സി.പി.എം. പ്രവർത്തകന്റെ കാൽ ബോംബെറിഞ്ഞ് തകർത്ത സംഭവം: അഞ്ച് ബി.ജെ.പി. പ്രവർത്തകർ കുറ്റക്കാർ

#ന്യൂസ് ഡെസ്ക്

തലശ്ശേരി: മോട്ടോർസൈക്കിളിൽ പോകുകയായിരുന്ന സി.പി.എം. പ്രവർത്തകന്റെ കാൽ ബോംബെറിഞ്ഞ് തകർത്ത കേസിൽ അഞ്ച് ബി.ജെ.പി-ആർ.എസ്.എസ്. പ്രവർത്തകർ കുറ്റക്കാരാണെന്ന് തലശ്ശേരി അഡീഷണൽ ജില്ലാകോടതി (മൂന്ന്) കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ ജഡ്ജി റൂബി കെ. ജോസ് ശനിയാഴ്ച വിധിക്കും. വധശ്രമത്തിനും സ്‌ഫോടകവസ്തു കൈകാര്യം ചെയ്തതിനും പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. ജാമ്യം റദ്ദുചെയ്ത് തലശ്ശേരി സബ്ജയിലിൽ റിമാൻഡ് ചെയ്തു.

കോയ്യോട് ചെമ്പിലോട് കോവിൽ കൊടിവളപ്പിൽ ഹൗസിൽ കെ.വി. ഷിനോജ് (37), ഏച്ചൂർ അയ്യപ്പൻമല അങ്കണവാടിക്ക് സമീപം ചടയൻ ഹൗസിൽ സി. ലനീഷ് (33), ചെമ്പിലോട് കോവിൽ കോരൻനായർ വിജ്ഞാന കേന്ദ്രത്തിന് സമീപത്തെ കെ.ശിശിർ (31), ചെമ്പിലോട് കോവിൽ കോരൻനായർ സ്മാരക വിജ്ഞാന കേന്ദ്രത്തിന് സമീപം മയൂരം ഹൗസിൽ കെ.വി.ഷാരോൺ (33), ചെമ്പിലോട് കോവിൽ പാറക്കൽ ഹൗസിൽ സി.കെ. ഷനിൽകുമാർ (44) എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

2016 ജനുവരി മൂന്നിന് വൈകിട്ട് അഞ്ചിന് ചെമ്പിലോട് കോവിൽ റോഡ് കവലയിലാണ് സംഭവം. ബോംബേറിൽ തലമുണ്ടയിലെ കെ. സമേഷിന്റെ ഇടതുകാൽ സംഭവസ്ഥത്ത് വച്ച് നഷ്ടമായിരുന്നു. ഒന്നിച്ചുണ്ടായിരുന്ന കണയന്നൂരിലെ ഒ.കെ. രാജേഷിന് ഗുരുതരമായി പരിക്കേറ്റു. സമീപത്തെ വീട്ടിൽ നിൽക്കുകയായിരുന്ന സഫിയത്തിനും പരിക്കേറ്റു. അഞ്ചു പ്രതികളും കണ്ടാലറിയുന്ന ഒരു പ്രതിയും ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.

പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. രൂപേഷ് ഹാജരായി. കണ്ണൂർ സിറ്റി പോലീസ് സി.ഐമാരായ കെ.എസ്.ഷാജി, പ്രകാശൻപടന്നയിൽ, കെ.വി.പ്രമോദൻ എന്നിവർ അന്വേഷണം നടത്തി. സി.ഐ പ്രദീപൻ കണ്ണിപ്പൊയിൽ കുറ്റപത്രം നൽകി. പ്രാസിക്യൂഷൻ 23 സാക്ഷികളെ വിസ്തരിച്ചു.40 രേഖകൾ ഹാജരാക്കി.

Content Highlights: Thalassery Additional District Court convicted 5 BJP-RSS workers in a 2016 bomb attack case., The attack targeted a CPM worker, resulting in severe injuries and the loss of a leg., Sentencing for the convicted individuals will be pronounced on Saturday.