യൂസ്ഡ് കാര്‍, ലൈംഗികത്തൊഴിലാളിയുടെ ആധാര്‍; സ്വിസ് വനിതയുടെ കൊലക്കേസില്‍ ചുരുളഴിഞ്ഞത് ഇങ്ങനെ

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് സ്വിസ് വനിതയെ കൊലപ്പെടുത്തിയ കേസില്‍ 12 മണിക്കൂറിനുള്ളില്‍ ചുരുളഴിച്ച് ഡല്‍ഹി പോലീസ്. ഡല്‍ഹി തിലക് നഗറില്‍ വെള്ളിയാഴ്ച രാവിലെയാണ് പ്ലാസ്റ്റിക് കവറില്‍ പാതിപൊതിഞ്ഞ നിലയില്‍ വിദേശവനിതയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശിയായ ലെന ബെര്‍ജറാണെന്ന് തിരിച്ചറിയുകയും മണിക്കൂറുകള്‍ക്കുള്ളില്‍ കേസിലെ പ്രതിയായ ഗുര്‍പ്രീത് സിങ്ങിനെ പിടികൂടുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹം ഉപേക്ഷിക്കാനെത്തിയ കാര്‍, ഈ കാര്‍ വാങ്ങുമ്പോള്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍, മൊബൈല്‍ നമ്പര്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസില്‍ നിര്‍ണായകമായത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരു സാന്‍ട്രോ കാറിലെത്തിയാണ് പ്രതി മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചതെന്ന് വ്യക്തമായി. കാര്‍ റോഡരികിലെ മതിലിനോട് ചേര്‍ന്ന് നിര്‍ത്തുന്നതും കാറില്‍നിന്ന് മൃതദേഹം പുറത്തേക്ക് തള്ളിയിടുന്നതും സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. കാറിന്റെ നമ്പറും പ്രതിയുടെ ഏകദേശരൂപവും ഈ ദൃശ്യങ്ങളില്‍നിന്ന് തിരിച്ചറിഞ്ഞു. ഇതോടെ കാറിന്റെ ഉടമയെ കണ്ടെത്താനായി പോലീസിന്റെ ശ്രമം. എന്നാല്‍, പലതവണ കൈമാറിയ കാറിന്റെ നിലവിലെ ഉടമയെ കണ്ടെത്തല്‍ ആദ്യഘട്ടത്തില്‍ വെല്ലുവിളിയായി.
അടുത്തിടെ ഒരു യൂസ്ഡ് കാര്‍ വില്‍പ്പനക്കാരനില്‍നിന്നാണ് ഗുര്‍പ്രീത് സിങ് ഈ കാര്‍ വാങ്ങിയിരുന്നത്. കാറിന്റെ രേഖകളൊന്നും ഇയാളുടെ പേരിലേക്ക് മാറ്റിയിരുന്നില്ല. ഒടുവില്‍ ഈ കാര്‍ വില്‍പ്പനക്കാരനെ പോലീസ് കണ്ടെത്തി. ഒക്ടോബര്‍ എട്ടാംതീയതിയാണ് പ്രതി കാര്‍ കൊണ്ടുപോയതെന്നും കാറിന്റെ വിലയായ 1.80 ലക്ഷം രൂപയില്‍ 1.65 ലക്ഷം രൂപ ഇയാള്‍ നല്‍കിയിരുന്നതായും വില്‍പ്പനക്കാരന്‍ മൊഴിനല്‍കി. എന്നാല്‍, കാര്‍ വാങ്ങിയപ്പോള്‍ ഗുര്‍പ്രീത് സിങ് നല്‍കിയ മൊബൈല്‍നമ്പര്‍ ഇയാളുടേതായിരുന്നില്ല. കാറിന്റെ ആര്‍.സി. ഇയാളുടെ പേരിലേക്ക് മാറ്റുന്നതിനായി വില്‍പ്പനക്കാരന്‍ പലതവണ ഈ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. മാത്രമല്ല, ഒരു യുവതിയുടെ ആധാര്‍ രേഖകള്‍ നല്‍കിയാണ് ഗുര്‍പ്രീത് സിങ് കാര്‍ വാങ്ങിയത്. ഈ യുവതിയുടെ പേരില്‍ വാഹനം രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു ഇയാള്‍ ആവശ്യപ്പെട്ടിരുന്നത്. ഈ വിവരങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ ലൈംഗികത്തൊഴിലാളിയായ യുവതിയുടെ ആധാര്‍ രേഖയാണ് പ്രതി നല്‍കിയിരുന്നതെന്ന് വ്യക്തമായി. ഇതിനിടെ, ഗുര്‍പ്രീത് സിങ് ഉപയോഗിച്ചിരുന്ന മറ്റൊരു മൊബൈല്‍നമ്പര്‍ പോലീസിന് കണ്ടെത്താനായത് നിര്‍ണായകമായി. ഈ സിംകാര്‍ഡ് ഗുര്‍പ്രീതിന്റെ പേരില്‍തന്നെയായിരുന്നെങ്കിലും ഇതിലെ വിലാസം തെറ്റായിരുന്നു.
