ഖത്തർ KMCC-യുടെ 8 കോടി കവർന്ന കേസ്; പ്രതി ബാലകൃഷ്ണൻ ബിജെപി പ്രാദേശിക നേതാവ്

കോഴിക്കോട്: ഖത്തർ കെ.എം.സി.സി.യുടെ ഓഫീസിൽനിന്ന് എട്ടുകോടി രൂപ കവർന്ന കേസിൽ പിടിയിലായ കൊയിലാണ്ടി സ്വദേശി പരപ്പിൽ ബാലകൃഷ്ണൻ ബിജെപി പ്രാദേശിക നേതാവ്. ബിജെപി വിയൂർ ബൂത്ത് പ്രസിഡന്റുമായ ഇയാൾ കൊയിലാണ്ടി നഗരസഭ മൂന്നാം വാർഡിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
2025 സെപ്റ്റംബർ 18-നായിരുന്നു സംഭവം. പുലർച്ചെ ജീവനക്കാരനെ ബന്ധിയാക്കി, സ്ട്രോങ് റൂം തകർത്തായിരുന്നു മോഷണം. കേരളത്തിൽനിന്ന് നാലുപേരെ മോഷണത്തിനായിമാത്രം ഖത്തറിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് മോഷണംനടത്തുകയും ചെയ്തെന്നാണ് കേസ്. ബോംബെ ഷാജിയെന്ന ഷാജി, റാഷി, സ്വാലിഹ് തുടങ്ങി മൂന്ന് പ്രതികൾകൂടി കുറ്റകൃത്യത്തിൽ പങ്കാളികളാണ്. ഖത്തറിൽ ഇവർക്ക് സഹായംചെയ്തുകൊടുത്ത മറ്റു രണ്ടുപേർകൂടിയുണ്ടെന്നാണ് പോലീസ് പറയുന്നത്. പിടിയിലായ ബാലകൃഷ്ണനെ പോലീസ് ചോദ്യംചെയ്തുവരികയാണ്.
മോഷണം നടന്ന് ഒരുവർഷം കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട് പരാതി നൽകാൻ കെ.എം.സി.സി. നേതൃത്വം തയ്യാറായില്ലെന്നത് വലിയ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. മാത്രമല്ല, ഖത്തർ കെ.എം.സി.സി.യിലെ ചിലർ ഇതിനെതിരേ പരസ്യമായി രംഗത്തുവരികയും ലീഗ് നേതൃത്തിന് ഒളിച്ചുകളിയുണ്ടെന്ന് ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സംഘടനയുടെ വൈസ് പ്രസിഡന്റ് കൊയിലാണ്ടി പോലീസിൽ പരാതിനൽകിയത്. ആ പരാതിയിൽ കേസെടുക്കുകയും തുടർന്ന് അറസ്റ്റിലേക്ക് നീങ്ങുകയുമായിരുന്നു.