ്ങി പ്ലോട്ടുകളാക്കി തിരിച്ചു വിൽപ്പന നടത്തുകയായിരുന്നു സഞ്ജു. ആദ്യഘട്ട നിർമാണം നടക്കുമ്പോഴാണ് അജിൻ ഇടപെടുന്നത്. പത്തു ലക്ഷം രൂപ കൈക്കൂലി നൽകിയാൽ സമീപത്തെ പുറമ്പോക്ക് ഭൂമി കൂടി രജിസ്റ്റർ ചെയ്തു നൽകാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. തർക്കിക്കാൻ നിന്നാൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെക്കൊണ്ട് സ്ഥലത്ത് കൊടികുത്തിക്കുമെന്നും ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്.

Content Highlights: Vigilance raids the house of Thrikkannapuram ward left councillor Ajin S. Lean., The raid follows a leaked video and audio clip demanding Rs 10 lakh as a bribe for land reclassification., Councillor threatened to use DYFI activists to protest if the bribe was not paid.