സുഹൃത്തിനയച്ച മെസ്സേജ് കിട്ടിയത് രാഹുലിന്; പിറ്റേദിവസം മുതൽ ഹായ്, ഹലോ; 3 കുട്ടികളെ വേണമെന്നും ആവശ്യം

#ന്യൂസ് ഡെസ്ക്
രാഹുൽ മാങ്കൂട്ടത്തിൽ | Photo: Facebook/Rahul Mamkootathil
രാഹുൽ മാങ്കൂട്ടത്തിൽ | Photo: Facebook/Rahul Mamkootathil

പത്തനംതിട്ട: നാട്ടിലുള്ള ഒരു സുഹൃത്തുവഴിയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നമ്പർ കിട്ടിയതെന്ന് 31-കാരി നൽകിയ മൊഴിയിൽ പറയുന്നു. നാട്ടിലുള്ള ഒരു സുഹൃത്താണ് രാഹുലിന്റെ നമ്പർ നൽകിയത്. അത് വെറുതേ ഫോണിൽ സേവുചെയ്തെങ്കിലും വിളിച്ചില്ല.

2019 മുതൽ കാനഡയിലാണ് ജോലിയും താമസവും. നാട്ടിലുള്ള പപ്പയ്ക്ക് മൊബൈൽഫോൺ ഓർഡർ ചെയ്യുന്നതിനായി 2023 സെപ്റ്റംബറിൽ നാട്ടിലെ ബാല്യകാല സുഹൃത്തായ മറ്റൊരു രാഹുലിന് വാട്സാപ്പുവഴി കൊറിയർ കമ്പനിയുടെ ലിങ്ക് അയച്ചുകൊടുത്തു. എന്നാൽ, സന്ദേശം മാറി രാഹുൽ മാങ്കൂട്ടത്തിലിന്റെ നമ്പറിലേക്കാണ് പോയത്. മനസ്സിലായ ഉടനെ ഇത് ഡിലീറ്റ് ചെയ്തു.

എന്നാൽ പിറ്റേദിവസംമുതൽ ഹായ്, ഹലോ എന്നിങ്ങനെ മെസേജ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നമ്പരിൽനിന്ന് വന്നുതുടങ്ങി. ക്രമേണ പരസ്പരം സംസാരിക്കാൻ തുടങ്ങി. കുടുംബകാര്യമൊക്കെ ചോദിച്ചറിഞ്ഞു. വർഷങ്ങളോളം പരിചയമുള്ളയാളെപ്പൊലെയാണ് സംസാരിച്ചത്.

വിവാഹിതയാണെന്ന് രാഹുലിനോട് പറഞ്ഞിരുന്നു. ഭർത്താവിനെക്കുറിച്ചും കുട്ടികളുണ്ടോയെന്നും ചോദിക്കുമായിരുന്നു. കുട്ടികളില്ലാത്തത് എന്തെന്ന് ചോദിച്ചപ്പോൾ ദാമ്പത്യത്തിൽ ചില പൊരുത്തക്കേടുള്ളതായി പറഞ്ഞു. അതിൽപ്പിന്നെ വിവാഹംകഴിക്കാൻ താത്പര്യമുണ്ടെന്നും ഭർത്താവിനെ ഉപേക്ഷിച്ച് ഇറങ്ങിവരാനും നിർബന്ധിച്ചു.

തനിക്ക് മൂന്നുകുട്ടികളെങ്കിലും വേണമെന്നും ‌പക്ഷേ, തിരക്കുകാരണം അവർക്കുവേണ്ടി സമയംചെലവഴിക്കാൻ സമയംകിട്ടില്ലെന്നും അവർക്ക് നല്ലൊരു അമ്മയെവേണമെന്നും രാഹുൽ പറഞ്ഞതായി യുവതി പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.

താൻ നല്ലൊരു പാർട്ണർ ആയില്ലെങ്കിലും നല്ലൊരു ഫാദർ ആയിരിക്കുമെന്നും പറഞ്ഞു. രാഹുലിന് ഈ ബന്ധം ടൈം പാസാണോയെന്ന് ചോദിച്ചപ്പോൾ നാട്ടിൽ വരുമ്പോൾ കുടുംബാംഗങ്ങളെ പരിചയപ്പെടുത്താമെന്നായിരുന്നു മറുപടിയെന്നും മൊഴിയിലുണ്ട്.

തിരുവനന്തപുരം സിറ്റി വനിതാപോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അംഗം, സബ് ഇൻസ്പെക്ടർ എ.എൽ. പ്രിയക്ക്‌ യുവതി നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങളുള്ളത്.

രാഹുൽസ്ഥിരം കുറ്റവാളി

രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരം കുറ്റവാളിയെന്ന് റിമാൻഡ് റിപ്പോർട്ട്. എംഎൽഎയും ഉന്നത രാഷ്ട്രീയബന്ധമുള്ള ആളുമായ പ്രതി അതിജീവിതയെ ഭീഷണിപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

എഫ്ഐആർ രജിസ്റ്റർചെയ്തശേഷവും രാഹുൽ അതിജീവിതമാരെ ഭീഷണിപ്പെടുത്തി കേസിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഈ കേസിലും അത് ആവർത്തിക്കാനിടയുണ്ട്. അതിജീവിതമാരെ സൈബറിടത്തിലും അവരുടെ വ്യക്തിവിവരം വെളിപ്പെടുത്തിയും അധിക്ഷേപംനടത്തിയിട്ടുണ്ട്. പ്രതിക്ക് ജാമ്യമനുവദിച്ചാൽ അതിജീവിതമാരുടെ ജീവിതം അപകടത്തിലാകാൻ സാധ്യതയുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.

