ചോദ്യം ചെയ്തതോടെ കുഞ്ഞിനെ ഉപേക്ഷിച്ച് ഓടി; മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ സ്ത്രീകൾ അരൂരിൽ പിടിയിൽ

#ന്യൂസ് ഡെസ്ക്
• സരസ്വതി, വെണ്ണില
• സരസ്വതി, വെണ്ണില

അരൂർ: തൃശ്ശൂരിലെ മാള സ്റ്റേഷനിൽ മോഷണക്കേസിൽ പിടിയിലായശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ തമിഴ് നാടോടി സ്ത്രീകൾ അരൂരിൽ അറസ്റ്റിൽ. സേലം കോയമ്പേട്ട റെയിൽവേ കോളനി വെണ്ണില (36), സേലം മാരിയമ്മൻ കോവിൽ സരസ്വതി (38) എന്നിവരയൊണ് മറ്റൊരു മോഷണശ്രമത്തിനിടെ അരൂർ പോലീസ് പിടികൂടിയത്. തൃശ്ശൂരിലെ ഇലത്തൂരടക്കം കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ ഇവർക്കെതിരെ മോഷണക്കേസുണ്ട്. ഞായറാഴ്ച രാവിലെ എരമല്ലൂർ മോഹം ആശുപത്രിപരിസരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. 

ആശുപത്രിയുടെ താഴെ നിർമ്മാണ ജോലികൾ നടന്നുവരികയാണ്. ഇവിടെ സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ ഇവരെ അവിടെ ഉണ്ടായിരുന്നവർ ചോദ്യം ചെയ്തതോടെ ഒപ്പം ഉണ്ടായിരുന്ന കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വിവരം അറിഞ്ഞെത്തിയ  ഇരുവരേയും അരൂർ പോലീസ് പിടികൂടുകയായിരുന്നു. വിശദമായി ചോദ്യം ചെയ്യലിലാണ് ഇരുവരുടേയും പേരിൽ മാള സ്‌റ്റേഷനിൽ ലോങ് പെൻഡിങ് വാറന്റ് ഉള്ളതായി അറിഞ്ഞത്. കേരളത്തിലെ വിവിധയിടങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് മോഷണം നടത്തി വരുകയായിരുന്നു ഇവർ. പിടിയിലായ വെണ്ണില ഏലത്തൂർ ‌സ്റ്റേഷൻ പരിധിയിൽ ശിവാനി എന്ന പേരിലാണറിയപ്പെടുന്നത്. എസ്.എച്ച്.ഒ. അബീഷിന്റെ നിർദ്ദേശാനുസരണം എ,എസ്.ഐ. ഉഷ, സി.പി.ഒ.മാരായ ജിതിൻരാജ്, റിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

Content Highlights: Two Tamil nomadic women arrested in Aroor during a theft attempt, Accused had pending warrants from Mala police station, Involved in multiple thefts across various police stations in Kerala, Apprehended by Aroor police following local alertness near a hospital