മന്ത്രവാദത്തിലൂടെ വിശ്വാസം നേടി, കുടുംബത്തെ സമൂഹത്തിൽ നിന്നകറ്റി; വിജയന്റെ മൃതദേഹത്തോട് കൊടുംക്രൂരത

കട്ടപ്പന: കട്ടപ്പനയിലെ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട വിജയനും കുടുംബത്തിനും നിതീഷിനെ മുമ്പുതന്നെ അടുത്ത പരിചയമുണ്ടായിരുന്നു. ഇരുകൂട്ടരും നഗരത്തിൽ താമസിക്കുന്നവരാണ്. എന്നാൽ, നിതീഷിന് ഈ കുടുംബത്തിൽ വലിയ സ്ഥാനവും വിശ്വാസവും കിട്ടാനുള്ള കാരണം മറ്റൊന്നാണ്. കുടുംബത്തിന്റെ അന്ധവിശ്വാസം. ദുർമന്ത്രവാദിയായ നിതീഷ് തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് അവർ വിശ്വസിച്ചിരുന്നുവെന്നാണ് വിവരം.
ഒറ്റപ്പെടുത്തി
നിതീഷ് അടുത്തതോടെ കുടുംബം എല്ലാ തരത്തിലും സമൂഹത്തിൽനിന്ന് അകന്നു. ബന്ധുക്കളുമായുള്ള സ്നേഹബന്ധം ഇല്ലാതായി. വർഷങ്ങളായി ഇവർക്ക് ആരുമായും അടുപ്പമില്ല.
വിജയന്റെ മകൾക്ക് വർഷങ്ങൾക്ക് മുൻപ് കൈവേദന വന്നപ്പോൾ നിതീഷിന്റെ പൂജയിലൂടെ ഇത് മാറി എന്നാണ് കുടുംബം വിശ്വസിച്ചിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു. വിജയന്റെ മകനും മറ്റൊരു പ്രതിയുമായ വിഷ്ണുവിന് അത്ര വലിയ വിശ്വാസം ഇല്ലായിരുന്നു. എന്നാൽ, നിതീഷിന്റെ കൂടെക്കൂടി അന്ധവിശ്വാസങ്ങളിലേക്ക്് മാറിയെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. നിതീഷുമായുള്ള കൂട്ട് അപകടമാണെന്ന് ബന്ധുക്കളിൽ പലരും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, വിജയനും കുടുംബവും അത് കാര്യമാക്കിയില്ല.
ഇതിനിടെ വിജയന്റെ മകളുമായി നിതീഷ് അടുപ്പം സ്ഥാപിച്ചു. ഇവർക്ക് കുട്ടിയുണ്ടാകുകയും ചെയ്തു. ഈ കുഞ്ഞിനെയാണ് ദുരഭിമാനത്തിന്റെ പേരിൽ ജനിച്ച് ദിവസങ്ങൾക്കകം നിതീഷ് ശ്വാസംമുട്ടിച്ച് കൊന്നത്. വിജയന്റെ സാഗര ജങ്ഷന് സമീപമുള്ള വീട്ടിൽവെച്ചായിരുന്നു കൊലപാതകം. മൃതദേഹം ഇവിടത്തെ തൊഴുത്തിൽ കുഴിച്ചുമൂടിയെന്നാണ് മൊഴി. വിജയനും മകൻ വിഷ്ണുവും കുഞ്ഞിനെ കൊല്ലാൻ സഹായിച്ചുവെന്നും നിതീഷിന്റെ മൊഴിയിലുണ്ട്.
പിന്നീട് ഈ വീട് വിറ്റു. ഈ പണത്തിലെ വലിയ പങ്ക്, പൂജയ്ക്കെന്ന പേരിൽ നീതീഷ് വാങ്ങിയെടുത്തു. പലയിടങ്ങളിൽ വാടകയ്ക്ക് താമസിച്ചു. എട്ടുമാസം മുൻപാണ് കാഞ്ചിയാർ കക്കാട്ടുകടയിലെ വീട് വാടകയ്ക്ക് എടുത്തത്. ഇവിടെയും നിതീഷ് ദുർമന്ത്രവാദം നടത്തി.