രണ്ടാമത്തെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് ഒരു സംഘം അന്വേഷണം തുടരുന്നതിനിടെ പോലീസിന്റെ മറ്റൊരുസംഘം ലൈംഗികത്തൊഴിലാളിയായ യുവതിയെ കണ്ടെത്തി. സെപ്റ്റംബര്‍ മൂന്നാംതീയതി ഗുര്‍പ്രീത് സിങ്ങിനൊപ്പം താന്‍ പോയിരുന്നതായും ഈ സമയത്താണ് തന്റെ ആധാര്‍ കാര്‍ഡ് അയാള്‍ കൈക്കലാക്കിയതെന്നും ഇവര്‍ മൊഴി നല്‍കി. ഇതിനിടെ സൈബര്‍വിഭാഗത്തിന്റെ സഹായത്തോടെ ഗുര്‍പ്രീത് സിങ്ങിന്റെ കുടുംബാംഗങ്ങളുടെ നമ്പറുകളും മറ്റുവിവരങ്ങളും പോലീസ് കണ്ടെത്തി. തുടര്‍ന്ന് ഈ വിവരങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടിയത്.
മൂന്നുവര്‍ഷം മുന്‍പ് ബന്ധുവിനെ സന്ദര്‍ശിക്കാനായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോയ സമയത്താണ് ഗുര്‍പ്രീത് സിങ് കൊല്ലപ്പെട്ട യുവതിയുമായി പരിചയത്തിലായത്. തുടര്‍ന്ന് ചാറ്റിങ്ങിലൂടെയും ഫോണ്‍വിളിയിലൂടെയും സൗഹൃദം വളര്‍ന്നു. യുവതിയെ വിവാഹം കഴിക്കണമെന്നായിരുന്നു പ്രതിയുടെ ആഗ്രഹം. എന്നാല്‍, തനിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും വിവാഹത്തിന് താത്പര്യമില്ലെന്നുമാണ് യുവതി പറഞ്ഞത്. ഇതോടെ യുവതിയെ കൊലപ്പെടുത്താന്‍ പ്രതി തീരുമാനിക്കുകയായിരുന്നു.
അവധിക്കാലം ചിലവഴിക്കാനായാണ് സ്വിസ് വനിതയെ ഗുര്‍പ്രീത് സിങ് ഇന്ത്യയിലേക്ക് ക്ഷണിച്ചത്. ഒക്ടോബര്‍ 11-ന് ഡല്‍ഹിയിലെത്തിയ യുവതി ഒരു ഹോട്ടലിലായിരുന്നു താമസം. ഡല്‍ഹി നഗരത്തില്‍ യാത്രചെയ്യാമെന്ന് പറഞ്ഞാണ് ഹോട്ടലില്‍നിന്ന് പ്രതി യുവതിയെ കാറില്‍ കൊണ്ടുപോയത്. തുടര്‍ന്ന് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ പ്രതി മൃതദേഹം കാറില്‍ സൂക്ഷിച്ചു. കാറില്‍നിന്ന് ദുര്‍ഗന്ധം വമിച്ചുതുടങ്ങിയതോടെയാണ് മൃതദേഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് തിലക്‌നഗറിലെ റോഡരികില്‍ യുവതിയുടെ മൃതദേഹം തള്ളിയതെന്നും പോലീസ് പറഞ്ഞു. കേസുമായി പ്രതി ഉപയോഗിച്ചിരുന്ന മറ്റൊരു കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ വീട്ടില്‍നിന്ന് 2.25 കോടി രൂപയും കണ്ടെടുത്തു.
Content Highlights: swiss woman killed in delhi police cracked the case within hours