പ്രിയ വർഗീസിന്റെ നിയമനം: സുപ്രീംകോടതിയിൽ നിർണായക നീക്കവുമായി കണ്ണൂർ സർവകലാശാല; ഇനി പുതിയ അഭിഭാഷകൻ

#ബി. ബാലഗോപാൽ | മാതൃഭൂമി ന്യൂസ്
പ്രിയ വര്‍ഗീസ് | Photo:facebook.com/priya.varghese.5492
പ്രിയ വര്‍ഗീസ് | Photo:facebook.com/priya.varghese.5492

ഡൽഹി: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാകേഷിന്റെ ഭാര്യ പ്രിയാ വർഗീസിന്റെ കണ്ണൂർ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല. കേസ് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ, നിലവിലുണ്ടായിരുന്ന അഭിഭാഷകരെ മാറ്റി സർവ്വകലാശാല പുതിയ നിയമോപദേശകരെ നിയോഗിച്ചു. പ്രിയാ വർഗീസിന് അനുകൂലമായി നേരത്തെ സ്വീകരിച്ചിരുന്ന നിലപാടിൽ നിന്ന് സർവ്വകലാശാല പിന്നോട്ടുപോകുമെന്നാണ് സൂചന.

കേസിൽ സംസ്ഥാന സർക്കാരിന് വേണ്ടിയും നാളെ പുതിയ അഭിഭാഷകരായിരിക്കും സുപ്രീം കോടതിയിൽ ഹാജരാകുക. കണ്ണൂർ സർവ്വകലാശാലയുടെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന്റെ നിയമനം മുൻപ് കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ശരിവെച്ചിരുന്നു. ഇതിനെതിരായ അപ്പീൽ ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നാളെ പരിഗണിക്കുന്നത്.

ഇതുവരെ സിപിഎം നേതാവ് കെ.കെ. രാകേഷിന്റെ വിശ്വസ്തനായ അഡ്വ. കെ.ആർ. സുഭാഷ് ചന്ദ്രനായിരുന്നു സർവ്വകലാശാലയ്ക്ക് വേണ്ടി ഹാജരായിരുന്നത്. എന്നാൽ ഇദ്ദേഹത്തെ അടിയന്തരമായി മാറ്റിക്കൊണ്ട് കഴിഞ്ഞ ദിവസം കണ്ണൂർ സർവ്വകലാശാല രജിസ്ട്രാർ ഉത്തരവിറക്കുകയായിരുന്നു. പകരം സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസിലായ പി.എസ്. സുൽഫീഖർ അലിയെ പുതിയ അഭിഭാഷകനായി ചുമതലപ്പെടുത്തി.

പ്രിയ വർഗീസിന് നിയമനത്തിന് ആവശ്യമായ യോഗ്യതയുണ്ടെന്നും നിയമന പ്രക്രിയ സുതാര്യമാണെന്നും വ്യക്തമാക്കി സർവ്വകലാശാല നേരത്തെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. എന്നാൽ പുതിയ നീക്കത്തിലൂടെ ഈ നിലപാട് പൂർണമായും തിരുത്താനാണ് സർവ്വകലാശാല ഒരുങ്ങുന്നത്. പ്രിയ വർഗീസിന് ആവശ്യമായ യോഗ്യതയില്ലെന്ന നിലപാടാകും സർവ്വകലാശാല ഇനി സുപ്രീം കോടതിയെ അറിയിക്കുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കേസിൽ സർവ്വകലാശാലയുടെ നിലപാട് അത്യന്തം നിർണായകമായതിനാൽ, പുതിയ അഭിഭാഷക നിയമനവും നിലപാട് മാറ്റവും പ്രിയാ വർഗീസിന്റെ നിയമനത്തിന്റെ ഭാവി തന്നെ പ്രതിസന്ധിയിലാക്കിയേക്കാം. 

Content Highlights: Kannur University has replaced its legal advisors ahead of a Supreme Court hearing regarding Priya Varghese's appointment as an Associate Professor, indicating a shift from its previous supportive stance. The university plans to argue that Priya Varghese lacks the necessary qualifications, contrary to its earlier affidavit supporting her appointment.