അച്ഛനെയും അമ്മയേയും വെട്ടിക്കൊന്നു, മകന്‍ പിടിയില്‍; സംഭവം തിരുവല്ലയില്‍

തിരുവല്ലയിൽ മകൻ കൊലപ്പെടുത്തിയ കൃഷ്ണൻകുട്ടിയുടേയും ശാരദയുടേയും മൃതദേഹങ്ങൾ | ഫോട്ടോ: Screengrab/Mathrubhumi News
തിരുവല്ലയിൽ മകൻ കൊലപ്പെടുത്തിയ കൃഷ്ണൻകുട്ടിയുടേയും ശാരദയുടേയും മൃതദേഹങ്ങൾ | ഫോട്ടോ: Screengrab/Mathrubhumi News

പത്തനംതിട്ട: തിരുവല്ലയില്‍ മാതാപിതാക്കളെ മകന്‍ വെട്ടിക്കൊന്നു. പരുമല നാക്കട ആശാരിപ്പറമ്പില്‍ കൃഷ്ണന്‍കുട്ടി(76), ശാരദ(68) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകന്‍ അനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരുടേയും കഴുത്തിനേറ്റ ഗുരുതരമായ മുറിവാണ് മരണകാരണം എന്നാണ് നിഗമനം.

രാവിലെ 8.45-ഓടു കൂടിയാണ് ദാരുണമായ സംഭവം നടന്നത്. രണ്ടു പേരും തത്ക്ഷണം കൊല്ലപ്പെട്ടു. മാതാപിതാക്കളെ ആക്രമിച്ച ശേഷം ആയുധവുമായി സ്ഥലത്ത് അനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. പിന്നീട് പുളിക്കീഴില്‍ നിന്ന് കൂടുതല്‍ പോലീസെത്തി ഇയാളെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊലപാതകം നടത്താനുള്ള പ്രകോപനം എന്താണെന്ന് വ്യക്തമല്ല. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് അനില്‍ വീട്ടില്‍ താമസിച്ചു വന്നത്. വീടിനുള്ളില്‍ വെച്ചാണ് കൊലപാതകവുമുണ്ടായത്.

വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് പോലീസിനെ സംഭവമറിയിച്ചത്. അനില്‍ ആയുധവുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതു കൊണ്ടു തന്നെ പരിക്കേറ്റ കൃഷ്ണന്‍കുട്ടിയേയും ശാരദയേയും ആശുപത്രിയിലെത്തിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. അതിനാല്‍ തന്നെ രക്തം വാര്‍ന്ന് ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്.

മകന്‍ അനിലുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ദമ്പതികള്‍ ഏതാനും ആഴ്ചകള്‍ മുമ്പുവരെ വാടക വീട്ടിലായിരുന്നു താമസം. രണ്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും വീട്ടില്‍ തിരിച്ചെത്തിയത്. മാതാപിതാക്കളെ ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടിലെത്തി കണ്ട് സംസാരിച്ച ശേഷമാണ് അനില്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. കുടുംബത്തില്‍ സ്വത്തുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ പതിവായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.അനില്‍ ലഹരിക്കടിമയാണെന്ന് പറയപ്പെടുന്നുവെങ്കിലും എന്നാല്‍ പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. മാനസികാരോഗ്യത്തിന് അനില്‍ ചികിത്സ തേടിയിരുന്നതായും സൂചനയുണ്ട്.വധശ്രമത്തിന്റെ പേരില്‍ അനിലിനെതിരെ മാതാപിതാക്കള്‍ നേരത്തെ പോലീസില്‍ പരാതിപ്പെട്ടിരുന്നു. മൂന്നു മക്കളില്‍ ഇളയ ആളാണ് അനില്‍.ശാരദയ്ക്ക് ശാരീരികപ്രശ്നങ്ങളുണ്ടായിരുന്നു.
 

Content Highlights: son hacks parents to death in thiruvalla, parents killed, crimenews, pathanamthitta