പത്ത് അനാക്കോണ്ടകളുമായി യാത്രക്കാരൻ പിടിയിൽ

പിടിച്ചെടുത്ത അനാക്കോണ്ടകൾ
പിടിച്ചെടുത്ത അനാക്കോണ്ടകൾ

ബെംഗളൂരു: ലഗേജില്‍ ഒളിച്ചുകടത്താന്‍ ശ്രമിച്ച 10 മഞ്ഞ അനാക്കോണ്ടകളുമായി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയിലായി. ബാങ്കോക്കില്‍നിന്നെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. അനാക്കോണ്ടകളെ ആര്‍ക്കു കൈമാറാനാണ് ലക്ഷ്യമിട്ടിരുന്നതെന്നറിയാന്‍ ഇയാളെ ചോദ്യം ചെയ്യുകയാണ്.

ജലാശയങ്ങളോട് ചേർന്ന് കാണപ്പെടുന്ന പാമ്പാണ് മഞ്ഞ അനാക്കോണ്ട. പരാഗ്വേ, ബൊളീവിയ, ബ്രസീൽ, അർജന്റീനയുടെ വടക്കു കിഴക്കുഭാഗം, വടക്കൻ യുറഗ്വായ് എന്നിവിടങ്ങളിലാണ് ഇത്തരം പാമ്പുകൾ സാധാരണയായി കാണപ്പെടുന്നത്.

കഴിഞ്ഞവർഷം ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരിൽനിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ 234 വന്യമൃഗങ്ങളെ രക്ഷപ്പെടുത്തിയിരുന്നു. ബാങ്കോക്കിൽനിന്ന് വന്ന യാത്രക്കാരനിൽനിന്ന് കംഗാരുക്കുഞ്ഞിനെയും കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക് പെട്ടിയിലായിരുന്ന കുഞ്ഞ് ശ്വാസംമുട്ടി ചത്ത നിലയിലായിരുന്നു.

Content Highlights: Man packs 10 live anacondas in suitcase from Bangkok to Bengaluru caught at airport