സൈക്കിൾ കള്ളാ, വിഷ്ണുവിന് നഷ്ടമായത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം; അത് തിരികെ നൽകിക്കൂടെ

പുന്നയൂർക്കുളം: ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ഇല്ലാതായതിന്റെ സങ്കടത്തിലാണ് പത്താം ക്ലാസുകാരൻ വിഷ്ണു. കൂട്ടുകാർക്കെല്ലാം സൈക്കിൾ ഉള്ളപ്പോൾ, കുറെയേറെക്കാലം മോഹിച്ചുനടന്ന് സ്വന്തമാക്കിയതാണ്. കിട്ടുന്ന പൈസ സ്വരുക്കൂട്ടിവച്ചു. കഴിഞ്ഞ പിറന്നാളിന് അപ്പൂപ്പൻ കൂടി സഹായിച്ചതോടെ സൈക്കിൾ വാങ്ങി. ആ സൈക്കിളാണ് കവർന്നത്.
എന്നും രാവിലെ ആൽത്തറയിൽ സൈക്കിൾ വച്ചാണ് വിഷ്ണു ട്യൂഷന് പോകുന്നത്. അഞ്ഞൂരുള്ള ട്യൂഷൻ സെന്ററിലേക്ക് ബസിൽ പോയി തിരിച്ചുവന്ന്, സൈക്കിൾ എടുത്ത് സ്‌കൂളിലേക്ക് പോകും. പക്ഷേ, ബുധനാഴ്ച രാവിലെ ട്യൂഷൻ കഴിഞ്ഞ് തിരിച്ചുവന്നപ്പോൾ സൈക്കിളില്ല. സമീപത്തുള്ള കട തുറന്നപ്പോൾ ഉടമയോട് കാര്യം പറഞ്ഞു. സൈക്കിൾ വെച്ച സമയം മുതലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അതിൽനിന്ന് മോഷണദൃശ്യങ്ങൾ ലഭിച്ചു.
അച്ഛനെയും അമ്മയെയും വിളിച്ചുവരുത്തി ദൃശ്യങ്ങൾ ഫോണിലേക്ക് മാറ്റി. മോഷണദൃശ്യങ്ങൾ ആപ്ലിക്കേഷന്റെ സഹായത്തോടെ വ്യക്തത വരുത്തി സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു. സൈക്കിൾ കിട്ടാതായതോടെ വിഷ്ണു വടക്കേക്കാട് പോലീസ് സ്റ്റേഷനിലെത്തി. ഇനി വിഷ്ണുവിന്റെ പ്രതീക്ഷ പോലീസിലാണ്.
ഓട്ടോത്തൊഴിലാളിയായ പൂഴിക്കള സ്വദേശി മാമ്പുള്ളി ഷാജിയുടെയും രാജശ്രീയുടെയും മകനായ വിഷ്ണു തിരുവളയന്നൂർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിന്റെ പരിസരത്തുനിന്നാണ് സൈക്കിൾ മോഷണം പോയത്. രണ്ടുമാസംമുൻപ് ഇവിടെനിന്ന് മറ്റൊരു വിദ്യാർഥിയുടെ സൈക്കിളും മോഷണംപോയിരുന്നു.
Content Highlights: Heart Broken school student is waiting for his stolen bike