കെ.എം.സി.സി ലോക്കറിലെ എട്ടരക്കോടി കവർന്ന സംഭവം; പ്രതികൾക്ക് ഖത്തറിൽനിന്ന് സഹായം ലഭിച്ചെന്ന് പരാതിക്കാരൻ

#ന്യൂസ് ഡെസ്ക്
പരാതിക്കാരൻ അബ്ദുൾ റഹീം
പരാതിക്കാരൻ അബ്ദുൾ റഹീം

കൊയിലാണ്ടി: ഖത്തർ കെഎംസിസി ഓഫീസിലെ ലോക്കറിൽനിന്ന് എട്ടരക്കോടി രൂപ കവർന്ന സംഭവത്തിൽ ഖത്തറിൽനിന്ന് സഹായം ലഭിച്ചെന്ന് പരാതിക്കാരൻ. നാട്ടിലെ ക്വട്ടേഷൻ സംഘത്തെ ഖത്തറിൽ കൊണ്ടുവന്നാണ് മോഷണം നടത്തിയത്. ഖത്തറിൽനിന്നുള്ള സഹായമില്ലാതെ ഇങ്ങനെയൊരു വലിയ മോഷണം നടക്കില്ല. കെഎംസിസിയിലെ ആരെങ്കിലും മോഷണംസഘത്തിലുണ്ടോയെന്ന് അറിയില്ല. പ്രതികൾ പറയുന്ന റൊട്ടോന റസാഖ് ദോഹയിൽനിന്നുള്ള ആളാണ്. റസാഖ് നേരത്തെ കെഎംസിസി അംഗമായിരുന്നുവെന്നും പരാതിക്കാരനായ പി.കെ അബ്ദുൾ റഹീം പറഞ്ഞു.

പ്രതികളിലൊരാളായ ഷാജി, ഖമറുദ്ദീൻ എന്നയാളോട് നടത്തിയ ഫോൺസംഭാഷണം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കെ.എം.സി.സിയുടെ പൈസയാണെന്ന് നമ്മളറിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കിൽ നിൽക്കില്ല. മോഷ്ടിക്കാറുണ്ട്. നല്ലത് മോഷ്ടിക്കും. കിട്ടാനുള്ള പണം വെള്ളിയാഴ്ചയ്ക്കുള്ളിൽ കിട്ടണമെന്ന് കേസിലെ പ്രതിയായ ഷാജി പറയുന്നത് ഓഡിയോയിൽ വ്യക്തമാണ്. ഇതിനിടെയാണ് റോട്ടാന റസാഖ് എന്ന പേര് പരാമർശിക്കുന്നത്.

ഖത്തർ കെ.എം.സി.സി. ഓഫീസിലെ ലോക്കറിൽനിന്ന് 31 ലക്ഷം റിയാൽ (എട്ടരക്കോടിയോളം രൂപ) കവർന്നുവെന്നാണ് കേസ്. കെഎംസിസി വൈസ് പ്രസിഡന്റാണ് പരാതിക്കാരൻ പി.കെ അബ്ദുൾ റഹീം. 

മോഷണത്തിന് പിന്നിൽ സംഘടനയിലെ അംഗങ്ങൾ തന്നെയാണെന്ന് കേസിൽ കീഴടങ്ങിയ പ്രതി പരപ്പിൽ ബാലകൃഷ്ണനും വെളിപ്പെടുത്തിയിരുന്നു. സൗജന്യവിസയും ഉയർന്ന പ്രതിഫലവും വാഗ്ദാനംചെയ്ത് തന്നെ ഖത്തറിലെത്തിക്കുകയായിരുന്നു. ഖത്തറിലെത്തിച്ചതിനുശേഷം ഒരു വില്ലയിലും ലോഡ്ജിലുമായി താമസിപ്പിച്ചെന്നും പുറത്തിറങ്ങാൻ അനുവദിച്ചില്ലെന്നും ബാലകൃഷ്ണൻ പുറത്തിറക്കിയ വീഡിയോയിൽ പറയുന്നുണ്ട്. ലോക്കർ തകർക്കാൻ നിർബന്ധിച്ചത് തന്നെ ഭീഷണിപ്പെടുത്തിയാണെന്നും അദ്ദേഹം പറയുന്നു.

2025 സെപ്റ്റംബർ 18-ന് പുലർച്ചെ നാലുമണിയോടെ ഒരു വാഹനത്തിൽ ഗ്യാസ് സിലിൻഡറും ഓക്സിജൻ സിലിൻഡറുമായി ഒരു കെട്ടിടത്തിലേക്ക് കൊണ്ടുപോയപ്പോഴാണ് അത് കെ.എം.സി.സി. ഓഫീസാണെന്ന് മനസ്സിലായതെന്നാണ് അദ്ദേഹത്തിന്റെ മൊഴി. ഇത് അറബിയുടെ വീടല്ലല്ലോയെന്നു ചോദിച്ചപ്പോൾ 'പറയുന്ന പണി ചെയ്താൽ മതി'യെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന്, ഓഫീസിലെ ലോക്കറുകൾ ഗ്യാസ് കട്ടറും കമ്പിപ്പാരയും ഉപയോഗിച്ച് തകർക്കാൻ ആവശ്യപ്പെട്ടു. എതിർത്തപ്പോൾ ഭീഷണിപ്പെടുത്തി ജോലിചെയ്യിപ്പിച്ചു.

കട്ടിങ് ജോലിക്കിടെ വെൽഡിങ് ബ്ലേഡ് പൊട്ടിത്തെറിച്ച് കണ്ണിനും ശരീരത്തിനും പരിക്കേറ്റു. ഒരാഴ്ചയോളം ഭക്ഷണം ലഭിക്കാതെ കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. ലോക്കറുകൾ തകർത്ത് പണം ബാഗുകളിലാക്കി മറ്റുള്ളവർ കൊണ്ടുപോയെന്നും പിന്നീട് അവരുടെ കൈയിലായിരുന്ന തന്റെ പാസ്പോർട്ടും 50,000 രൂപ മൂല്യമുള്ള ഖത്തർ റിയാലും കൈമാറിയശേഷം നാട്ടിലേക്ക് തിരിച്ചയച്ചെന്നുമാണ് ബാലകൃഷ്ണൻ പറയുന്നത്.

കേസിലെ ബാക്കി പ്രതികളായ കൊയിലാണ്ടി സ്വദേശി ബോംബെ ഷാജി, പയ്യോളി സ്വദേശി റാഷി, ബാവ എന്ന സ്വാലിഹ്, മമ്മളി എന്ന ഹസൻ, നിസാർ എന്നിവർ ഒളിവിലാണ്. സംഭവം നടന്നത് ഖത്തറിലായതിനാൽ അന്വേഷണം ഖത്തറിലേക്കും വ്യാപിപ്പിക്കേണ്ടിവരുമെന്നാണ് പോലീസ് നൽകുന്ന സൂചന. അതിനായി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചേക്കും.

Content Highlights: 8.5 crore rupees stolen from Qatar KMCC office locker in September 2025., Complainant PK Abdul Rahim claims inside help from Qatar for the heist., Accused Balakrishnan confesses to being forced into breaking the locker under threats., Police searching for absconding suspects including Bombay Shaji and Rashi.