ഷഹബാസ് വധക്കേസ്: കുറ്റപത്രം സമര്‍പ്പിച്ചത് 90 ദിവസം തികയാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ

കൊല്ലപ്പെട്ട ഷഹബാസ്
കൊല്ലപ്പെട്ട ഷഹബാസ്

കോഴിക്കോട്: വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസ് കൊല്ലപ്പെട്ട കേസില്‍ കുറ്റാരോപിതരായ ആറുവിദ്യാര്‍ഥികള്‍ക്കെതിരേ കൊലക്കുറ്റമടക്കം ഒന്‍പത് വകുപ്പുകള്‍ ചുമത്തി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കുട്ടികളും പത്താംക്ലാസ് വിദ്യാര്‍ഥികളാണ്. പത്തുപേജുള്ള കുറ്റപത്രവും അനുബന്ധരേഖകളും സഹിതം 205 പേജുള്ള റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 

എഫ്‌ഐആറില്‍ രണ്ടാമതായി പേര് ചേര്‍ക്കപ്പെട്ട കുട്ടിയുടെ പേരാണ് കുറ്റപത്രത്തില്‍ ആദ്യത്തേതായുള്ളത്. 106 സാക്ഷികളാണ് പ്രോസിക്യൂഷന്റേതായുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായ താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ എ. സായൂജ് കുമാര്‍ ശനിയാഴ്ച വൈകീട്ട് ആറരയോടെ ജില്ലാ കോടതി കോംപ്‌ളക്‌സിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ ജഡ്ജ് വി.എ. അരുണിമയുടെ ഓഫീസിലെത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 

കൊലപാതകം, കലാപമുണ്ടാക്കാന്‍ സംഘംചേരല്‍, ഗൂഢാലോചന, ആയുധമുപയോഗിച്ച് മാരകമായി പരിക്കേല്‍പ്പിക്കല്‍, അന്യായമായി സംഘംചേരല്‍, തടഞ്ഞുനിര്‍ത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. ഇതിനുപുറമേ, മൂന്നുപേര്‍ക്കെതിരേ ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്തതിനും മോട്ടോര്‍വാഹന വകുപ്പ് പ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുണ്ട്. 

തിങ്കളാഴ്ച ഹൈക്കോടതി ഈ കേസിലെ കുറ്റാരോപിതരുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. കുറ്റപത്രം സമര്‍പ്പിച്ചെന്ന റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യും. കേസ് രജിസ്റ്റര്‍ചെയ്ത് തൊണ്ണൂറുദിവസം തികയുന്നതും അന്നാണ്. 

യാത്രയയപ്പ് ചടങ്ങിനിടെ വിദ്യാര്‍ഥികള്‍ തമ്മില്‍നടന്ന വാക്കേറ്റവും അതിനുപിന്നാലെ സാമൂഹികമാധ്യമങ്ങളില്‍നടന്ന പോര്‍വിളികളുമാണ് താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ് (15) എന്ന എളേറ്റില്‍ എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ ജീവനെടുത്ത സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഫെബ്രുവരി 27-ന് താമരശ്ശേരിയില്‍നടന്ന വിദ്യാര്‍ഥിസംഘര്‍ഷത്തില്‍ മാരകപരിക്കേറ്റ ഷഹബാസ് മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെയാണ് മരിക്കുന്നത്.

ശബ്ദരേഖയും നഞ്ചക്കും ഫൊറന്‍സിക് പരിശോധനയില്‍

സാമൂഹികമാധ്യമത്തില്‍ കൃത്യത്തിന്റെ ആസൂത്രണത്തെക്കുറിച്ച് ശബ്ദരേഖയിട്ട കുറ്റാരോപിതനെ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലെത്തിച്ച് അന്വേഷണസംഘം തെളിവെടുത്തു. ശബ്ദരേഖയുടെ ഉടമതന്നെ എന്ന് ഉറപ്പുവരുത്താനാണിത്. അവിടെവെച്ച് കുറ്റാരോപിതന്റെ ശബ്ദരേഖ റെക്കോഡുചെയ്തു. ഈ ശബ്ദരേഖയും സാമൂഹിക മാധ്യമത്തില്‍നിന്ന് ശേഖരിച്ച ശബ്ദരേഖയും താരതമ്യംചെയ്ത് തിരുവനന്തപുരത്തെ സംസ്ഥാന ഫൊറന്‍സിക് സയന്‍സ് ലബോറട്ടറി റിപ്പോര്‍ട്ട് നല്‍കും.

ഷഹബാസിന്റെ തലയോട്ടി തകരാന്‍ കാരണമായ നഞ്ചക്ക് കണ്ണൂര്‍ ഫൊറന്‍സിക് ലാബിലാണുള്ളത്. ഡിഎന്‍എ പരിശോധനയ്ക്കാണ് ഇത് എത്തിച്ചത്. ഷഹബാസിന്റെ രക്തക്കറയോ ത്വക്കിന്റെ അംശങ്ങളോ ഇതില്‍ ഉണ്ടോ എന്ന് കണ്ടെത്തേണ്ടതുണ്ട്. 

Content Highlights: thamarassery shahabaz murder case police submits chargesheet one day before 90 days