തിരുവനന്തപുരം-കൊല്ലം-പത്തനംതിട്ട ജില്ലകളിൽ മോഷണ പരമ്പര നടത്തിയ കുപ്രസിദ്ധ കവർച്ചാസംഘം പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടിൽ നിന്നും ഓട്ടോറിക്ഷ മോഷ്ടിക്കുകയും തുടർന്ന് ഇതേ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് തൊട്ടടുത്ത മൂന്ന് ജില്ലകളിൽ മോഷണ പരമ്പര നടത്തുകയും ചെയ്ത സംഘത്തിലെ പ്രതികളെ അടൂർ ഡെൽറ്റ സ്‌ക്വാഡ് ചിന്ന കനാൽ-സൂര്യനെല്ലിയിൽ നിന്നും അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്തവരിൽ പ്രായപൂർത്തി ആകാത്തവരുമുണ്ട്.
മൂന്ന് ജില്ലകളിലായി കഴിഞ്ഞ 14-ാം തീയതിയാണ് സംഘം തുടരെയുള്ള മോഷണം നടത്തിയത്. പള്ളികൾ, അമ്പലങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ബിവറേജ് തുടങ്ങി 30-ഓളം സ്ഥലങ്ങളിലാണ് മോഷണശ്രമമുണ്ടായത്. തലയിൽ ഹെൽമെറ്റ് ധരിച്ച് ഓട്ടോറിക്ഷയിൽ എത്തിയാണ് ഇവർ മോഷണം നടത്തിയിരുന്നത്.
മോഷണപരമ്പരയ്ക്ക് ശേഷം ഈ ഓട്ടോറിക്ഷ പത്തനംതിട്ടയിലെ നരിയാപുരത്ത് ഉപേക്ഷിച്ച് പ്രതികൾ ഇടുക്കിയിലേക്ക് കടക്കുകയായിരുന്നു. ശേഷം 16-ാം തീയതി ചിന്ന കനാലിലെ ഒരു വ്യാപാരസ്ഥാപനത്തിൽ കയറി മോഷണം നടത്തി പണവുമായി സൂര്യനെല്ലിയിലേക്ക് കടക്കുകയായിരുന്നു.
പ്രതികളെ പിന്തുടരുകയായിരുന്ന ഡെൽറ്റ സ്‌ക്വാഡ് അംഗങ്ങൾ ഇന്ന് പുലർച്ചെയാണ് ഇവർ ഒളിവിൽ കഴിയുകയായിരുന്ന സ്ഥലത്ത് എത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ ഫോൺ ഉപയോഗിക്കാത്തതും പോലീസിന് ഇവരെ കണ്ടെത്തുന്നതിന് വലിയ വെല്ലുവിളിയായിരുന്നു.
പ്രതികളെ കസ്റ്റഡിയിൽ എടുക്കുമ്പോൾ, അവർ മോഷ്ടിച്ച് കൈയിൽ സൂക്ഷിച്ചിരുന്ന രണ്ട് ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം ഇവരുടെ കൂട്ടാളികളെ അടൂർ സ്‌ക്വാഡ് കസ്റ്റഡിയിൽ എടുത്തിരുന്നു. അവരിൽനിന്നും ലഭിച്ച വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രതികളുടെ ലൊക്കേഷൻ കണ്ടെത്താനായത്.
അടൂർ ഡിവൈഎസ്പി വിനോദ്, അടൂർ സിഐ രാജീവ് എന്നിവരുടെ നിർദേശാനുസരണം അടൂർ എസ്എച്ച്ഒ ജിനു ജെ.യു., സ്‌ക്വാഡ് അംഗങ്ങളായ അഭിലാഷ്, വിജയ്, നിതിൻ, അമീഷ് എന്നിവർ അടങ്ങിയ സ്‌ക്വാഡ് ആണ് പ്രതികളെ സാഹസികമായി പിടികൂടിയത്.
Content Highlights: A group of thieves stole an auto-rickshaw in Thiruvananthapuram and used it to commit a series of thefts across three districts, targeting churches, temples, shops, and beverage outlets. After abandoning the auto-rickshaw in Pathanamthitta, the suspects continued their theft spree, eventually being tracked and arrested by the Adoor Delta Squad in Chinnakanal-Suryanelli.