TCയെ ചൊല്ലി തർക്കം; സ്കൂൾ വിദ്യാർഥി അധ്യാപകനെ കുത്തി പരിക്കേൽപിച്ചു, സംഭവം പ്രിൻസിപ്പലിന്റെ മുറിയിൽ

#ന്യൂസ് ഡെസ്ക്
ആക്രമണത്തിന് മുമ്പ് അധ്യാപനും പ്രിൻസിപ്പലുമായി സംസാരിക്കുന്ന വിദ്യാർഥി | Image credit: @ThePuneMirror X
ആക്രമണത്തിന് മുമ്പ് അധ്യാപനും പ്രിൻസിപ്പലുമായി സംസാരിക്കുന്ന വിദ്യാർഥി | Image credit: @ThePuneMirror X

പുണെ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ സ്‌കൂളിനുള്ളിൽ വിദ്യാർത്ഥി അധ്യാപകനെ കുത്തി പരിക്കേൽപിച്ചു. നഗരത്തിലെ കന്റോൺമെന്റ് ഏരിയയിലുള്ള ലിറ്റിൽ ഫ്‌ളവർ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ട്രാൻസ്ഫർ സർട്ടിഫിക്കറ്റിനെ (ടിസി) ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നാണ് വിദ്യാർഥി അധ്യാപകനെ കുത്തിയത് എന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പ്രിൻസിപ്പലിന്റെ മുറിയിൽവെച്ചാണ് കുട്ടി ആക്രമണം നടത്തിയത്. സംഭവസമയം ആ മുറിയിൽ പ്രിൻസിപ്പലും കുത്തേറ്റ അധ്യാപകനും അക്രമിയായ കുട്ടിയും മാത്രമാണ് ഉണ്ടായിരുന്നത്. മൂവരും തമ്മിൽ തമ്മിൽ സംസാരിക്കുന്നതും കുട്ടി പെട്ടെന്ന് പ്രകോപിതനാകുന്നതും അധ്യാപകനെ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതോടെ പ്രിൻസിപ്പലും അധ്യാപകനും അവരുടെ ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റു.

സംസാരിക്കുന്നതിനിടെ കുട്ടി പെട്ടെന്ന് കൈവശം കരുതിയിരുന്ന കത്തി ഇടുപ്പിൽനിന്നും വലിച്ചൂരിയെടുത്ത് അധ്യാപകന്റെ അധ്യാപകന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. കുത്തേറ്റ അധ്യാപകൻ പെട്ടെന്നുതന്നെ പിന്നിലേക്ക് മാറുകയും, രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായി വിദ്യാർത്ഥി നിന്നതിന്റെ എതിർവശത്ത് പ്രിൻസിപ്പലിന്റെ കസേരയ്ക്കടുത്തേക്ക് നീങ്ങുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

ക്യാബിനുള്ളിൽ പരിഭ്രാന്തി പടർത്തിക്കൊണ്ട് വിദ്യാർത്ഥി കത്തി അധ്യാപകന്റെയും പ്രിൻസിപ്പലിന്റെയും നേരെ നീട്ടി ഭീഷണിപ്പെടുത്തുന്നതും, അവർ ഇരുവരും മേശയുടെ വശത്തുകൂടി റൂമിന് പുറത്ത് കടക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പ്രിൻസിപ്പലിന്റെ നിലവിളിയും കുട്ടിയുടെ ആക്രോശവും കേട്ട് സ്‌കൂൾ ജീവനക്കാരും അവിടേക്ക് ഓടിയെത്തി.

ഒരാൾ റൂമിനുള്ളിൽ കടക്കുന്നതും വിദ്യാർത്ഥിയെ ആശ്വസിപ്പിക്കുന്നതും കാണാം, എന്നാൽ കുട്ടി ആരുടേയും വാക്കുകൾ കേൾക്കാൻ തയ്യാറാകുന്നില്ല. വീണ്ടും അധ്യാപകനെ ആക്രമിക്കുന്നതിലാണ് അവൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതിനിടെ പ്രിൻസിപ്പൽ ഒരുവിധം റൂമിൽനിന്നും പുറത്തുകടന്നു. ഇതോടെ തന്നെ ശാന്തനാക്കാൻ ശ്രമിച്ചയാളിലേക്കായി കുട്ടിയുടെ ശ്രദ്ധ.

കത്തി നീട്ടി ഭീഷണിയുമായി കുട്ടി റൂമിൽനിന്ന് പുറത്തിറങ്ങിയവർക്ക് നേരെ തിരിഞ്ഞു. അവൻ വാതിലിന്റെ പകുതിയോളം പുറത്തിറങ്ങിയ തക്കംനോക്കി കുത്തേറ്റ അധ്യാപകൻ റൂമിന്റെ വാതിൽ അടച്ച് കുറ്റിയിട്ടു. പിന്നാലെ സ്‌കൂളിലെ മറ്റ് ജീവനക്കാർ കൂടി അവിടേക്ക് ഓടിയെത്തി കുട്ടിയെ ശാന്തനാക്കാൻ ശ്രമിക്കുകയും ഒടുവിൽ അവനെ കീഴ്‌പ്പെടുത്തുകയുമായിരുന്നു.

പരിക്കേറ്റ അധ്യാപകനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മുൻകൂട്ടി ആസൂത്രണം ചെയ്തത് പ്രകാരം, കുട്ടി ഈ ആയുധം ഓൺലൈൻ വഴിയാണ് വാങ്ങിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പോലീസിന്റെ റിപ്പോർട്ട് പ്രകാരം; വിദ്യാർത്ഥി തന്റെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങാനാണ് സ്‌കൂളിൽ എത്തിയത്. നടപടിക്രമങ്ങൾക്കിടയിൽ, അവനും അധ്യാപകനും തമ്മിൽ തർക്കമുണ്ടായി. സാഹചര്യം വഷളായതോടെ വിദ്യാർത്ഥി അധ്യാപകനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. സ്‌കൂളിൽ പഠിച്ചിരുന്ന സമയത്തും പ്രതി ഇതേ ക്ലാസ് അധ്യാപകനുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Content Highlights: A minor student stabbed a teacher in a school principal's cabin. The conflict arose over a Transfer Certificate (TC) request. The incident was captured on CCTV at Little Flower School. The student reportedly ordered the weapon online prior to the incident. Police have detained the juvenile for further investigation.