വില്ലനായി മദ്യം; ഭാര്യയെ കുത്തിയശേഷം ആർത്തുകരഞ്ഞ് റഷീദ്,ആശുപത്രിയിലെത്തിക്കാനും മുൻപന്തിയിൽ

വണ്ടൂർ: റഷീദ് ഭാര്യയെ കുത്തിക്കൊന്നത് വിശ്വസിക്കാനാകാതെ നാട്. മാസങ്ങളോളം മദ്യം തൊടാതിരിക്കുകയും ഉപയോഗം തുടങ്ങിയാൽ ഇരുപത്തിനാല് മണിക്കൂറും മദ്യലഹരിയിലാകുകയും ചെയ്യുന്ന പ്രകൃതക്കാരനാണ് റഷീദ്. മദ്യം ഉപയോഗിച്ചുതുടങ്ങിയാൽ വീട്ടിൽ അക്രമാസക്തനാണ്. ഇതോടെ ഭാര്യ സ്വന്തം വീട്ടിൽ പോകും. ദിവസങ്ങൾക്കുശേഷം മദ്യപാനം നിർത്തി മഹല്ലിലും രാഷ്ട്രീയനേതാക്കളെ സമീപിച്ചും ഭാര്യയെ തിരികെയെത്തിക്കാൻ ഇടപെടൽ നടത്തണമെന്ന് കെഞ്ചും.
ഭാര്യക്കും കുടുംബത്തിനും ഉറപ്പുകൾ നൽകി ഇവരെ തിരികേകൊണ്ടുവരും. പിന്നീട് മാസങ്ങളോളം സന്തുഷ്ട കുടുംബജീവിതം. മദ്യം വില്ലനാകുന്നതോടെ വീണ്ടും പഴയപടി. ഈ ഓണത്തിനുശേഷമാണ് വീണ്ടും മദ്യം ഉപയോഗിച്ചുതുടങ്ങിയത്.
നല്ല കുടുംബാന്തരീക്ഷത്തിൽ ജനിച്ചുവളർന്ന റഷീദ് മദ്യപസംഘത്തിൽ എത്തിപ്പെട്ടതോടെയാണ് ജീവിതം താളംതെറ്റിയതും കൊലപാതികത്തിൽവരെ എത്തിയതെന്നും നാട്ടുകാർ പറയുന്നു. കമ്പനിക്കുവേണ്ടി ചെറിയരീതിയിൽ മദ്യപാനം തുടങ്ങി പിന്നീട് മുഴുക്കുടിയനായി. ഭാര്യയെ കുത്തിയശേഷം റഷീദിന്റെ ആർത്തുകരച്ചിൽകേട്ടാണ് അയൽവാസികൾ വിവരമറിയുന്നത്. അടുക്കളയിൽ ചോരയിൽ കുളിച്ചുകിടക്കുന്ന ഫസീലയുടെ അടുത്തിരുന്നു ഹോസ്പിറ്റലിൽ കൊണ്ടുപോവാൻ സഹായിക്കണമെന്ന് കരഞ്ഞ് അഭ്യർഥിക്കുകയായിരുന്നു ഇയാളെന്ന് ആശുപത്രിയിലേക്ക് കാറോടിച്ച അയൽവാസി ജൈസൽ പറഞ്ഞു.
ഇവരോടൊപ്പം കാറിൽ റഷീദും കയറി. ആശുപത്രിയിലെത്തുന്നതുവരെ കരച്ചിലും വേഗതകൂട്ടാനും പറഞ്ഞിരിക്കുകയായിരുന്നു റഷീദ്.
ആയിഷ ഇതെങ്ങനെ സഹിക്കും?
ഓണാവധി കഴിഞ്ഞു സ്വന്തം വീടായ തൊടിയപ്പുലത്തുനിന്നും ഫസീല തിരികേ കാപ്പിലെ വീട്ടിലെത്തിയത് തിങ്കളാഴ്ചയാണ്.
