പയ്യോളിയിൽ 13-കാരിയെ പീഡിപ്പിച്ച പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം; ദുരൂഹത ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം

കോഴിക്കോട്: പയ്യോളിയിൽ 13-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിലാവാതെ ജാമ്യത്തിലിറങ്ങിയ സംഭവം വിവാദമാകുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടും വടകര ചങ്ങരോത്ത് സ്വദേശിയും വ്യവസായിയുമായ അബ്ദുൽ റഫീഖാണ് ഒരു ദിവസം പോലും പോലീസ് കസ്റ്റഡിയിലാകാതെ പുറത്തിറങ്ങിയത്. സംഭവത്തിൽ ദുരൂഹതയാരോപിച്ച് പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതിയുടെ വീടിനു മുന്നിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഇരയായ കുട്ടിക്ക് അർഹമായ നീതി നിഷേധിക്കപ്പെട്ടെന്നും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും നിഷ്ക്രിയത്വവുമാണ് പ്രതിക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കാൻ വഴിയൊരുക്കിയതെന്നുമാണ് ഉയരുന്ന ആരോപണം.
രണ്ടു വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വന്തം വീട്ടിൽ വെച്ച് കുട്ടിയുടെ മാതാവിന്റെ സുഹൃത്തായ അബ്ദുൽ റഫീഖ് പെൺകുട്ടിയെ ലൈംഗികമായി പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയുടെ മാതാവും ഇതിന് കൂട്ടുനിന്നു. കത്തി കാട്ടി ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും രണ്ടു വർഷത്തോളമാണ് ഇയാൾ പെൺകുട്ടിയെ ചൂഷണം ചെയ്തത്. കുട്ടി പഠനത്തിൽ ഏറെ പിന്നോക്കം പോയതിനെ തുടർന്ന് സ്കൂൾ അധികൃതർ കുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കിയപ്പോഴാണ് വിവരങ്ങൾ പുറത്തറിയുന്നത്. സ്കൂൾ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പത്തു മാസം മുൻപ് പയ്യോളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പോക്സോ കേസിൽ അബ്ദുൽ റഫീഖിനെ ഒന്നാം പ്രതിയും കുട്ടിയുടെ മാതാവിനെ രണ്ടാം പ്രതിയുമാക്കി കേസെടുത്തു. തുടർന്ന് മാതാവിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തെങ്കിലും പിന്നീട് ഇവർക്ക് ജാമ്യം ലഭിച്ചു. എന്നാൽ ഒന്നാം പ്രതിയായ അബ്ദുൽ റഫീഖ് ഇതിനിടെ വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു.
പ്രതി വിദേശത്തേക്ക് കടന്ന സമയത്ത്, ഇയാൾക്കെതിരെ അബ്സ്കൗണ്ടിങ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും നെടുമ്പാശ്ശേരി ഉൾപ്പെടെ രാജ്യത്തെ ഏത് വിമാനത്താവളത്തിൽ ഇറങ്ങിയാലും അപ്പോൾ തന്നെ കൈയോടെ അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു പോലീസ് കുടുംബത്തിന് നൽകിയ ഉറപ്പ്. എന്നാൽ, ഒരു മാസം മുൻപ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി പ്രതി നാട്ടിൽ തിരിച്ചെത്തിയിട്ടും പയ്യോളി പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ തയ്യാറായില്ലെന്നാണ് ആരോപണം. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ അനാസ്ഥയാണ് കേസിൽ പ്രതിക്ക് ജാമ്യം നേടാൻ വഴിയൊരുക്കിയതെന്നും കുടുംബവും നാട്ടുകാരും ആരോപിക്കുന്നു.
എന്നാൽ ആരോപണങ്ങൾ പയ്യോളി പോലീസ് നിഷേധിച്ചു. പ്രതി നാട്ടിലെത്തിയപ്പോൾ, കേസിനെ കുറിച്ച് പോലീസിനോട് ഒന്നും ചോദിക്കാതെ കോടതി നേരിട്ട് പ്രതിയെ വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അബ്ദുൽ റഫീഖ് ഒളിവിൽ പോയ സമയത്ത് തന്നെ തങ്ങൾ അബ്സ്കൗണ്ടിങ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
വിഷയത്തിൽ നാട്ടുകാരും ബാലാവകാശ പ്രവർത്തകരും ചേർന്ന് വടകരയിലുള്ള പ്രതിയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നും ഇയാളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കുടുംബവും നാട്ടുകാരും വടകര റൂറൽ എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ, പ്രതിയുടെ ജാമ്യം റദ്ദാക്കി അറസ്റ്റ് രേഖപ്പെടുത്തുന്നതിനായി വൈകാതെ തന്നെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പയ്യോളി പോലീസ് ഇപ്പോൾ വ്യക്തമാക്കുന്നത്.
Content Highlights: Locals and the victim's family staged a protest in Payyoli, Kozhikode, after the primary accused in a POCSO case involving a 13-year-old girl secured bail without a single day in police custody, alleging police apathy.