സാവര്യ വധക്കേസ്: പ്രതിക്ക് ഉസ്‌ബെക്കിസ്താനിൽ എട്ടരവർഷം തടവ്, പരമാവധി ശിക്ഷ നൽകാൻ അപേക്ഷിച്ചിരുന്നെന്ന് പിതാവ്

#ന്യൂസ് ഡെസ്ക്
സാവര്യ, സദറുള്‍ അനം
സാവര്യ, സദറുള്‍ അനം

ഹരിപ്പാട്: മലയാളി മെഡിക്കൽ വിദ്യാർഥിനി സാവര്യ ബസന്ത് (22) ഉസ്ബെക്കിസ്താനിൽ കൊല്ലപ്പെട്ട കേസിൽ സഹപാഠി മലപ്പുറം പെരിന്തൽമണ്ണ എരുവത്ത് കിഴക്കേത്തൊടിയിൽ സദറുൾ അനമിന് (23) എട്ടരവർഷം തടവുശിക്ഷ. ഉസ്ബക്കിസ്താനിലെ വിചാരണക്കോടതിയാണ് ശിക്ഷ വിധിച്ചതെന്ന് സാവര്യയുടെ അച്ഛൻ ബസന്ത് പറഞ്ഞു.

കേസിൽ വാദിഭാഗം അഭിഭാഷകയായ ഉസ്ബക്കിസ്താൻ സ്വദേശിനി ബസന്തിനെ ഫോണിൽ അറിയിച്ചതാണിത്. കോടതിയുത്തരവ് അടുത്തദിവസം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഹരിപ്പാട് പിലാപ്പുഴ സുപ്രഭാതം വീട്ടിൽ സാവര്യ ബസന്ത് ജൂലായ് നാലിനാണു കൊല്ലപ്പെട്ടത്. നാലുമാസം കഴിഞ്ഞപ്പോഴേക്കും കേസിൽ വിധിയുണ്ടായി.

സാവര്യയെ ലാപ്‌ടോപ്പുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. രണ്ടു ദിവസത്തോളം മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ചതായും ബന്ധുക്കൾക്കു വിവരം ലഭിച്ചിരുന്നു. അന്നുതന്നെ സദറുൾ അനം അറസ്റ്റിലായി. വിചാരണയുടെ വിവരങ്ങളറിയാൻ ബസന്ത് ഒക്ടോബർ 23-ന് ഉസ്ബെക്കിസ്താനിൽ പോയിരുന്നു. അവിടെ കോടതിയിൽ മൊഴി നൽകി. പ്രതിക്കു പരമാവധി ശിക്ഷ നൽകാൻ അപേക്ഷിച്ചിരുന്നതായി ബസന്ത് പറഞ്ഞു.

കോടതിമുറിയിൽ സദറുൾ അനമിനെ കണ്ടതായി ബസന്ത് പറഞ്ഞു. വീഴ്ചയിൽ പരിക്കേറ്റ സാവര്യയെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നെന്ന വാദമാണ് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചത്. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടും അന്വേഷണോദ്യോഗസ്ഥരുടെ മൊഴികളും പ്രതിക്ക് ശിക്ഷ ലഭിക്കാൻ പര്യാപ്തമായെന്നാണു വിലയിരുത്തൽ. ഉസ്ബെക്കിസ്താനിൽ കൊലപാതകത്തിന് പരമാവധി 10 വർഷമാണു ശിക്ഷ. വധശിക്ഷ നിരോധിച്ച രാജ്യമാണ്.

ബസന്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് പോലീസ് കേസെടുത്തിരുന്നു. കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറി. കേസുമായി ബന്ധപ്പെട്ട രേഖകൾ ഉസ്ബെക്കിസ്താനിൽനിന്നു ശേഖരിക്കാൻ ക്രൈംബ്രാഞ്ച് നടപടി തുടങ്ങി. ഇതിനുള്ള റിപ്പോർട്ട് അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന ഡിവൈ.എസ്.പി. ടി. മനോജ് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് അയച്ചിരിക്കുകയാണ്. ഉസ്ബെക്കിസ്താനിലെ ഇന്ത്യൻ എംബസി വഴിയാണ് രേഖകൾ കിട്ടേണ്ടത്.

സാവര്യയുടെ കുടുംബാംഗങ്ങൾ, ഉസ്ബെക്കിസ്താനിൽ ഒപ്പം പഠിച്ചിരുന്നവർ, പ്രതിയുടെ കുടുംബാംഗങ്ങൾ തുടങ്ങിയവരുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചിരുന്നു. പ്രതിയുടെ സഹോദരൻ ഇപ്പോഴും ഉസ്ബെക്കിസ്താനിൽ തങ്ങുകയാണെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു.

Content Highlights: Savarya Basanth (22) was killed in Uzbekistan on July 4., Classmate Sadurul Anam sentenced to 8.5 years in prison by an Uzbek court., Defense claimed it was an accident, but post-mortem and police evidence secured the conviction., Kerala Crime Branch is collecting official case documents through the Indian Embassy.