ബുധനാഴ്ച വീട്ടിൽ മറന്നുവെച്ച മൊബൈൽ ചാർജർ മാതാവ് ആയിഷയെക്കൊണ്ട് വണ്ടൂരിലെത്തിച്ചു. ഉച്ചയ്ക്ക് രണ്ടോടടുത്ത സമയത്താണ് ഇരുവരും വണ്ടൂരിൽനിന്നും പിരിഞ്ഞത്. എന്നാൽ തൊടിയപ്പുലത്തെ വീട്ടിലെത്തുമ്പോൾ കാപ്പിലെ അയാൽവാസിയാണ് മകളെ മരുമകൻ കുത്തിയ വാർത്ത ഫോണിൽ അറിയിക്കുന്നത്. ഫസീലയുടെ പിതാവ് കുന്നുമ്മൽപൂങ്കുഴി അബ്ദു പക്ഷാഘാതം വന്നു കിടപ്പിലായിട്ട് വർഷങ്ങളായി. മറ്റൊരു സഹോദരിയും സഹോദരനും മക്കളുമായി ഈ വീട്ടിൽ മാതാപിതാക്കളോടൊപ്പമാണ്. ഉമ്മയിൽനിന്നും ചാർജർ വാങ്ങി വീട്ടിലെത്തുമ്പോഴാണ് റഷീദ് കറിയുണ്ടാക്കാത്തത് സംബന്ധിച്ച് വഴക്കുണ്ടാക്കുന്നത്.
ഭർത്താവ് ഭാര്യയെ കറിക്കത്തികൊണ്ട് കുത്തിക്കൊന്നു
വണ്ടൂർ: ഉച്ചഭക്ഷണത്തിനു കറിയുണ്ടാക്കാത്തതിൽ പ്രകോപിതനായ ഭർത്താവ് ഭാര്യയെ കറിക്കത്തികൊണ്ട് കുത്തിക്കൊന്നു. വണ്ടൂർ കാപ്പിൽ പാറശ്ശേരിയിലെ കുന്നുമ്മൽ റഷീദാണ് (48) ഭാര്യ ഫസീലയെ (38) കൊലപ്പെടുത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം. കുടുംബവഴക്കിന്റെ തുടർച്ചയായാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.
തോട്ടങ്ങൾ പാട്ടത്തിനെടുത്ത് അടയ്ക്ക വ്യാപാരം ചെയ്യുന്ന റഷീദ് മദ്യപിച്ച് വീട്ടിലെത്തിയപ്പോൾ ഭാര്യ അവിടെയുണ്ടായിരുന്നില്ല. വണ്ടൂരിൽനിന്ന് സാധനങ്ങൾ വാങ്ങി ഫസീല ഉച്ചയ്ക്ക് രണ്ടരയോടെ വീട്ടിലെത്തിയപ്പോൾ കറിയുണ്ടാക്കാത്തത് റഷീദ് ചോദ്യംചെയ്തു. വാക്കുതർക്കത്തിനിടെ അടുത്തുള്ള ഹോട്ടലിൽപ്പോയി ഇയാൾ കറി കൊണ്ടുവന്നെങ്കിലും തർക്കം തുടർന്നു. ഇതിനിടെയാണ് അടുക്കളയിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തിയത്. ബഹളംകേട്ട് അയൽവാസികളെത്തുമ്പോൾ ചോരയിൽ കുളിച്ചുകിടക്കുന്ന ഫസീലയെയാണു കണ്ടത്. ഉടനെ റഷീദിന്റെ വാഹനത്തിൽത്തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
റഷീദിന്റെ അമിത മദ്യപാനംകൊണ്ട് നിരന്തരം കുടുംബപ്രശ്‌നങ്ങളുണ്ടാകാറുണ്ടെന്നും പലതവണ പിണങ്ങിപ്പോയ ഫസീലയെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് മധ്യസ്ഥതവഹിച്ചാണ് തിരികെ കൊണ്ടുവന്നതെന്നും പോലീസ് പറഞ്ഞു. ഓണാവധിക്ക് തൊടികപ്പുലത്തെ സ്വന്തം വീട്ടിൽപ്പോയി ചൊവ്വാഴ്ചയാണ് ഫസീല മടങ്ങിയെത്തിയത്.
വണ്ടൂർ സി.ഐ. ഗോപകുമാറിന്റെയും എസ്.ഐ. എ.പി. ആഷിഫിന്റെയും നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. റഷീദിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച ഇൻക്വസ്റ്റ് നടപടികൾക്കുശേഷം പോസ്റ്റുമോർട്ടംചെയ്യും. മൂന്നു മക്കളാണ് ഇവർക്കുള്ളത്.
Content Highlights: A man in Wandoor stabbed his wife to death following an argument over lunch. Read the full details of this tragic domestic violence incident.