ഇവിടെയും അയൽവാസികളുമായി ഒരു ബന്ധവുമില്ലായിരുന്നു. തൊട്ടപ്പുറത്തുള്ള വീട്ടിൽ കുടിവെള്ളത്തിനായി മോട്ടോർ പ്രവർത്തിപ്പിക്കാൻ വിഷ്ണു പോകുമായിരുന്നു. ആ വീട്ടുകാരോടും വിഷ്ണു അധികം മിണ്ടിയിട്ടില്ല. സ്ത്രീകൾ വീടിന് പുറത്ത് വരില്ലായിരുന്നു. ആകെ ദുരൂഹത നിറഞ്ഞ ജീവിതം.
പോലീസ് കണ്ടത്
മോഷണക്കേസിൽ വിഷ്ണുവും നിതീഷും പിടിയിലായതോടെയാണ് പോലീസ് വാടകവീട്ടിലേക്ക് എത്തുന്നത്. കുടുസുമുറിയിൽ സ്ത്രീകളെ അടച്ചിട്ട നിലയിൽ കണ്ടെത്തി. സ്റ്റൗവും ഭക്ഷ്യവസ്തുക്കളും മുറിയിലുണ്ടായിരുന്നു. വീട്ടിൽ ചാക്കുകെട്ടുകളും വസ്ത്രങ്ങളും ഭക്ഷണപ്പൊതികളുടെ അവശിഷ്ടങ്ങളും ചിതറിക്കിടന്നു.
കറുത്ത പ്ലാസ്റ്റിക്കും തുണിയും ഉപയോഗിച്ച് മൂടിയ നിലയിലായിരുന്നു രണ്ട് മുറികൾ. ഇതിൽ കൂടുതലും പൂജാ വസ്തുക്കളും രൂപങ്ങളും പുസ്തകങ്ങളുമായിരുന്നു. വിജയനെ കൊന്ന് കുഴിച്ചുമൂടിയത് ഈ വീടിന്റെ തറയിലാണ്.
വിജയന്റെ മൃതദേഹത്തോട് കൊടുംക്രൂരത
ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് വിജയന് ജോലിക്കുപോകാൻ കഴിയാതെ വന്നു. ഇതോടെയാണ് നിതീഷുമായുള്ള പ്രശ്നങ്ങൾ തുടങ്ങുന്നത്. കുഞ്ഞിനെ കൊന്നുകുഴിച്ചുമൂടിയ സാഗര ജങ്ഷനിലെ വീട് വിജയൻ വിറ്റത് ഒരു കോടിയോളം രൂപയ്ക്കാണ്. ഈ പണത്തിന്റെ വലിയൊരു പങ്ക് നിതീഷ് വാങ്ങിയെടുത്തിരുന്നു.
ജോലിക്കുപോകാൻ വയ്യാതായതോടെ ഈ പണം തിരിച്ചുവേണമെന്ന് വിജയൻ ആവശ്യപ്പെട്ടുവെന്ന് പറയുന്നു. ഈ തർക്കമാണ് ഓഗസ്റ്റ് രാത്രിയിലെ കൊലപാതകത്തിലേക്ക് നയിച്ചത്. വിജയനെ തലയ്ക്കടിച്ചുവീഴ്ത്തിയ ഇവർ മൃതദേഹത്തിൽ പാന്റ്സും ഷർട്ടും ധരിപ്പിച്ചു. മരിച്ചുവെന്ന് മനസ്സിലായതോടെ വീട്ടിലെ കസേരയിലിരുത്തി.
തുടർന്ന് ഇരുവരുംകൂടി ആലോചിച്ചാണ് മൃതദേഹം കാഞ്ചിയാർ കക്കാട്ടുകടയിലെ വാടകവീടിന്റെ തറയിൽ കുഴിച്ചിട്ടത്. ഒന്നരദിവസംകൊണ്ടാണ് കുഴിയെടുത്തത്. അപ്പോഴേക്കും മൃതദേഹം അഴുകി ദുർഗന്ധം വന്നുതുടങ്ങിയിരുന്നു. കുഴിയിൽ വെയ്ക്കുന്നതിനുമുൻപ് മൃതദേഹം മൂന്നായി ചവിട്ടിമടക്കിയെന്നും പോലീസ് പറഞ്ഞു.
