പി.ജയരാജനും ടി.വി.രാജേഷിനും തിരിച്ചടി, അരിയിൽ ഷുക്കൂർ വധക്കേസില്‍ വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികളായ സി.പി.എം. നേതാക്കൾ പി.ജയരാജനും ടി.വി. രാജേഷിനും തിരിച്ചടി. തങ്ങൾക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്ന ഇരുവരുടേയും വിടുതൽ ഹർജി എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി തള്ളി. കേസിൽ ഗൂഢാലോചനാകുറ്റമായിരുന്നു ജയരാജനും രാജേഷിനുമെതിരേ സി.ബി.ഐ ചുമത്തിയിരുന്നത്. ഇതിനെതിരേയാണ് നേതാക്കൾ കോടതിയെ സമീപിച്ചത്.
തങ്ങൾക്കെതിരേ തെളിവില്ലാത്തതിനാൽ ഗൂഢാലോചന കുറ്റം നിലനിൽക്കില്ലെന്നും വിചാരണ ആവശ്യമില്ലെന്നുമായിരുന്നു ഇരുവരുടെയും വാദം. ഈ ആവശ്യം കോടതി നിരാകരിച്ചതിനാൽ ഹൈക്കോടതിയെ സമീപിക്കുകയാണ് ഇനിയുള്ള മാർഗം. അല്ലാത്തപക്ഷം ഇരുവർക്കും കേസിൽ വിചാരണ നേരിടേണ്ടിവരും.
ജയരാജനും രാജേഷിനുമെതിരേ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ നിലനിൽക്കുമെന്ന് വാദത്തിനിടെ നേരത്തേ പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. ഇവർക്കെതിരേ തെളിവുകളുള്ളതിനാൽ വിടുതൽ ഹർജി തള്ളണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
2012 ഫെബ്രുവരി 20-നാണ് ലീഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്. അന്ന് സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും മുൻ എം.എൽ.എ. ടി.വി. രാജേഷും സഞ്ചരിച്ചിരുന്ന കാറിനു നേരേ ലീഗ് പ്രവർത്തകർ ആക്രമണം നടത്തിയതിനെത്തുടർന്ന് ഷുക്കൂറിനെ സി.പി.എം. പ്രവർത്തകർ കൊലപ്പെടുത്തിയെന്നാണ് കേസ്. 34 പ്രതികളാണ് കേസിലുള്ളത്.
Content Highlights: Release plea of PJayarajan and TV Rajesh in Ariyil Shukur murder case rejected