അന്വേഷണവുമായി സഹകരിച്ചില്ല

രാഹുലിന്റെ ഫോണുകൾ പിടിച്ചെടുത്തെങ്കിലും സ്‌ക്രീൻ പാറ്റേണും ലോക്കും പറഞ്ഞുകൊടുത്തിട്ടില്ലെന്ന് പോലീസ്. ഒന്നിലേറെ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇവ കണ്ടെടുക്കാൻ സഹകരിക്കുന്നില്ല. ഒട്ടേറെ വീട്ടമ്മമാരെയും അവിവാഹിതകളെയും രാഹുൽ പീഡിപ്പിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘത്തിന് വിവരംലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഡിവൈഎസ്‌പി എൻ. മുരളീധരൻ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചത്.

പരാതിയും പോലീസ് നടപടിയും അതിരഹസ്യം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെപേരിൽ ലഭിച്ച ലൈംഗികപീഡന പരാതിയിൽ ഇത്തവണ സർക്കാർ ഇടപെട്ടത് അതിജാഗ്രതയോടെ. പരാതി മാധ്യമങ്ങൾക്ക് ചോരാതെ പോലീസ് നടപടിയെടുത്തത് തീർത്തും രഹസ്യമായി.

വിദേശത്തുള്ള അതിജീവിത മുഖ്യമന്ത്രിക്ക് ഒരാഴ്ച മുൻപ്‌ ഇ-മെയിൽ വഴിയാണ് പരാതി നൽകിയത്. രാഹുലിന്റെ ക്രൂരത വിവരിക്കുന്ന പരാതിക്കാരിയുടെ ശബ്ദസന്ദേശവും ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇത് പോലീസ് മേധാവിക്ക് കൈമാറുകയും മുൻ ലൈംഗികപീഡനക്കേസുകൾ അന്വേഷിച്ച എഐജി പൂങ്കുഴലിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

രാഹുൽ മാങ്കൂട്ടത്തിൽ ഒരാഴ്ചയായി അടൂരിലുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് പാലക്കാട്ടേക്ക് തിരിച്ചത്. ഈ സമയംമുതൽ രാഹുൽ പോലീസിന്റെ രഹസ്യനിരീക്ഷണത്തിലായിരുന്നുവെന്നാണ് സൂചന. മൂന്നാമത്തെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർചെയ്തതിനുപിന്നാലെയായിരുന്നു അറസ്റ്റ്.

നവംബർ 27-നാണ് രാഹുലിന്റെപേരിൽ ആദ്യപരാതി ‌സർക്കാരിന് ലഭിക്കുന്നത്. അതിജീവിത നേരിട്ട് മുഖ്യമന്ത്രിക്കുമുന്നിൽ എത്തുകയായിരുന്നു. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ മുഖ്യമന്ത്രിയുടെ മുറിയിൽ അതിജീവിത പരാതിയുമായി എത്തിയപ്പോൾത്തന്നെ വിവരം ചോർന്നു. ദൃശ്യമാധ്യമങ്ങളിൽ ബ്രേക്കിങ് ന്യൂസായി. തൊട്ടുപിന്നാലെ പരാതി ക്രൈംബ്രാഞ്ചിന് കൈമാറി.

അന്നുരാത്രിതന്നെ പരാതിക്കാരിയുടെ മൊഴിയെടുത്ത് പോലീസ് രാഹുലിനെത്തപ്പി ഇറങ്ങിയപ്പോഴേക്കും എംഎൽഎ സുരക്ഷിത ഒളിസങ്കേതത്തിലേക്ക് മാറിയിരുന്നു.

അടുത്തദിവസംതന്നെ ജാമ്യാപേക്ഷ നൽകി. ജില്ലാകോടതി ജാമ്യം നിഷേധിച്ചെങ്കിലും ഹൈക്കോടതി രാഹുലിന് അനുകൂല നിലപാടെടുത്തു.

ബെംഗളൂരു സ്വദേശിനിയുടേതായിരുന്നു രണ്ടാമത്തെ പരാതി. കെപിസിസി പ്രസിഡന്റി‌ന് ഇ-മെയിൽ വഴി പരാതി അയച്ച വിവരം അപ്പോൾത്തന്നെ ചോർന്നു. സർക്കാർ വൃത്തങ്ങൾതന്നെയായിരുന്നു വിവരം കൈമാറിയത്. മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോഴാണ് പരാതി ലഭിച്ച വിവരം കെപിസിസി സ്ഥിരീകരിച്ചത്. രണ്ട് പീഡന പരാതികളും പുറത്തുവന്നത് സർക്കാർ അറിവോടെയായിരുന്നു. ഇത്തവണ അതുണ്ടായില്ല.

Content Highlights: Allegations Surface: Kerala Woman Details Troubling Online Interaction with Rahul Mankootathil