ട്രെയിൻ അട്ടിമറിക്ക് ശ്രമിച്ചത് ജോലികിട്ടാത്തതിന്റെ പകയിൽ; ദുരന്തം ഒഴിവാക്കിയത് ലോക്കോപൈലറ്റ്, യുവാവ് പിടിയിൽ

#ന്യൂസ് ഡെസ്ക്
റെയിൽവേ പാളത്തിൽ കോൺക്രീറ്റ് കയറ്റിവെച്ചനിലയിൽ, ഷുക്ലാൽ മറയ്യ
റെയിൽവേ പാളത്തിൽ കോൺക്രീറ്റ് കയറ്റിവെച്ചനിലയിൽ, ഷുക്ലാൽ മറയ്യ

ഷൊർണൂർ: മാന്നനൂർ-ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പാളത്തിൽ കോൺക്രീറ്റും ഇരുമ്പു കഷ്ണവും കയറ്റിവെച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ ബിഹാർ സ്വദേശിയെ അറസ്റ്റ് ചെയ്തു. ബിഹാർ കത്തിഹാർ ജില്ല മനിഹരി നീമ പോസ്റ്റ് ഡോംടോലയിൽ ഷുക്‌ലാൽ മറയ്യ (24) ആണ് റെയിൽവേ സുരക്ഷാസേനയുടെ പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയോടെ മാന്നനൂർ റെയിൽവേ സ്റ്റേഷന് സമീപം കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് കടന്നുപോകുന്ന സമയത്താണ് സംഭവം. വലിയ കോൺക്രീറ്റ് സ്ലാബ്, റെയിൽപ്പാളത്തിന്റെ കഷ്ണം, ബാഗ് എന്നിവ കണ്ടെത്തുകയായിരുന്നു.

കണ്ണൂർ-കോയമ്പത്തൂർ തീവണ്ടിയിലെ ലോക്കോ പൈലറ്റാണ് എതിർദിശയിലെ പാളത്തിൽ അപകടാവസ്ഥകണ്ട് അറിയിച്ചത്. ഇതോടെ റെയിൽവേ ജീവനക്കാരെത്തി ഇവ നീക്കംചെയ്തു. ഒറ്റപ്പാലം, ഷൊർണൂർ പോലീസും റെയിൽവേ സുരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് ഷുക്‌ലാൽ മറയ്യയെ റെയിൽവേ സുരക്ഷാസേന പിടികൂടിയത്.

തീവണ്ടി മറിയുമെന്ന് അറിയാമെന്നും ജോലിയൊന്നും ലഭിക്കാത്തതിനാൽ സമൂഹത്തോടുള്ള ദേഷ്യമാണ് ഇങ്ങനെചെയ്യാൻ പ്രേരിപ്പിച്ചതെന്നുമാണ് ഇയാളുടെ മൊഴി. മാന്നനൂർഭാഗത്തുനിന്ന് നടന്നുവന്നാണ് പാളത്തിൽ കോൺക്രീറ്റും ഇരുമ്പുകഷ്ണവും വെച്ചതെന്നും ഇയാൾ പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Content Highlights: Concrete slab and iron pieces found on the railway track between Mannanur and Shoranur., Kannur-Coimbatore Express loco pilot spotted the obstruction and alerted authorities., Bihar native Shuklal Marayya arrested by the Railway Protection Force (RPF).