നിതീഷിന്റെ പിതൃസഹോദരന്റെ ആത്മഹത്യയും അന്വേഷിക്കണമെന്ന് ആവശ്യം
ഇരട്ടക്കൊലപാതകത്തിലെ പ്രധാന പ്രതി നിതീഷിന്റെ പിതൃസഹോദരൻ ഷാജിയുടെ ആത്മഹത്യ അന്വേഷിക്കണമെന്നും ആവശ്യം. ഏതാനും വർഷം മുൻപാണ് ഷാജി തറവാട്ടുവീട്ടിൽ തൂങ്ങിമരിച്ചത്. ഈ സമയം നിതീഷും ഇവരോടൊപ്പമാണ് താമസിച്ചിരുന്നത്. മരണത്തിൽ നാട്ടുകാർക്കും പോലീസിനും സംശയം ഉണ്ടായിരുന്നു. തൂങ്ങിമരിച്ചതിന്റെ ലക്ഷണമില്ലായിരുന്നെന്ന് സമീപവാസികൾ പറയുന്നു. എന്നാൽ, പരാതിക്കാർ ഇല്ലാത്തതിനാൽ കാര്യമായ അന്വേഷണം നടന്നില്ല.
മൂന്നുദിവസം മുൾമുനയിൽ കട്ടപ്പന
കട്ടപ്പന: കഥയേത്..കാര്യമേത്..കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കട്ടപ്പനക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞത് ഈ ചോദ്യങ്ങൾക്ക് ഉത്തരമായിരിക്കും. മുൾമുനയിലായിരുന്നു നഗരവും പരിസര പ്രദേശങ്ങളും. ഒടുവിൽ അതിന്റെ ചുരുളഴിഞ്ഞിരിക്കുകയാണ്. പിഞ്ചുകുഞ്ഞിനെയടക്കം രണ്ട് പേരെ കൊന്ന് കുഴിച്ചുമൂടിയെന്ന് തെളിഞ്ഞിരിക്കുകയാണ്. ഒരാളുടെ മൃതദേഹം കണ്ടെടുത്തുകഴിഞ്ഞു.
ഊഹാപോഹങ്ങൾ
മാർച്ച് നാലിന് പ്രതികളായ നിതീഷിനെയും വിഷ്ണുവിനെയും മോഷണക്കേസിൽ പിടികൂടിയപ്പോൾ മുതൽ കാഞ്ചിയാറിൽ പല ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. വിഷ്ണുവിന്റെ വീട്ടിൽ പോലീസ് എത്തിയപ്പോൾ അതിന് ശക്തികൂടി.
വിലപിടിപ്പുള്ള മോഷണവസ്തുക്കൾ തപ്പിയാണ് പോലീസ് എത്തിയതെന്നായിരുന്നു ആദ്യം പ്രചരിച്ചത്. രണ്ടുപേരെ കൊന്ന് ചാണകക്കുഴിയിൽ തള്ളിയെന്ന് പിന്നീട് പ്രചരണമുണ്ടായി. കൊല്ലപ്പെട്ട വിജയന്റെ വാടകവീട്ടിലും മുൻപ് താമസിച്ചിരുന്ന വീട്ടിലും പോലീസ് കാവലേർപ്പെടുത്തി. വഴി സീൽചെയ്തു. ഇതോടെ വലിയ ആകാംക്ഷ ഉണ്ടായി.
ശനിയാഴ്ചയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. പ്രതി നിതീഷ് കുറ്റംസമ്മതിച്ചു.ഞായറാഴ്ച വിജയന്റെ മൃതദേഹാവശിഷ്ടവും കണ്ടെത്തി. സ്വന്തം കുഞ്ഞിനെ അച്ഛനാണ് കൊന്നതെന്നും വയോധികനെ കൊല്ലാൻ മകനും ഭാര്യയും കൂട്ടുനിന്നെന്നുമുള്ള വാർത്ത ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്.
രോഷം പ്രകടിപ്പിച്ച് നാട്ടുകാർ
കക്കാട്ടുകടയിലെ വാടകവീടിന്റെ തറപൊളിച്ച് വിജയന്റെ മൃതദേഹം തിരയുന്നു എന്ന് അറിഞ്ഞ് നിരവധിപ്പേരാണ് തടിച്ചുകൂടിയത്. പ്രതി നിതീഷിനെയും സംഭവ സ്ഥലത്തെത്തിച്ചിരുന്നു. ഇയാളെ കണ്ടതോടെ നാട്ടുകാർ രോഷം പ്രകടിപ്പിച്ചുകുഞ്ഞിനെ കുഴിച്ചിട്ട സാഗര ജങ്ഷനിലെഎത്തിച്ചപ്പോൾ നാട്ടുകാർ ശാപവാക്കുകൾ ഉയർത്തി.
Content Highlights: More details about Kattappana double murder